യുഡിഎഫ് നില മെച്ചപ്പെടുത്തി
Published : Sunday,
May 15,
2011
മലപ്പുറം
ജില്ലയില്‍ വിജയിച്ച 14 മണ്ഡലങ്ങളില്‍ ഒമ്പതിലും കഴിഞ്ഞ ലോക്സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കാള്‍ ഭൂരിപക്ഷം വര്‍ധിക്കാന്‍ യുഡിഎഫിനു കഴിഞ്ഞു. മൂന്നു മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞു. രണ്ടു മണ്ഡലങ്ങളില്‍ ലോക്സഭയിലേക്കു നേടിയ ഭൂരിപക്ഷം വര്‍ധിപ്പിച്ചെങ്കിലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നേടിയതിന് അടുത്തെത്താനായില്ല. കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, വേങ്ങര, കോട്ടക്കല്‍, തിരൂരങ്ങാടി, തിരൂര്‍, വള്ളിക്കുന്ന്, വണ്ടൂര്‍ മണ്ഡലങ്ങളിലാണു ഭൂരിപക്ഷം വര്‍ധിപ്പിച്ചത്. താനൂര്‍, നിലമ്പൂര്‍, ഏറനാട് മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞു.
മങ്കടയിലും, പെരിന്തല്‍മണ്ണയിലും ലോക്സഭ തെരഞ്ഞെടുപ്പിലേക്കാന്‍ നില മെച്ചപ്പെടുത്തിയെങ്കിലും പഞ്ചായത്തിലേക്കു ലഭിച്ച അത്ര നേടാനായില്ല. മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിയോജക മണ്ഡലങ്ങളാണു കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നിവ. വണ്ടൂര്‍ നിയോജക മണ്ഡലം വയനാട് ലോക്സഭാ മണ്ഡലത്തിലാണ്. കോട്ടക്കല്‍ തിരൂരങ്ങാടി, തിരൂര്‍ എന്നിവ പൊന്നാനി ലോക്സഭാ മണ്ഡലത്തിലും.
2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മുസ്്ലിം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന ഇ. അഹമ്മദിന് 19330 വോട്ടിന്‍റെ ഭൂരിപക്ഷമാണ് കൊണ്ടോട്ടി നല്‍കിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടിയില്‍ യുഡിഎഫ് 21627 വോട്ടിന് മുന്നിലായിരുന്നു. എന്നാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് എ. മുഹമ്മദുണ്ണി ഹാജിക്ക് മണ്ഡലം നല്‍കിയത്. 28149 വോട്ടിനാണ് മുഹമ്മദുണ്ണി ഹാജി വിജയിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 23875 വോട്ടിനും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ 27108 വോട്ടിനും മഞ്ചേരി മണ്ഡലത്തില്‍ യുഡിഎഫ് മുന്നിലായിരുന്നു. ഈ നിയമസഭ തെരഞ്ഞെടുപ്പിലിത് 29079 വോട്ടായി വര്‍ധിച്ചു. 23856 വോട്ടിന് ലോക്സഭ തെരഞ്ഞെടുപ്പിലും, 22871 വോട്ടിനു തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും വേങ്ങര മണ്ഡലത്തില്‍ മുന്നിലായിരുന്ന യുഡിഎഫിനു നിയമസഭാ തെരഞ്ഞെടുപ്പില്‍ 38237 വോട്ടിന്‍റെ ഭൂരിപക്ഷമാണു പി.കെ. കുഞ്ഞാലിക്കുട്ടിക്കു നല്‍കിയത്. മലപ്പുറം നിയമസഭാ മണ്ഡലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 23875 വോട്ടിനായിരുന്ന യുഡിഎഫ് സ്ഥാനാര്‍ഥി മുന്നിലെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 27108 വോട്ടിനും യുഡിഎഫ് മുന്നിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലം പി. ഉബൈദുള്ളയ്ക്ക് 44508 വോട്ടിന്‍റെ റെക്കോഡ് ഭൂരിപക്ഷം നല്‍കി.
പുതുതായി രൂപീകരിച്ച വള്ളിക്കുന്ന് നിയോജകമണ്ഡലത്തില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 12946 വോട്ടിനായിരുന്നു യുഡിഎഫ് മുന്നിട്ടുനിന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ 16442 വോട്ടിന്‍റെ ഭൂരിപക്ഷവും മണ്ഡലം നല്‍കി. എന്നാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ 18122 വോട്ടിനാണു കെ.എന്‍.കെ. ഖാദര്‍ നിയമസഭയിലേക്കയച്ചത്. പൊന്നാനി ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട കോട്ടക്കല്‍, തിരൂരങ്ങാടി, തിരൂര്‍ മണ്ഡലങ്ങളിലും ഭൂരിപക്ഷം വര്‍ധിപ്പാക്കാന്‍ യുഡിഎഫിനായി. കോട്ടക്കലില്‍ സമദാനി 35902 വോട്ടിന്‍റെ ഭൂരിപക്ഷം നേടി. ലോക്സഭ-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ ഇത് യഥാക്രമം 20549, 24768 എന്നിങ്ങനെയായിരുന്നു.
തിരൂരില്‍ 23566 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണു സി. മമ്മൂട്ടി വിജയിച്ചത്. ലോക്സഭ- പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ 22824-17514 വോട്ടിന്‍റെ ഭൂരിപക്ഷമാണു യുഡിഎഫ് തിരൂരില്‍ നേടിയിരുന്നത്. തിരൂരങ്ങാടിയിലും യുഡിഎഫ് വന്‍മുന്നേറ്റമുണ്ടാക്കി. ലോക്സഭ- പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ യഥാക്രമം 21353-24299 വോട്ടുകള്‍ക്കാണു യുഡിഎഫ് മുന്നിലെത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 30208 വോട്ടായി ഉയര്‍ന്നു. വയനാട് ലോക്സഭ മണ്ഡലത്തില്‍പ്പെട്ട വണ്ടൂരും യുഡിഎഫ് ഭൂരിപക്ഷം കുത്തനെ ഉയര്‍ന്നു. ലോക്സഭ- പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 19403- 12865 വോട്ടിനായിരുന്നു യുഡിഎഫ് മുന്നിലെത്തിയത്. എന്നാല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എ.പി. അനില്‍കുമാര്‍ 28919 വോട്ടിന്‍റെ ഭൂരിപക്ഷം നേടി.
വയനാട് ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട നിലമ്പൂരും, ഏറനാടും ഭൂരിപക്ഷം കുറയുകയാണു ചെയ്തത്. നിലമ്പൂരില്‍ ആര്യാടന്‍ മുഹമ്മദിന്‍റെ ഭൂരിപക്ഷം 5598 വോട്ടാണ്. ലോക്സഭ- പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 21414- 9937 വോട്ടുകളുടെ ഭൂരിപക്ഷം മണ്ഡലത്തിലുണ്ടായിരുന്നു. 11246 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണു മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പി.കെ. ബഷീര്‍ വിജയിച്ചത്. ലോക്സഭ - പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇത് 24049-14384 വോട്ടുകളായിരുന്നു. താനൂരിലും യുഡിഎഫ് ഭൂരിപക്ഷം കുറഞ്ഞു. 9433 വോട്ടിനാണ് അബ്്ദുറഹ്മാന്‍ രണ്ടത്താണി വിജയിച്ചത്. ലോക്സഭ-പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ യുഡിഎഫ് മുന്നിലെത്തിയത് യഥാക്രമം 14217-17178 വോട്ടുകള്‍ക്കാണ്. മങ്കട, പെരിന്തല്‍മണ്ണ മണ്ഡലങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കാന്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന അത്ര നേടാനായില്ല.
Close...
Maximum Character Allowed -
4000