ശരണ്യാമ്മ താന്‍ ഹീറോ
Published : Sunday,
May 22,
2011
എണ്‍പതുകളുടെ അവസാനമായിരുന്നു അത്. മണിരത്നവും കമല്‍ഹാസനും ഒന്നിക്കുന്ന ചിത്രം, നായകന്‍. മുംബൈ അധോലോകം അടക്കി വാണിരുന്ന വരദരാജന്‍ മുതലിയാരുടെ ജീവിതത്തോടു സാമ്യമുള്ള വേലു നായ്ക്കര്‍ എന്ന കഥാപാത്രമായി കമല്‍. മുംബൈയിലെ ചേരിയില്‍ ജീവിക്കുന്ന വേലു എന്ന ചെറുപ്പക്കാരനില്‍ നിന്നാണ് കഥ തുടങ്ങുന്നത്. സുഹൃത്തു നിര്‍ബന്ധിക്കുമ്പോള്‍ ഒരിക്കല്‍ റെഡ്സ്ട്രീറ്റില്‍ പോകുന്നു. മുറിയില്‍ കടന്ന് വേലു വാതില്‍ അടയ്ക്കുന്നു. ആ അരണ്ട വെളിച്ചത്തില്‍ പരിഭ്രമിച്ച ശബ്ദം മാത്രം,
നീങ്ക തമിഴാ?
ഉങ്കക്കിട്ടെ കൊഞ്ചം കേക്കണം
ഒരു മണിക്ക് വിട്ടിടുവിങ്കളാ
നാളെ കണക്കു പരീക്ഷ...
പിറ്റേന്നത്തെ അരപ്പരീക്ഷയെക്കുറിച്ചു ടെന്‍ഷനടിക്കുന്ന പത്താം ക്ലാസുകാരിയുടെ പരിഭ്രമിച്ച മിഴികളില്‍ തമിഴ് സിനിമ ഒരു പുതിയ നായികയെ കണ്ടെത്തുകയായിരുന്നു. ശരണ്യ...ഇപ്പോള്‍ ശരണ്യ പൊന്‍വണ്ണന്‍. 1987ലെ നായകനില്‍ നിന്ന് ഇരുപത്തിനാലു വര്‍ഷത്തിനു ശേഷം തെന്‍മേര്‍ക്കു പരുവക്കാറ്റ് എന്ന ചിത്രത്തിലെത്തുമ്പോള്‍ ഇന്ത്യയിലെ മികച്ച നടി. തമിഴ് സ്ക്രീനിലെ ഹൈയസ്റ്റ് പെയ്ഡ് അമ്മ എന്നു വിശേഷണം.
നീയൊരു കാതല്‍ സംഗീതം...എന്ന ഇളയരാജ സംഗീതത്തിന്‍റെ പശ്ചാത്തലത്തില്‍ കമലിനെ പ്രണയിച്ച് മുംബൈ നഗരത്തിലൂടെ നടക്കുന്ന നിഷ്ക്കളങ്കയായ ആ പെണ്‍കുട്ടിയെ തമിഴകം ശ്രദ്ധിച്ചു. അന്നത്തെ നായികമാരുടെ പതിവു സ്റ്റൈല്‍ അല്ല. ഗ്രാമത്തില്‍ അയല്‍പക്കത്തു താമസിക്കുന്ന പെണ്‍കുട്ടി എന്നു തോന്നും. നായകന്‍ വന്‍ ഹിറ്റ്. പിന്നെ തുടര്‍ച്ചയായി സിനിമകള്‍ തേടിയെത്തി ശരണ്യയെ. മലയാളത്തിലെ ആദ്യകാല സംവിധായകരില്‍ ഒരാളായ എ. ബി. രാജിന്‍റെ മകള്‍ എന്നാല്‍ വളരെ ശ്രദ്ധയോടെയാണ് കഥാപാത്രങ്ങളെ തെരഞ്ഞെടുത്തത്. ധാരാളം സിനിമ കിട്ടുമെങ്കില്‍ അല്‍പ്പം ഗ്ലാമറസ്സാവാനും മടിയില്ല, എന്ന നയമായിരുന്നില്ല ശരണ്യക്ക്. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനായിരുന്നു മോഹം.
സകലകലാ സമ്മന്തി, അഞ്ജലി. വണക്കം വാത്തിയാരേ, അഗ്നിപാര്‍വേ, കറുത്തമ്മ...ഒരുപാടു ചിത്രങ്ങളില്‍ അഭിനിയക്കാതെ, ചെയ്യുന്നത് കഥാപാത്രങ്ങള്‍ എന്ന വഴിക്ക് ശരണ്യ നീങ്ങി. മലയാളത്തില്‍ അര്‍ഥം എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആട്ടവും പാട്ടുമില്ലാത്ത നായിക. പിന്നെ ആകാശക്കോട്ടയിലെ സുല്‍ത്താന്‍, ആനവാല്‍ മോതിരം തുടങ്ങിയ ചിത്രങ്ങളും. അടുത്തിടെ കളേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും തിരിച്ചു വരവ്. 1995ല്‍ പശുംപൊണ്‍ എന്ന ചിത്രത്തിനു ശേഷമാണ് വിവാഹം. സംവിധായകനും നടനുമായ പൊന്‍വണ്ണനുമായി. പിന്നെ എട്ടു വര്‍ഷത്തോളം വീട്ടമ്മ. കുട്ടികളെ നോക്കി വീട്ടിലിരുന്നു. പാചകം, തയ്യല്‍ തുടങ്ങിയ താത്പര്യങ്ങളില്‍ ഒതുങ്ങിക്കൂടി. പൊന്‍വണ്ണനൊപ്പം താനും അഭിനയ രംഗത്തു നിന്നാല്‍ കുട്ടികളുടെ കാര്യം പ്രശ്നമാവും എന്ന ചിന്തയ്ക്കാണ് ഇക്കാലത്തു താന്‍ പ്രാധാന്യം നല്‍കിയതെന്നു പറയുന്നു ശരണ്യ. 2003 വരെ കാര്യങ്ങള്‍ ഇങ്ങനെ പോയി.
സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് തമിഴ് സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങിയത്. അതു മിക്കവാറും കോമഡി റോളുകളുമായിരുന്നു. തമിഴകത്തെ വീടുകളില്‍ പ്രിയ താരമായി ശരണ്യ മാറി. അമീറിന്‍റെ റാം, ചേരന്‍റെ തവമൈ തവമിരുന്തു എന്നീ ചിത്രങ്ങളിലൂടെ വീണ്ടും സിനിമയിലേക്ക്. മുപ്പത്തിമൂന്നാമത്തെ വയസിലാണ് ശരണ്യയുടെ തിരിച്ചു വരവ്. അമ്പതു കഴിഞ്ഞവരും ഏറിയാല്‍ ചേച്ചിറോള്‍ വരെ എന്നു നയം വ്യക്തമാക്കിയ കാലത്ത് ശരണ്യയെപ്പോലൊരു നടിയെ കാത്തിരിക്കുകയായിരുന്നു തമിഴ് സിനിമ. കിട്ടിയതെല്ലാം മികച്ച റോളുകള്‍. ഇടവേളക്കാലത്ത് ശരണ്യ എന്ന നടി കുറച്ചു കൂടി പാകപ്പെടുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം. അലൈ, ശിവകാശി, സിങ്കക്കുട്ടി, കുരുവി, റെഡി, യാവരും നലം...തമിഴ് സിനിമയില്‍ മോസ്റ്റ് വാണ്ടഡ് അമ്മയായി ശരണ്യ മാറി എന്നു പറയുന്നു ക്രിട്ടിക്കുകള്‍. ടെക്നിക്കലായി മാറിക്കൊണ്ടിരിക്കുന്ന തമിഴ് സിനിമയില്‍ അമ്മയുടെ സ്നേഹം നിലനിര്‍ത്തുന്നു ശരണ്യ എന്നു പറയുന്നു ചിലര്‍. കഴിഞ്ഞ വര്‍ഷം പത്തു ചിത്രങ്ങളിലാണ് അഭിനിയിച്ചത്. കളവാണിയിലെ ലക്ഷ്മി രാമസ്വാമി എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
സീനു രാമസ്വാമി സംവിധാനം ചെയ്ത തെന്‍മേര്‍ക്കു പരുവക്കാറ്റ് എന്ന ചിത്രത്തിലെ വീരായി എന്ന അമ്മ കഥാപാത്രത്തിലൂടെ ശരണ്യ ദേശീയ പുരസ്കാരം നേടുമ്പോള്‍ എല്ലാ അമ്മമാര്‍ക്കും ഇതു സമര്‍പ്പിക്കുന്നു എന്നാണ് പ്രതികരണം. സിനിമ കണ്ടവരെല്ലാം പറഞ്ഞിരുന്നു എനിക്ക് അവാര്‍ഡു കിട്ടുമെന്ന്. എന്‍റെ അഭിനയം അന്നേ എല്ലാവരും നന്നായി വിലയിരുത്തിയിരുന്നു എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്, ശരണ്യ പറയുന്നു. മകനെ വളര്‍ത്തിക്കൊണ്ടു വരാന്‍ കഷ്ടപ്പെടുന്ന വിധവയാണ് വീരായി.
അമ്മ റോളുകളില്‍ ടൈപ്പായിപ്പോകുന്നു എന്നു തോന്നുന്നുണ്ടോ എന്നു ചോദിച്ചാല്‍ അമ്മ റോളുകള്‍ക്ക് എന്താ കുഴപ്പം എന്നാണ് മറുചോദ്യം. എന്‍റെ മക്കള്‍ക്കും അവരുടെ മക്കള്‍ക്കും ഒപ്പമിരുന്നു കാണാന്‍ പറ്റിയ ചിത്രങ്ങള്‍ അതാണ് എന്‍റെ മനസില്‍...
തെന്‍മേര്‍ക്കു പരുവക്കാറ്റ് കണ്ടിറങ്ങിയ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞതിങ്ങനെ, ഇന്ത പടത്തിക്ക് ശരണ്യാമ്മ താന്‍ ഹീറോ. ഇപ്പടി ഒരു തായ് കെടക്കറ്തിക്ക് റൊമ്പ കൊടുത്തുവച്ച്റിക്കണം...
Close...
Maximum Character Allowed -
4000