Wednesday, May 23, 2012   8:09 AM IST
Vaartha BlogRSS
Loading
സ്വതന്ത്രര്‍ക്കു മുന്നറിയിപ്പ്
Published : Friday, June 10, 2011
|
  
Text Size
ബീജിങ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരായി മത്സരിക്കരുതെന്നു ചൈനയിലെ ജനങ്ങള്‍ക്കു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്നറിയിപ്പ. നാഷനല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവ് പീപ്പിള്‍ ഡെയ്ലിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണു മുന്നറിയിപ്പു നല്‍കിയത്.

പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചൈനീസ് ഭരണഘടന അനുമതി നല്‍കുന്നുണ്ട്. എന്നാല്‍ കമ്യൂണിസ്റ്റ് സര്‍വാധിപത്യം നിലനില്‍ക്കുന്ന ചൈനയില്‍ പാര്‍ട്ടി പിന്തുണയില്ലാത്ത സ്ഥാനാര്‍ഥികള്‍ വിജയിക്കുന്നത് അപൂര്‍വം. എങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഏതാനും സ്വതന്ത്രര്‍ വിജയിച്ചിരുന്നു. ഇങ്ങനെ വിജയിച്ചു വരുന്നവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ച അനുഭവവുണ്ട്.

രാഷ്ട്രീയ പരിഷ്കരണത്തിനു ദാഹിക്കുന്ന ജനങ്ങള്‍ സ്വതന്ത്രരുടെ പിന്നില്‍ അണിനിരന്നു പാര്‍ട്ടി സര്‍വാധിപത്യത്തെ ചോദ്യം ചെയ്യുമെന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭീതിയാണു മുന്നറിയിപ്പിനു കാരണം. ഇത്തവണ കൂടുതല്‍ സ്വതന്ത്രര്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യുമെന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി ഭയക്കുന്നു. അതൊഴിവാക്കാനാണു തെരഞ്ഞെടുപ്പിനു മുമ്പുതന്നെ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയത്. സ്വതന്ത്രനായി മത്സരിക്കുന്നതിനു നിയമമില്ലെന്നു ലേഖനം മുന്നറിയിപ്പു നല്‍കുന്നു.

പ്രാദേശിക തെരഞ്ഞെടുപ്പില്‍ സ്വതന്ത്രരെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രചാരണം ഇന്‍റര്‍നെറ്റ് വഴി ചൈനയില്‍ നടക്കുന്നുണ്ട്.

അറബ് രാജ്യങ്ങളിലെ ജനകീയ പ്രക്ഷോഭങ്ങളുടെ വാര്‍ത്തകള്‍ ചൈനയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിടുന്നില്ല. എങ്കിലും, ആധുനിക സമ്പര്‍ക്ക മാധ്യമങ്ങള്‍ വഴി കുറേയൊക്കെ വിവരങ്ങള്‍ ജനങ്ങള്‍ അറിയുന്നുണ്ട്. വിമതന്‍ ലിയു സിയവാബോയ്ക്കു നൊബേല്‍ പുരസ്കാരം ലഭിച്ച കാര്യം ചൈനീസ് മാധ്യമങ്ങള്‍ തമസ്കരിച്ചെങ്കിലും ഒരുവിഭാഗം ചൈനക്കാര്‍ അക്കാര്യം അറിഞ്ഞു കഴിഞ്ഞു.

മുന്‍ തെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്രര്‍ക്കെതിരേ കണ്യൂണിസ്റ്റ് പാര്‍ട്ടി ഔദ്യോഗികമായി രംഗത്തിറങ്ങിയിരുന്നില്ല. എന്നാല്‍, മാറിയ സാഹചര്യത്തില്‍ സ്വതന്ത്രര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കു ഭീഷണി ഉയര്‍ത്തുമെന്ന് ആശങ്കയുണ്ട്.
Rate This News :
Latest News