സ്കൂളുകളില്‍ മോശം സാഹചര്യം; കുട്ടികള്‍ രോഗികളാകുന്നു
Published : Saturday,
June 18,
2011
തൃശൂര്‍
സ്കൂളുകളിലെ അശാസ്ത്രീയ അധ്യാപന രീതികള്‍ ജില്ലയി ലെ വിദ്യാര്‍ഥികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകുന്നെന്ന് റിപ്പോര്‍ട്ട്. മാനസിക-ശാരീരിക പ്രശ്നങ്ങളുമായി ശിശുരോഗ വിദഗ്ധരെ തേടിയെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്നാണ് ഇന്ത്യന്‍ അക്കാഡമി ഒഫ് പീഡിയാട്രിക്സ് (ഐഎപി) റിപ്പോര്‍ട്ടില്‍ പറയുന്നത്.
കുട്ടികള്‍ക്കു പഠനത്തിലുള്ള താത്പര്യം നഷ്ടപ്പെടുന്നതിന്‍റെ യഥാര്‍ത്ഥ കാരണം സ്കൂളുകളിലെ അനാരോഗ്യകരമായ സംവിധാനങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിദ്യാലയങ്ങളിലെ ടൊയ്ലറ്റുകളുടെ അഭാവം കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. 60 കുട്ടികള്‍ക്ക് ഒരു യൂറിനലും 100 കുട്ടികള്‍ക്ക് ഒരു കക്കൂസും വേണമെന്നാണു ചട്ടം. ഇതു പാലിക്കപ്പെടുന്നില്ല. മാത്രമല്ല മിക്കവാറും സ്കൂളുകളിലെ ടോയ്ലറ്റുകള്‍ വൃത്തിയാക്കാറില്ല. ഇതുമൂലം കുട്ടികള്‍ ടോയ്ലറ്റില്‍ പോകാന്‍ വിമുഖത കാട്ടുന്നു. ഈ പ്രവണത ആരോഗ്യപ്രശ്നങ്ങളിലേക്കാണു കുട്ടികളെ നയിക്കുന്നത്. പെണ്‍കുട്ടികളിലാണ് ആരോഗ്യപ്രശ്നങ്ങള്‍ കൂടുതലായുണ്ടാകുന്നത്. മൂത്രത്തില്‍ പഴുപ്പു ബാധിച്ച വിദ്യാര്‍ഥിനികളുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. വൃക്കരോഗങ്ങളും പെണ്‍കുട്ടികളില്‍ കണ്ടു വരുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുട്ടികള്‍ സ്കൂളില്‍ പോകാന്‍ മടിക്കുന്നതിനു പിന്നില്‍ ടോയ്ലറ്റുകളുടെ ശോചനീയാവസ്ഥയ്ക്കുള്ള പങ്ക് വളരെ വലുതാണ്.
അധ്യാപകര്‍ നല്‍കുന്ന അമിത ശിക്ഷയാണു മറ്റൊരു പ്രശ്നം. പരുക്കന്‍ അധ്യാപന രീതികള്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. സ്കൂളുകളില്‍ ഒരുകാരണവശാലും ശിക്ഷ നല്‍കാന്‍ പാടില്ല. കഠിന ശിക്ഷകള്‍ കുട്ടികളില്‍ ഭയം ജനിപ്പിക്കുന്നു. മിക്ക സ്കൂളുകളിലും ചൂരല്‍ പ്രയോഗം നടക്കുന്നുണ്ട്. കാടന്‍ ശിക്ഷാരീതികള്‍ പഠനത്തിലുള്ള കുട്ടികളുടെ താത്പര്യം നഷ്ടപ്പെടുത്തുന്നു. മാനസികമായി കുട്ടികള്‍ തകരുകയും ചെയ്യും. സ്കൂളിലെ കടുത്ത ശിക്ഷമൂലം മാനസിക പ്രശ്നങ്ങളുണ്ടായ നിരവധി കുട്ടികളെ ശിശുരോഗ വിദഗ്ധര്‍, മനശാസ്ത്രരോഗ ചികിത്സകര്‍ എന്നിവരുടെയടുത്തു രക്ഷിതാക്കള്‍ ചികിത്സയ്ക്കെത്തിക്കുന്നെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
സ്കൂള്‍ ബാഗിന്‍റെ അമിതഭാരവും വിദ്യാര്‍ഥികളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. നടുവേദന, ബാക്ക് നെക് പെയ്ന്‍, ഡിസ്ക് പ്രശ്നങ്ങള്‍,നട്ടെല്ല് തേയ്മാനം, എല്ലുതേയ്മാനം എന്നീ അസുഖങ്ങള്‍ കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നതിന് കാരണം സ്കൂള്‍ ബാഗിന്‍റെ അമിതഭാരമാണ്. ബാഗിന്‍റെ ഭാരം കുട്ടിയുടെ ഭാരത്തിന്‍റെ പത്തു ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നാണു നിബന്ധന. എന്നാല്‍ ഇതു മിക്കവാറും പാലിക്കപ്പെടാറില്ല. ബാഗിന്‍റെ ഭാരം കുറയ്ക്കാന്‍ ഹോം വര്‍ക്കുകള്‍ സ്കൂളില്‍ വച്ചു തന്നെ ചെയ്യണം. അതുപോലെ പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യം സ്കൂളില്‍ തന്നെ എര്‍പ്പെടുത്തുകയുംവേണം. പ്രത്യേകി ച്ചും എല്‍കെജി, യുകെജി ക്ലാസുകളില്‍ പുസ്തകം വയ്ക്കാനുള്ള സൗകര്യം ഒരുക്കണം. ഒരോ മൂന്നു മാസത്തേക്കും പ്രത്യേക നോട്ട് ബുക്കുകളും പു സ്തകങ്ങളും തയാറാക്കിയാല്‍ ഭാരം മൂന്നിലൊന്നായി കുറയ്ക്കാന്‍ കഴിയും. നോട്ടുബുക്കുകളും മറ്റും സ്കൂളില്‍ത്തന്നെ ഫയല്‍ചെയ്തു ഉയര്‍ന്ന ക്ലാസുകളിലെ കുട്ടികളുടെ ബാഗുകളുടെ ഭാരവും കുറയ്ക്കാം. അഞ്ചാം ക്ലാസ് മുതല്‍ ഫയല്‍ സിസ്റ്റം ഏര്‍പ്പെടുത്തണം.
സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്ര സുരക്ഷിതമാണെന്നു അധ്യാപകരും രക്ഷിതാക്കളും ഉറപ്പുവരുത്തണം. സ്കൂള്‍ വാഹനങ്ങളിലടക്കം കുട്ടികളെ കുത്തിനിറച്ചുള്ള യാത്ര പാടില്ല.
സൗകര്യപ്രദമായ ക്ലാസ് മുറികളും കളിസ്ഥലങ്ങളും സ്കൂളുകളില്‍ ഒരുക്കേണ്ടതും അനിവാര്യം. ഒരു ക്ലാസിലെ കുട്ടികളുടെ എണ്ണം നാല്‍പ്പതില്‍ കൂടരുത്. ക്ലാസ് മുറിയുടെ വലുപ്പം ചുരുങ്ങിയത് 400 സ്ക്വയര്‍ ഫീറ്റ് ആയിരിക്കണം. എല്‍പി സ്കൂളിന് അഞ്ച് ഏക്കര്‍ വേണം. ആഴ്ച്ചയില്‍ നാലു ക്ലാസെങ്കിലും കലാ-കായിക പരിപാടികള്‍ക്കാ യി നീക്കിവയ്ക്കണം. ബിഎഡ് കോഴ്സില്‍ കുട്ടികളുടെ സൈക്കോളജി വിശദമായി പഠിപ്പിക്കണം. അതിനായി സിലബസില്‍ മാറ്റം വരുത്തണമെന്നും നിര്‍ദേശം.
വിദ്യാര്‍ഥികളിലെ മാനസിക-ശാരീരിക പ്രശ്നങ്ങള്‍ കണക്കിലെടുത്തു ജില്ലയിലെ സ്കൂളുകളില്‍ ഇന്ത്യന്‍ അക്കാഡമി ഒഫ് പീഡിയാട്രിക്സിന്‍റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ തുടങ്ങി. സ്കൂളിലെ അന്തരീക്ഷം കുട്ടികള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ മാറ്റിയെടുത്ത് ശിശു സൗഹൃദ വിദ്യാലയങ്ങളാക്കാനാണു ഐഎപി ലക്ഷ്യമിടുന്നത്. ഇതിനായി അധ്യാപകര്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവര്‍ക്കായി സെമിനാറുകള്‍ സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പ്, ജില്ലാ ഭരണകൂടം,
ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്. ഈ അക്കാഡമിക് വര്‍ഷം ജില്ലയില്‍ പദ്ധതി പൂര്‍ത്തീകരിക്കും.
നിര്‍ദേശങ്ങള്‍ പാലിക്കുന്ന സ്കൂളുകള്‍ക്ക് ചൈല്‍ഡ് ഫ്രണ്ട്ലി സ്കൂള്‍ ഇനിഷ്യേറ്റീവ് പ്രോഗ്രാം സര്‍ട്ടിഫിക്കെറ്റ് നല്‍കും. ഈ സംവിധാനം നിലനിര്‍ത്തുന്നതില്‍ സ്കൂളുകള്‍ വീഴ്ച്ച വരുത്തുന്നുണ്ടോ എന്നു പരിശോധിക്കാന്‍ സ്ഥിരം സംവിധാനം ഉണ്ടാക്കും.
Close...
Maximum Character Allowed -
4000