Wednesday, May 23, 2012   8:16 AM IST
Vaartha BlogRSS
Loading
പൊലീസ് സ്വത്ത് വെളിപ്പെടുത്തണം
Published : Saturday, June 18, 2011
|
  
Text Size
തിരുവനന്തപുരം

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്നു ഡിജിപിയുടെ നിര്‍ദേശം. ആദ്യ പടിയെന്ന നിലയില്‍ എസ്ഐ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്കാണു ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

എസ്ഐ തസ്തികയിലുള്ളവര്‍ ജില്ലാ പൊലീസ് മേധാവിക്കും സിഐ റാങ്കിലുള്ളവര്‍ ഐജി- ഡിഐജിക്കും ഡിവൈഎസ്പി റാങ്കിലുള്ളവര്‍ എഡിജിപിക്കും സ്വത്ത് വിവരം സമര്‍പ്പിക്കണം.

എസ്പി റാങ്കിലും അതിനു മുകളിലുമുള്ളവര്‍ സംസ്ഥാന പൊലീസ് മേധാവിക്കാണ് സ്വത്ത് വിവരം നല്‍കേണ്ടത്.

സ്ഥലംമാറ്റത്തെ തുടര്‍ന്നോ മറ്റേതെങ്കിലും സാഹചര്യത്തിലോ മേല്‍പ്പറഞ്ഞ ഉദ്യോഗസ്ഥനു കീഴില്‍ നിന്ന് മറ്റൊരു ഓഫിസിലേക്കു മാറിയാല്‍ അവിടെ ചുമതലയേറ്റ് ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. സ്പെഷ്യല്‍ യൂനിറ്റ്/ആംഡ് പൊലീസ് ബെറ്റാലിയന്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ സമാന റാങ്കിലുള്ള മേലുദ്യോഗസ്ഥര്‍ക്കാണു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതെന്നും ഡിജിപി സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.

നിയമവിരുദ്ധമായ പണമിടപാടുകളുമായി ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബന്ധമുണ്ടെന്നു ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് അടിയന്തര നിര്‍ദേശം. അഴിമതി നിരോധന നിയമം കൈകാര്യം ചെയ്യേണ്ട പൊലീസ് സേനയുടെ വിശ്വാസ്യ തയ്ക്ക് ഇത്തരം ആരോപണങ്ങള്‍ കോട്ടം വരുത്തുന്നു.

പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ സ്വത്ത് വിവരങ്ങളും ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണം. ഉദ്യോഗസ്ഥനു ശമ്പളമായും അല്ലാതെയുമുള്ള മൊത്തം വാര്‍ഷിക വരുമാനത്തിന്‍റെ വിവരം, ഉദ്യോഗസ്ഥനോ അയാളുടെ ഭാര്യയോ മക്കളോ ഏതെങ്കിലും വ്യാപാര സ്ഥാപനത്തിന്‍റെയോ കച്ചവട സ്ഥാപനത്തിന്‍റെയോ കമ്പനിയുടെയോ അംഗമാണോ, ഔദ്യോഗിക ഭാരവാഹിയാണോ, ഡയറക്റ്ററാണോ തുടങ്ങിയ കാര്യങ്ങളും വെളിപ്പെടുത്തണം.

ഉദ്യോഗസ്ഥന്‍റെ പേരിലുള്ളതോ അയാളുടെ ഭാര്യയുടെയോ മക്കളുടെയോ പേരിലുള്ളതോ ആയ മുഴുവന്‍ വാഹനങ്ങളുടെയും വിശദമായ വിവരങ്ങള്‍ സമര്‍പ്പിക്കണം.

ഉദ്യോഗസ്ഥന്‍ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ അപൂര്‍ണമെങ്കില്‍ വിശദമായ റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥന് ആവ ശ്യപ്പെടാം. ഇപ്രകാരം ലഭിക്കുന്ന വിവരങ്ങള്‍ നിശ്ചയിക്കപ്പെടുന്ന ഉദ്യോഗസ്ഥന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ രഹസ്യ രേഖയായി സൂക്ഷിക്കണം.

സര്‍ക്കാരിന്‍റെയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍റെ യോ സമ്മതമില്ലാതെ ലഭിച്ച സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തരുത്.
Rate This News :
Latest News