സമവായത്തിലൂടെ തീരുമാനം
Published : Tuesday,
June 21,
2011
തിരുവനന്തപുരം
സ്വന്തം ലേഖകന്‍
അതിരപ്പിള്ളി വൈദ്യുതി പദ്ധതിയുടെ കാര്യത്തില്‍ സമവായത്തിലൂടെ തീരുമാനമെടുക്കുമെന്നു വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദ്. കേരളത്തില്‍ സമവായമുണ്ടായാല്‍ പരിസ്ഥിതി അനുമതിക്കായി വീണ്ടും കേന്ദ്രത്തെ സമീപിക്കും. ആളുകളെ വെടിവച്ചു കൊന്നു പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാന്‍ തത്കാലം സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. നിരക്കു വര്‍ധിപ്പിക്കാതെ മുന്നോട്ടു പോകുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നതെന്നും പ്രസ്ക്ലബിന്‍റെ മുഖാമുഖത്തില്‍ മന്ത്രി പറഞ്ഞു.
പദ്ധതിയെ എതിര്‍ക്കുന്നവരെ വിളിച്ചു ചര്‍ച്ച ചെയ്തു സമവായത്തിലെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഇതിനു ശേഷം മന്ത്രിസഭയാണു തീരുമാനമെടുക്കേണ്ടത്. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന ജയറാം രമേശിന്‍റെ പ്രതികരണം ചൂണ്ടിക്കാട്ടിയപ്പോള്‍ സമവായമുണ്ടായാല്‍ ബാക്കി കാര്യം താന്‍ ശരിയാക്കാമെന്നായിരുന്നു ആര്യാടന്‍റെ മറുപടി. പ്രധാനമന്ത്രിയുടെ ഓഫിസിലുള്ളതു മലയാളിയാണ്. കേരളത്തിനു സഹായകരമായ നിലപാടുകളാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നു ഉണ്ടാകുന്നത്. ഏതു സാഹചര്യത്തിലാണ് മുന്‍മന്ത്രി എ.കെ. ബാലന് മറിച്ചൊരു അഭ്രപ്രായം ഉണ്ടായതെന്നു അറിയില്ലെന്നും ആര്യാടന്‍ പറഞ്ഞു.
നിലവില്‍ ബോര്‍ഡ് പ്രതിമാസം 75 കോടി രൂപ നഷ്ടത്തിലാണു പ്രവര്‍ത്തിക്കുന്നത്. ബോര്‍ഡിന്‍റെ പ്രതിവര്‍ഷ നഷ്ടം 1300 കോടിയാണെന്നും മന്ത്രി പറഞ്ഞു. വരുന്ന സെപ്റ്റംബര്‍ 30നകം കെഎസ്ഇബി കമ്പനിയായി പ്രവര്‍ത്തിച്ചു തുടങ്ങണമെന്നാണു നിര്‍ദേശം. ബോര്‍ഡ് ഇല്ലാതായശേഷം കമ്പനി പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. കമ്പനി രജിസ്റ്റര്‍ ചെയ്തെങ്കിലും പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കാത്തതിനാലാണ് പ്രവര്‍ത്തനം വൈകുന്നത്. ബോര്‍ഡിന്‍റെ 10,00 കോടിയോളം രൂപയുടെ ആസ്തി സര്‍ക്കാരിലേക്കു വകകൊള്ളിച്ചിരുന്നു. ബോര്‍ഡിന്‍റെ ആസ്തികള്‍ തിരികെ വാങ്ങിയാല്‍ മാത്രമേ കമ്പനിയാക്കാനാകൂ. പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കണമെങ്കില്‍ 4520 കോടി രൂപ വേണം. ഇതില്‍ 2500 കോടി രൂപ സര്‍ക്കാര്‍ ഡ്യൂട്ടിയില്‍ അഡ്ജസ്റ്റ് ചെയ്തു കൊടുക്കുന്നതിനെക്കുറിച്ചു തീരുമാനമെടുക്കണം. കഴിഞ്ഞ മന്ത്രിസഭ പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കുന്നതിനു സെപ്റ്റംബര്‍ 30വരെ സമയം അനുവദിച്ചിരുന്നു. ഈ കാലയളവിനുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തു വീണ്ടും സമയം നീട്ടിനല്‍കുമെന്നും ആര്യാടന്‍ പറഞ്ഞു.
Close...
Maximum Character Allowed -
4000