സാമൂഹ്യനീതി ഉറപ്പുവരുത്തുന്നില്ല
Published : Thursday,
June 23,
2011
തിരുവനന്തപുരം
ഉന്നത വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യനീതി ഉറപ്പുവരുത്തേണ്ട സര്‍ക്കാര്‍ അതില്‍നിന്നു പിന്തിരിയുന്നത് കടുത്ത അനീതിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. സ്വാശ്രയ പ്രൊഫഷണല്‍ കോളെജുകളിലെ വിദ്യാര്‍ഥി പ്രവേശനം, ഫീസ് നിര്‍ണയം എന്നിവയില്‍ സംസ്ഥാന സര്‍ക്കാരിനു പ്രത്യേക നിലപാടില്ലെന്നു ഹൈക്കോടതിയില്‍ അറിയിച്ചതിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ദിശാബോധം വെളിപ്പെട്ടിരിക്കുകയാണ്. പഠിക്കാന്‍ സമര്‍ഥരും സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്നവരുമായ വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും തീ തീറ്റിക്കുകയാണ് ഇതിലൂടെ.
സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രവേശനവും ഫീസും നിയന്ത്രിക്കുന്നതിനു സംസ്ഥാന സര്‍ക്കാരുകള്‍ക്കു പ്രത്യേക സമിതി രൂപീകരിക്കാമെന്ന് ഇനാംദാര്‍ കേസില്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണു പ്രവേശനത്തിനും ഫീസ് നിര്‍ണയത്തിനും ജസ്റ്റിസ് പി.എ. മുഹമ്മദ് അധ്യക്ഷനായി പ്രത്യേക കമ്മിറ്റിക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ രൂപം നല്‍കിയത്. എന്നാല്‍ സ്വാശ്രയ മാനെജ്മെ
ന്‍റു കളുടെ വിദ്യാഭ്യാസ കച്ചവടത്തിനു കൂട്ടുനിന്നുകൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റിയെ ഹൈക്കോടതിയില്‍ തള്ളിപ്പറഞ്ഞിരിക്കുകയാണ്.
സ്വാശ്രയ മെഡിക്കല്‍ കോളെജിലെ 50% പിജി മെറിറ്റ് സീറ്റ് ഏറ്റെടുത്ത് ഉത്തരവാക്കി രണ്ടാഴ്ച പിന്നിട്ടിട്ടും തുടര്‍ നടപടിയെടുക്കാതെ സര്‍ക്കാര്‍ മാനെജ്മെന്‍റുകളുമായി ഒത്തുകളിക്കുകയാണ്. സീറ്റ് ഏറ്റെടുത്തതിനെതിരേ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ച കേസില്‍ കക്ഷിചേരാനും നിയമ നടപടി ശക്തമാക്കാനും സര്‍ക്കാര്‍ തയാറായിട്ടില്ല. സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലെ മുഴുവന്‍ എംബിബിഎസ് സീറ്റും മാനെജ്മെന്‍റുകള്‍ക്കു സ്വന്തം നിലയില്‍ പ്രവേശനം നടത്തുന്നതിനുള്ള അവസരമാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തുകൊടുത്തിരിക്കുന്നത്.
എംബിബിഎസ് കോഴ്സിന് മുഹമ്മദ് കമ്മിറ്റി നിശ്ചയിച്ച ഫീസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ച മുഹമ്മദ് കമ്മിറ്റിയെ കൈയൊഴിഞ്ഞു സ്വാശ്രയ മാനെജ്മെന്‍റുകള്‍ക്ക് അനുകൂലമായി യുഡിഎഫ് സര്‍ക്കാര്‍ തുറന്ന നിലപാടെടുത്തത് ജനാധിപത്യത്തെയും സാമൂഹ്യ നീതിയെയും ഭരണഘടനയോടുള്ള സാമൂഹ്യ പ്രതിബദ്ധതയെയും ലംഘിക്കുന്നതാണെന്നും സിപിഎം.
Close...
Maximum Character Allowed -
4000