Wednesday, May 23, 2012   8:20 AM IST
Vaartha BlogRSS
Loading
പൈപ്പ്ലൈന്‍ ഉദ്ഘാടനം അടുത്തമാസം
Published : Thursday, June 23, 2011
|
  
Text Size
തൃശൂര്‍

പൈപ്പ് പൊട്ടി നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം ദിവസങ്ങളോളം തടസപ്പെടുന്ന സ്ഥിരംപ്രശ്നങ്ങള്‍ക്കു പരിഹാരമാകുന്നു. പീച്ചിയില്‍ നിന്നു തൃശൂരിലേക്കു കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച മൂന്നാം പൈപ്പ് ലൈന്‍ അടുത്ത മാസം ഉദ്ഘാടനം ചെയ്യും. പുതിയതായി സ്ഥാപിച്ച ഗുണനിലവാരമുള്ള 700 എംഎം ഡക്റ്റൈല്‍ അയേണ്‍ പൈപ്പ് ലൈന്‍നിലൂടെയുള്ള ട്രയല്‍ റണ്ണിങ് ഇന്നലെ മുതല്‍ ആരംഭിച്ചു.

വാല്‍വുകളുടെയും പീച്ചിയില്‍ നിന്ന് വിവിധ മേഖലകളിലായി സ്ഥാപിച്ച ജോയ്ന്‍റുകളിലൂടെയും റോഡുകള്‍ക്കു കുറുകെയും കടന്നുപോകുന്ന പൈപ്പുകളില്‍ ചോര്‍ച്ചയുണ്ടോയെന്നു പരിശോധിക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്.

ട്രയല്‍ റണ്ണിങ് ഒരാഴ്ച്ചയ്ക്കകം പൂര്‍ത്തിയാക്കുമെന്നു അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ സി.എസ്. മോഹനന്‍. പൈപ്പ് ലൈനിലൂടെ വെള്ളം പമ്പ് ചെയ്തുകഴിഞ്ഞാല്‍ പഴയ 700 എംഎം പ്രിമോ പൈപ്പിലൂടെയുള്ള വിതരണം നിര്‍ത്തിവയ്ക്കും. കോര്‍പ്പറേഷനിലും നഗരത്തിന്‍റെ അതിര്‍ത്തി പഞ്ചായത്തുകളിലും പുതിയ അയേണ്‍ പൈപ്പിലൂടെയായിരിക്കും കുടിവെള്ളം എത്തുക.

പഴയ 700എംഎം പ്രീമോ പൈപ്പ് മിക്കയിടത്തും ദ്രവിച്ചു ചോര്‍ച്ചകള്‍ വന്നതിനാല്‍ പമ്പുചെയ്യുന്ന വെള്ളംതന്നെ കാര്യക്ഷമമായി ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ട്, ഇതുകൂടാതെ മര്‍ദ്ദം താങ്ങാനാകാതെ മാസത്തില്‍ ഒരു തവണയെങ്കിലും പൈപ്പ് പൊട്ടി കുടിവെള്ളവിതരണം തടസപ്പെടുന്നുമുണ്ട്. എഡിബി ഫണ്ടായ 42 കോടിരൂപ ചെലവഴിച്ചാണു പീച്ചിയില്‍ നിന്നു തൃശൂരിലേക്കു 19 കിലോമീറ്റര്‍ ദൂരത്തില്‍ അയേണ്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചിരിക്കുന്നത്.

മാര്‍ച്ച് മാസത്തോടെ ഭൂരിഭാഗം പണികളും പൂര്‍ത്തിയാക്കിയിരുന്നു, തോട്ടപ്പടിയില്‍ കാര്‍ഷിക സര്‍വ്വകലാശാലയുടെ മുന്‍വശത്തു ദേശീയപാതയ്ക്കു കുറുകെ പൈപ്പുകള്‍ സ്ഥാപിക്കേണ്ടിയിരുന്നതിനാലാണു ട്രയല്‍ റണ്‍ വൈകാന്‍ കാരണം. ദേശീയപാതയ്ക്കു കുറുകെ ആഴത്തില്‍ തുരന്നാണ് ഇവിടെ പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുള്ളത്. പൈപ്പിനകത്തെ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളും വാല്‍വുകളുടെ ക്രമീകരണങ്ങളും ട്രയല്‍ റണ്ണിന്‍റെ ഭാഗമായി നടക്കുന്നുണ്ട്. മൂപ്പതു വര്‍ഷം മുന്‍പാണു പഴയ 700 എംഎം പ്രിമോ പൈപ്പ് സ്ഥാപിച്ചത്, എന്നാല്‍ കുന്നുകളും മറ്റും തുരന്നു സ്ഥാപിച്ച പൈപ്പ് ലൈന്‍ ഏതാനും വര്‍ഷം കഴിഞ്ഞപ്പോള്‍ മുതല്‍ പൊട്ടലുകള്‍ വന്നുതുടങ്ങി. കടുത്തവേനലില്‍ പലപ്പോഴും പൈപ്പ് പൊട്ടി നഗരം കുടിവെള്ള ക്ഷമാത്തില്‍ അകപ്പെട്ടുപോകുന്ന സ്ഥിതിയാണുള്ളത്.

ഒന്നാം പൈപ്പ് ലൈനായി സ്ഥാപിച്ചിരുന്ന 600എംഎം അയേണ്‍ പൈപ്പ് ലൈനില്‍ പൊട്ടലുകള്‍ കുറവായിരുന്നു. ഇതാണു മൂന്നാം പൈപ് ലൈനായി അയേണ്‍ പൈപ്പുകള്‍ സ്ഥാപിക്കാന്‍ കാരണമായത്.

പുതിയ പൈപ്പ് ലൈനിലൂടെയുള്ള പമ്പിങ് ആരംഭിക്കുന്നതോടെ വിതരണംചെയ്യുന്ന വെള്ളത്തിന്‍റെ തോത് ഉയരുന്നില്ലെങ്കിലും പൊട്ടലുകള്‍ ഇല്ലാതാകുമെന്നാണു വിലയിരുത്തല്‍. പഴയപൈപ്പ് ലൈനിലൂടെയുള്ള ചെറിയചോര്‍ച്ചകളും പുതിയസംവിധാനത്തില്‍ ഉണ്ടാകില്ല. വാട്ടര്‍ അഥോറിറ്റിയും കെഎസ്യുഡിപിയും ചേര്‍ന്നാണു പൈപ്പ് ലൈന്‍ പദ്ധതിക്കു മേല്‍നോട്ടം വഹിക്കുന്നത്.

രണ്ടുവര്‍ഷത്തോളമായി മൂന്നാം പൈപ്പ് ലൈനിന്‍റെ പണികള്‍ നടന്നുവരികയായിരുന്നു. മൂന്നാം പൈപ്പ് ലൈനിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി പൂര്‍ത്തീകരിച്ച് ഓണത്തിനു മുന്‍പായി പമ്പിങ് നടത്തുമെന്നു മേയര്‍ ഐ.പി. പോള്‍.

പീച്ചിയില്‍ ട്രീറ്റ്മെന്‍റ് പ്ലാന്‍റിന്‍റെ ശുദ്ധീകരണവും പമ്പുചെയ്യുന്നതിനായുള്ള നാലു മോട്ടറുകളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്. പദ്ധതി ആരംഭിക്കുന്നതോടെ പൈപ്പ് പൊട്ടല്‍ എന്ന ദീര്‍ഘകാലത്തെ പ്രശ്നത്തിനു പരിഹാരം കാണാനാകുമെന്നും അദ്ദേഹം.
Rate This News :
Latest News