Wednesday, May 23, 2012   8:25 AM IST
Vaartha BlogRSS
Loading
നിര്‍മാണം അനിശ്ചിതത്വത്തില്‍
Published : Monday, June 27, 2011
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ അന്തിമ ഘട്ട ജോലികള്‍ അനിശ്ചിതമായി നീളുന്നു. ഉദ്ഘാടനം കഴിഞ്ഞു മാസങ്ങള്‍ പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായില്ല. ഇടക്കിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള പൊടിപടലങ്ങള്‍ ശ്വസിച്ചു വേണം പുതിയ കെട്ടിട സമുച്ചയത്തിലെ ഒപിയിലെത്താന്‍. ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്ന രോഗികളെ ബന്ധുക്കള്‍ക്കു കാണണമെങ്കില്‍ സെക്യൂരിറ്റിക്കാരുടെ കനിവു തേടണം. കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചിരിക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ബന്ധുക്കളോട് അപമര്യാദയായി പെരുമാറുന്നതായും ആക്ഷേപം.

സന്ദര്‍ശകരെയും രോഗികളെയും അത്ഭുതപ്പെടുത്തുന്ന രീതിയില്‍ അത്യാധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിപ്പിക്കുമെന്ന് അധികൃതര്‍ അവകാശപ്പെട്ട സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ പ്രവര്‍ത്തനം തുടക്കത്തിലേ പാളിയതു രോഗികളെ നിരാശരാക്കി. ഒപി ടിക്കറ്റ് കൗണ്ടറിനു മുമ്പില്‍ വലിയ കാത്തിരിപ്പു കേന്ദ്രവും ഇരിപ്പിടങ്ങളുമുണ്ടെങ്കിലും ജനങ്ങള്‍ക്കു കാര്യമായ ഉപയോഗമില്ല. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇവരെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ നീക്കം ചെയ്യുന്നതു നിത്യവും വാക്കേറ്റത്തിനിടയാക്കുന്നു. മഴയത്തു പോലും ഒതുങ്ങി നില്‍ക്കാന്‍ ഇടമില്ലാതെ രോഗികള്‍ വലയുന്നു. ആവശ്യത്തിനു കുടിവെള്ളവും വെളിച്ചവുമില്ല. അപര്യാപ്തതകള്‍ ഉടനെ പരിഹരിക്കുമെന്നു മെഡിക്കല്‍ കോളെജ് അധികൃതര്‍.

ഓപ്പറേഷന്‍ തിയെറ്ററുകളും ഇന്‍റന്‍സീവ് കെയര്‍ യൂനിറ്റുകളും ജനറല്‍ വാര്‍ഡുകളും സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ ആരംഭിച്ചിട്ടുണ്ട്. ഹീമോ ഡയാലിസിസ് യൂനിറ്റിലേക്ക് ആവശ്യമായ യന്ത്രസാമഗ്രികള്‍ എത്തുന്നതും വൈകുന്നു. ഔട്ട് പേഷ്യന്‍റ്, ഇന്‍ പേഷ്യന്‍റ് സൗകര്യത്തോടെ ആറു സൂപ്പര്‍ സ്പെഷ്യാലിറ്റി ഡിപ്പാര്‍ട്ട്മെന്‍റുകള്‍ പുതിയ ബ്ലോക്കിലുണ്ട്. ഓപ്പറേഷന്‍ തിയെറ്ററുകളും ഇന്‍റന്‍സീവ് കെയര്‍ യൂനിറ്റുകളും ഉള്‍ക്കൊള്ളുന്ന പ്രത്യേകം യൂനിറ്റുകളായാണ് ഓരോ വിഭാഗവും പ്രവര്‍ത്തിക്കുന്നത്. മെഡിക്കല്‍ ന്യൂറോളജി, സര്‍ജിക്കല്‍ ന്യൂറോളജി, മെഡിക്കല്‍ ഗ്യാസ്ട്രോളജി, സര്‍ജിക്കല്‍ ന്യൂറോളജി, മെഡിക്കല്‍ ഗ്യാസ്ട്രോ എന്‍റോളജി, സര്‍ജിക്കല്‍ ഗ്യാസ്ട്രോളജി, നെഫ്രോളജി, യൂറോളജി എന്നിവ പുതിയ ബ്ലോക്കിലേക്കു കഴിഞ്ഞ ജൂലൈ മുതല്‍ തന്നെ മാറ്റി സ്ഥാപിച്ചിരുന്നു. ഓരോ ഡിപ്പാര്‍ട്ട്മെന്‍റുകളായി തിരിച്ചാണു ജനറല്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചത്. ഓരോ ഭാഗത്തും ആറു കിടക്കകളും ഒരു ഐസൊലേഷന്‍ ബെഡും ആറു ഹൈ കെയര്‍ ഏരിയാ ബെഡ്ഡുകളുമാണുള്ളത്.

മൂന്നു മെഡിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റുകള്‍ക്കായി 21 കിടക്കകളുള്ള ഐസിയുവും മൂന്നു സര്‍ജിക്കല്‍ വിഭാഗങ്ങള്‍ക്കായി ആറു കിടക്കകളുമുള്ള ഐസിയുവുമാണു സജ്ജീകരിച്ചിരിക്കുന്നത്. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ ഐസിയു ഉള്‍പ്പെടെ ആകെ 285 കിടക്കകളാണുള്ളത്.

പഴയ കെട്ടിടത്തില്‍ 140 കിടക്കകള്‍ മാത്രമാണുണ്ടായിരുന്നത്. വിവിധ മെഡിക്കല്‍, സര്‍ജിക്കല്‍ വിഭാഗങ്ങള്‍ പുതിയ ബ്ലോക്കിലേക്കു മാറ്റിയതിനെത്തുടര്‍ന്നു പഴയ കെട്ടിടത്തില്‍ ഒഴിവു വന്ന മുറികള്‍ പരമാവധി ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണു മെഡിക്കല്‍ കോളെജ് അധികൃതര്‍.

സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനു 145 പുതിയ തസ്തികകള്‍ നേരത്തെ തന്നെ സൃഷ്ടിച്ചിരുന്നു. ഇതില്‍ സ്റ്റാഫ് നഴ്സുമാരുടെ 85 ഒഴിവുകളില്‍ 56 പേരെ മാത്രമേ നിയമിച്ചിട്ടുള്ളു. എക്സ്റേ ടെക്നീഷ്യന്‍മാരും റേഡിയെഗ്രഫര്‍, ടെക്നിക്കല്‍ സ്റ്റാഫ്, പാരാമെഡിക്കല്‍ സ്റ്റാഫ് ഉള്‍പ്പെടെ 145 പുതിയ തസ്തികകളും അനുവദിച്ചെങ്കിലും നിയമനം വൈകുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ജീവനക്കാരുടെ എണ്ണത്തിലും കുറവുണ്ട്.

ഈ വിഭാഗത്തിന്‍റെ ചുമതലയുള്ള ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ് 40 തൊഴിലാളികളെയാണു വിനിയോഗിച്ചിട്ടുള്ളത്. കൂടുതല്‍ ശുചീകരണത്തൊഴിലാളികളെ നിയമിക്കുന്നതിനു തീരുമാനിച്ചെങ്കിലും നടപ്പായില്ല.

ട്രോമാ കെയര്‍ യൂനിറ്റ് വിപുലപ്പെടുത്തുന്നതിന്‍റെയും സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്കുള്ള റോഡിന്‍റെയും നിര്‍മാണപ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്.

രാജ്യത്തെ പ്രധാന മെഡിക്കല്‍ കോളെജുകളില്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 120 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ നടപ്പാക്കിയത്. ഇതില്‍ 20 കോടി രൂപ സംസ്ഥാന വിഹിതമാണ്.

സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിനായി ഏഴു നിലകളുള്ള ആധുനിക കെട്ടിടസമുച്ചയമാണു നിര്‍മിച്ചത്. രോഗ നിര്‍ണയം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ആധുനിക സൗകര്യങ്ങളോടെയുള്ള എംആര്‍ഐ സ്കാന്‍, കാത്ത് ലാബ്, എന്നിവയും ചികിത്സാ ഉപകരണങ്ങളായ വെന്‍റിലേറ്ററുകള്‍, ഡീഫിബ്രിലേറ്റര്‍, അനസ്തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, ഒബ്സര്‍വേഷന്‍ വാര്‍ഡുകളില്‍ മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍, പള്‍സ് ഓക്സീ മീറ്റര്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
Rate This News :
Latest News