Wednesday, May 23, 2012   8:26 AM IST
Vaartha BlogRSS
Loading
നിയമങ്ങള്‍ ലംഘിച്ച് കോളെജുകള്‍
Published : Saturday, July 02, 2011
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖിക

രണ്ടു മെഡിക്കല്‍ -എന്‍ജിനീയറിങ് കോളെജുകള്‍ ഉള്‍പ്പെടെ സര്‍വകലാശാല നിയമങ്ങള്‍ ലംഘിച്ച് തലസ്ഥാനത്തു പ്രവര്‍ത്തിക്കുന്നത് ആറു സ്വാശ്രയ കോളെജുകളെന്നു കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണു സിഎജി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

പങ്കജകസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളെജ്, മേരിമാതാ കോളെജ് ഒഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി, ബിഎന്‍വി കോളെജ് ഒഫ് എജ്യൂക്കേഷന്‍ തിരുവല്ലം, ക്രൈസ്റ്റ് നഗര്‍ കോളെജ് ഒഫ് എഡ്യൂക്കേഷന്‍ തിരുവല്ലം, എംഇടി ട്രെയ്നിങ് കോളെജ് നെട്ടയം, കെഎന്‍എം ബിഎഡ് കോളെജ് കാഞ്ഞിരംകുളം എന്നീ കോളെജുകളിലാണു സിഎജി പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇതില്‍ പങ്കജകസ്തൂരി, മേരിമാതാ കോളെജുകളുടെ അഫിലിയേഷന്‍ പുതുക്കിയിട്ടില്ല.

മറ്റു കോളെജുകള്‍ക്ക് അഫിലിയേഷന്‍ ഉണ്ടെങ്കിലും നിരവധി പോരായ്മകള്‍ സിഎജി ചൂണ്ടിക്കാട്ടുന്നു. പങ്കജകസ്തൂരി ആയുര്‍വേദ കോളെജിന് ആവശ്യമായ സ്ഥലം അഞ്ചു പ്രത്യേക ഭാഗത്തായിട്ടാണു സ്ഥിതിചെയ്യുന്നത്. എന്നാല്‍ സര്‍വകലാശാലാ നിയമം വ്യവസ്ഥ ചെയ്യുന്നത് ഒരൊറ്റ സ്ഥലത്തായിരിക്കണമെന്നാണ്. എന്നിട്ടും അഫിലിയേഷന്‍ നല്‍കിയതു നിയമവിരുദ്ധമെന്ന് ഓഡിറ്റ് നിരീക്ഷിക്കുന്നു.

2002 ജൂലൈയില്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഒഫ് ഇന്ത്യന്‍ മെഡിസിന്‍ കോളെജിലുള്ള വിവിധ പോരായ്മകള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ അടിക്കടിയുള്ള പരിശോധനയ്ക്കുശേഷവും കോളെജ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2008 ജൂണില്‍ അധ്യാപകരുടെ അപര്യാപ്തതയും അസൗകര്യങ്ങളും കാരണം കോഴ്സുകള്‍ അംഗീകരിക്കാതിരിക്കാന്‍ സിസിഐഎം ശുപാര്‍ശ ചെയ്തു.

എന്നാല്‍ വിദ്യാര്‍ഥികളുടെ അവസ്ഥ കണക്കിലെടുത്ത് 2008-09 വര്‍ഷത്തിലെ പ്രവേശനങ്ങള്‍ ഹൈക്കോടതി ശരിവച്ചു. തുടര്‍ന്നു പ്രൊവിഷണല്‍ അഫിലിയേഷന്‍ നല്‍കിയശേഷം നാളിതുവരെ യൂനിവേഴ്സിറ്റി പരിശോധന നടത്തിയിട്ടില്ലെ ന്നും സിഎജി റിപ്പോര്‍ട്ടിലുണ്ട്.

യൂനിവേഴ്സിറ്റിയില്‍നിന്ന് എന്‍ഒസിയോ അഫിലിയേഷനോ ഇല്ലാതെ സര്‍ക്കാര്‍ നിര്‍ദേശത്താലാണു മേരിമാതാ കോളെജ് ഒഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജി ആരംഭിച്ചത്. 2006ല്‍ യൂനിവേഴ്സിറ്റി പ്രൊവിഷണല്‍ അഫിലിയേഷന്‍ നല്‍കി. എന്നാല്‍ അടിസ്ഥാന സൗകര്യത്തിന്‍റെ പോരായ്മ, കൂട്ട കോപ്പിയടി, എന്നീ വിഷയത്തില്‍ പരിശോധനാ കമ്മിഷനും അഡ്മിഷന്‍ സൂപ്പര്‍വൈസറി കമ്മിറ്റിയും കോളെജിന്‍റെ അഫിലിയേഷന്‍ പിന്‍വലിക്കാന്‍ ശുപാര്‍ശ ചെയ്തു.

ഇത്രയും ഗുരുതരമായ വീഴ്ച കോളെജിന്‍റെ മേല്‍ ഉണ്ടായിട്ടും ഇടതടവില്ലാതെ അഫിലിയേഷന്‍ നല്‍കിയതു മോശമായ ഫലങ്ങള്‍ക്കു വഴിവച്ചുവെന്നു സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കോളെജില്‍ വിദ്യാര്‍ഥികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരം നിലനിര്‍ത്തുന്നതിനും യൂനിവേഴ്സിറ്റി നടപടി കൈക്കൊണ്ടില്ലെന്നും റിപ്പോര്‍ട്ട്.

2005ല്‍ അഫിലിയേഷന്‍ നല്‍കിയ ബിഎന്‍വി കോളെജ് ഒഫ് എജ്യൂക്കേഷനില്‍ അവസാനമായി പരിശോധന നടന്നത് 2009 ജൂലൈയിലാണ്. ഇവിടെ ലബോറട്ടറികള്‍ ശക്തിപ്പെടണമെന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവല്ലം ക്രൈസ്റ്റ് നഗര്‍ കോളെജ് ഒഫ് എജ്യൂക്കേഷനില്‍ പെണ്‍കുട്ടികള്‍ക്കു വിശ്രമമുറിയില്ല.

എംഎഇടി ട്രെയ്നിങ് കോളെജ് നെട്ടയത്തെ പ്രശ്നമാണു ഗുരുതരം. ഇവിടെ മുഴുവന്‍ സമയ പ്രിന്‍സിപ്പല്‍ ഇല്ല. ലബോറട്ടറി സൗകര്യവും അപര്യാപ്തമാണ്. കാഞ്ഞിരംകുളം കെഎന്‍എം ബിഎഡ് കോളെജില്‍ ഭാഷാ ലബോറട്ടറി, ഇന്‍റര്‍നെറ്റ് സൗകര്യം, കളിസ്ഥലം എന്നിവ ഇല്ല. ആകെയുള്ള ഏഴു കംപ്യൂട്ടറുകളില്‍ ഒരെണ്ണം മാത്രമാണു പ്രവര്‍ത്തനക്ഷമമായിട്ടുള്ളത്. ഈ കോളെജുകളിലെല്ലാം അവസാനമായി പരിശോധന നടന്നത് 2009ലാണ്.

പോരായ്മ വിശദമായ പട്ടികയിലൂടെ ചൂണ്ടിക്കാട്ടിയാണു സിഎജി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. യൂനിവേഴ്സിറ്റിയില്‍നിന്നു ലഭ്യമായ കണക്കുകള്‍ അവലംബിച്ചു മാത്രമാണ് റിപ്പോര്‍ട്ട്.
Rate This News :
Latest News