Wednesday, May 23, 2012   8:27 AM IST
Vaartha BlogRSS
Loading
സംരക്ഷണം സര്‍ക്കാര്‍ ചെലവില്‍
Published : Monday, July 04, 2011
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്നു ലഭിച്ച സ്വത്ത് ക്ഷേത്രത്തിന്‍റേതാണെന്നും അതു സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം കേരളത്തിന്‍റെ അഭിമാനമാണ്. ഇതിനു ചരിത്രപരവും പുരാവസ്തുപരവും വിശ്വാസപരവുമായ പ്രാധാന്യമുണ്ട്. ക്ഷേത്രം കേരള സംസ്കാരത്തിന്‍റെ പ്രതീകമാണ്. പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ സുരക്ഷിതത്വവും സംരക്ഷണവും കേരളത്തിന്‍റെ കടമയും ആവശ്യവുമാണെന്നു സര്‍ക്കാര്‍ കരുതുന്നെന്ന് ഉമ്മന്‍ ചാണ്ടി. ക്ഷേത്ര സുരക്ഷ ശക്തമാക്കുന്നതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്മനാഭസ്വാമിക്കു സമര്‍പ്പിക്കപ്പെട്ട ക്ഷേത്ര സ്വത്താണ് അവിടെ നിന്നു ലഭിച്ചത്. പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തന്നെ ഇതു സുരക്ഷയോടെ സംരക്ഷിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാനത്തിനുള്ളതാണ്. സര്‍ക്കാര്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. വിശ്വാസികള്‍ക്ക് ആചാരാനുഷ്ഠാനങ്ങളോടെ ആരാധന നടത്തുന്നതിന് ഒരുവിധത്തിലും തടസമുണ്ടാകാതെയും ക്ഷേത്രത്തിലെ അനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ആയിരിക്കും സുരക്ഷ ഏര്‍പ്പെടുത്തുന്നതെന്നു മുഖ്യമന്ത്രി.

രണ്ടുതരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. താത്കാലികവും സ്ഥിരവുമായ ആധുനിക സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും.

താത്കാലിക സംവിധാനങ്ങള്‍ ഉടന്‍ നിലവില്‍ വരും. സുരക്ഷാക്രമീകരണങ്ങള്‍ക്ക് ആവശ്യമായ സംവിധാനത്തെക്കുറിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ആഭ്യന്തര വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. സുപ്രീം കോടതിയുടെ അനുമതിയോടെ തുടര്‍ നടപടികള്‍ സ്വീകരിക്കും. മഹാരാജാവിനോടും തന്ത്രിയോടും കൂടിയാലോചിച്ച് ആധുനിക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സുരക്ഷയുടെ പൂര്‍ണ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം ഇന്നു പ്രവര്‍ത്തനം തുടങ്ങും. ക്ഷേത്രത്തിനു പുറത്ത് സൗകര്യപ്രദമായ കെട്ടിടം ലഭിച്ചാല്‍ സംവിധാനം അങ്ങോട്ടു മാറ്റും. ക്ഷേത്രത്തിനു ചുറ്റും 24 മണിക്കൂര്‍ മൊബൈല്‍ പട്രോളിങ് ഉണ്ടാകും. ക്ഷേത്രത്തില്‍ നിന്നു ലഭിച്ച സ്വത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരിനു വ്യക്തമായ കാഴ്ചപ്പാടുണ്ട്.

എത്ര സമ്പാദ്യം ഉണ്ടെന്നതു മാത്രമല്ല, വിശ്വാസത്തിന്‍റെ കൂടി കാര്യമാണിത്. സ്വത്തിന്‍റെ മൂല്യത്തെക്കുറിച്ചു പറയാനുള്ള അധികാരം ആര്‍ക്കുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍, ഡിജിപി ജേക്കബ് പുന്നൂസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍, ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Rate This News :
Latest News