Wednesday, May 23, 2012   8:31 AM IST
Vaartha BlogRSS
Loading
എവിടെത്തിരിഞ്ഞാലും പ്ലാസ്റ്റിക് മാലിന്യം
Published : Friday, July 08, 2011
|
  
Text Size
കോഴിക്കോട്

സ്വന്തം ലേഖകന്‍

ജില്ലാ ഭരണകൂടം കൊട്ടിഘോഷിച്ച നടപ്പാക്കിയ മാപ് (മാസ് ആക്ഷന്‍ ഫൊര്‍ പ്ലാസ്റ്റിക് വേസ്റ്റ് ഫ്രീ കോഴിക്കോട്) പദ്ധതി അവതാളത്തില്‍. പദ്ധതിക്കു മുന്നിട്ടിറങ്ങിയ ജില്ലാ കലക്റ്ററും ഇപ്പോള്‍ ഉള്‍വലിഞ്ഞു.

പ്രഖ്യാപനത്തിന്‍റെ അഞ്ചാം മാസം പിന്നിടുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ലയെക്കുറിച്ചു പഠിക്കാന്‍ വെറുതെ കോഴിക്കോട് നഗരത്തിലേക്കൊന്നിറങ്ങാം. ആരും ഞെട്ടിപ്പോകും. പലയിടത്തും പ്ലാസ്റ്റിക് കൂടുകളില്‍ നിറഞ്ഞ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നു. റോഡായാലും ബീച്ചായാലും ബസ് സ്റ്റാന്‍ഡുകളായാലും സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങളായാലും മൈതാനങ്ങളായാലും ഈ കാഴ്ച കാണാം. യാഥാവിധി നീക്കം ചെയ്യാത്തതിനാല്‍ ഓടകളില്‍നിന്നുപോലും മാലിന്യങ്ങള്‍ റോഡിലേക്കൊഴുകുന്നു. ഇക്കാലമത്രയും വൃത്തിയിലും വെടിപ്പിലും നഗരം സൂക്ഷിക്കാനിറങ്ങിയ കോര്‍പ്പറേഷന്‍റെ കുടുംബശ്രീക്കാര്‍ക്കും ഇപ്പോള്‍ മനംമാറ്റം. ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡരികില്‍ പലയിടങ്ങളിലായി കൂട്ടിയിടുകയാണിവര്‍. മെഡിക്കല്‍ കോളജിലും റെയ്ല്‍വെ സ്റ്റേഷന്‍ പരിസരങ്ങളിലും പാതയോരങ്ങളില്‍ ചിലയിടങ്ങിലും പരസ്യമായി പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും പതിവു കാഴ്ച.

ഏറെകൊട്ടിഘോഷിച്ച് മാപ് പദ്ധതി നടപ്പാക്കിയവര്‍ ഇതെല്ലാം കണ്ടു മുഖംതിരിക്കുന്നു. കൂടുതല്‍ വാര്‍ത്താ പ്രധാന്യം കിട്ടുന്ന പുത്തന്‍ പദ്ധതികള്‍ക്കു പിന്നാലെ പോകുകയാണ് അവര്‍. മൂന്നു മാസം നീണ്ട ബോധവത്കരണവും കര്‍മ പദ്ധതികളും, ജില്ല മുഴുവന്‍ ചുവരെഴുത്തുകളും നോട്ടീസ് വിതരണവും, ആംഗന്‍വാടികളും സ്കൂളുകളും മുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍വരെ നിര്‍ബന്ധിത പങ്കാളിത്തം, താര സാന്നിധ്യം, സാഹിത്യ കാരണവര്‍ എം.ടി. വാസുദേവന്‍ നായരടക്കം കണ്ണികളായ മനുഷ്യച്ചങ്ങല... കോഴിക്കോട് ജില്ലയെ സമ്പൂര്‍ണ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാനായി 2010 ഒക്റ്റോബര്‍ രണ്ടു മുതല്‍ 2011 ജനുവരി 30വരെ നടന്ന പ്രവര്‍ത്തനങ്ങളിതൊക്കെയായിരുന്നു.

രാജ്യത്ത് ആദ്യമായി ഒരു ജില്ല പ്ലാസ്റ്റിക് മാലിന്യമുക്തമാകുന്നെന്നു പ്രഖ്യാപിച്ചുകൊണ്ടായിരുന്നു കോഴിക്കോട് ജില്ലാ ഭരണകൂടം മാപ് പദ്ധതി ആവിഷ്കരിച്ചത്. ഗാന്ധി ജയന്തി ദിവസമായി ഒക്റ്റോബര്‍ രണ്ടിനു തുടങ്ങി ഗാന്ധി സമാധിദിനമായ ജനുവരി 30നു ജില്ലയെ സമ്പൂര്‍ണ പ്ലാസ്റ്റിക് മാലിന്യ മുക്ത ജില്ലയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തി. 25നു പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കലിന്‍റെ ഗ്രാമപഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തല പ്രഖ്യാപനങ്ങളും 26നു രാവിലെ 11നു ജില്ലാ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കുന്നതിന്‍റെ മുന്നോടിയായി മനുഷ്യച്ചങ്ങലയും തീര്‍ത്തു.

അഴീയൂര്‍ മുതല്‍ രാമനാട്ടുകര വരെയുള്ള 80 കിലോമീറ്റര്‍ ദൂരം നീണ്ട ചങ്ങലയില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളായി. പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തില്‍ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരാണ് പ്ലാസ്റ്റിക് മാലിന്യ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. പിന്നീട് ജനുവരി 30ന് അവസാനഘട്ടമെന്ന നിലയില്‍ പ്ലാസ്റ്റിക് മാലിന്യമുക്തമാകുന്ന ആദ്യ ജില്ലയായി കോഴിക്കോടിനെ പ്രഖ്യാപിച്ചു.

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് എം.എസ്.എ. സിദ്ദിഖിയെ കൊണ്ടുവന്നായിരുന്നു പ്രഖ്യാപനം.

ഇത്തരത്തില്‍ എല്ലാ അര്‍ഥത്തിലും കൊട്ടിഘോഷിച്ചു നടത്തിയ പദ്ധതിയാണ് മറ്റു പല പദ്ധതികളേയും പോലെ വഴിപിഴച്ചു പോവുന്നത്. കഴിഞ്ഞ മാസം കലക്റ്ററേറ്റില്‍ വിളിച്ചു ചേര്‍ത്തൊരു വാര്‍ത്താസമ്മേളനത്തില്‍ മാപിനെ ക്കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പദ്ധതിയുടെ ദയനീയാവസ്ഥയില്‍ തനിക്കും സങ്കടമുണ്ടെന്നാണു കലക്റ്റര്‍ ഡോ. പി.ബി സലീം പറഞ്ഞത്.

എന്നാല്‍ വെറും സങ്കടത്തിനപ്പുറം പദ്ധതിക്കു പുനര്‍ ജീവന്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തു നിന്നുമുണ്ടാവുന്നില്ല.
Rate This News :
Latest News