Wednesday, May 23, 2012   8:38 AM IST
Vaartha BlogRSS
Loading
സ്ഥാപത്യാദിലക്ഷണങ്ങള്‍
Published : Sunday, July 17, 2011
|
  
Text Size
ദീപ്തി ശൈലജ

ഭാരതീയ ചിന്താധാരകള്‍ വസ്തുതാപരമായിത്തന്നെ ശാസ്ത്രീയമായിരുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ഇന്നത്തെ തലമുറയ്ക്ക് അവയോടുള്ള ആഭിമുഖ്യം. ആധുനിക ശാസ്ത്രത്തിന്‍റെ അളവുകോലുകള്‍ ഉപയോഗിച്ചു കൊണ്ടു തന്നെ അവയെല്ലാം വിശകലനം ചെയ്യുകയും വേണം. ആത്മീയതയ്ക്കപ്പുറം ഭൗതികമായ വസ്തുതകളും മനുഷ്യനന്മ തുടങ്ങിയ സദുദ്ദേശ്യവും സനാതന സംസ്കൃതിയും എത്രത്തോളം ഉള്ളടക്കം ചെയ്തിട്ടുണ്ട് എന്നതിന് ഊടും പാവും തിരിച്ചുള്ള അന്വേഷണം ആവശ്യമാണ്. വാസ്തുശാസ്ത്രം എന്നത് ആത്മീയതയ്ക്കപ്പുറം ശാസ്ത്രീയസിദ്ധാന്തങ്ങളുടെ ആകെത്തുകയാണ്.

സൂത്രഗ്രാഹി

സ്ഥപതിയുടെ ഇഷ്ടപ്രകാരം വാസ്തുസ്ഥാപനയുടെ മേല്‍നോട്ടം നിര്‍വഹിക്കുകയാണ് സൂത്രഗ്രാഹിയുടെ കര്‍മ്മം. സൂത്രഗ്രാഹി എന്ന പദത്തിന്‍റെ അര്‍ഥം തന്നെ ചരടു പിടിക്കുന്നവന്‍ എന്നാണ്. ചരടും ദണ്ഡും കൊണ്ടുള്ള അളവുകളില്‍ ദക്ഷന്‍ (സമര്‍ഥന്‍) ആയിട്ടുള്ള വ്യക്തിയാണ് സൂത്രഗ്രാഹി. നിര്‍മാണത്തിനു നിശ്ചയിച്ചിട്ടുള്ള കെട്ടിടത്തിന്‍റെയും അനുബന്ധ ഘടകങ്ങളുടെയും ലംബവും വിതാനവും പരിശോധിക്കുക, നിര്‍മാണപ്രവൃത്തിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ശില്‍പ്പികള്‍ക്ക് യോഗ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക, അവരെ ശരിയായി നിയന്ത്രിക്കുക തുടങ്ങിയവയൊക്കെ സൂത്രഗ്രാഹിയുടെ ചുമതലകളില്‍പ്പെടും.

വാസ്തുവിധാനം നന്നായി അറിഞ്ഞ്, ഗുണനിലവാരം ഉറപ്പു വരുത്തി, സ്ഥലനിര്‍ണയ പ്രമാണം അനുസരിച്ച്, സ്ഥപതിയുടെ കല്‍പ്പനപ്രകാരം കല്ലിടുക, ഉത്തരം വയ്ക്കുക, മുതലായ കര്‍ത്തവ്യങ്ങള്‍ സൂത്രഗ്രാഹി ചെയ്യുന്നു. സ്ഥപതി നേരിട്ട് ഇവയൊക്കെ ചെയ്യുന്ന സമ്പ്രദായവുമുണ്ട്. ബാക്കിയുള്ള കാര്യങ്ങള്‍ സ്ഥപതിയുടെ നിര്‍ദേശപ്രകാരം സൂത്രഗ്രാഹി ചെയ്യേണ്ടതാണ്. സ്ഥപതിയുടെ മനോഗതം അറിയുന്ന ശിഷ്യനോ, പുത്രനോ ആയിരിക്കാം സൂത്രഗ്രാഹി. അതായതു സൂത്രഗ്രാഹിക്കു സ്ഥപതിയുടെ മേല്‍ സുദൃഢമായ ആത്മബന്ധം ഉണ്ടായേ തീരൂ. അതിനാലാണു ശിഷ്യനോ പുത്രനോ ആകണം സൂത്രഗ്രാഹി എന്നു വാസ്തുശാസ്ത്രം നിഷ്കര്‍ഷിക്കുന്നത്. ചുരുക്കത്തില്‍ സ്ഥപതിയുടെ പ്രതിപുരുഷന്‍ തന്നെയാണു സൂത്രഗ്രാഹി.

തക്ഷകന്‍

തക്ഷ എന്ന സംസ്കൃതധാതുവില്‍ നിന്നാണു തക്ഷക ശബ്ദത്തിന്‍റെ ഉത്പത്തി. അതിന്‍റെ പരിണാമപ്രാദേശിക രൂപമാണു തച്ചന്‍ ആയി പരിണമിച്ചത്. സ്ഥൂലമായ ദ്രവ്യങ്ങളില്‍ നിന്ന് നിര്‍മാണത്തിനു ആവശ്യമായ രൂപങ്ങള്‍ ചെത്തിയെടുക്കുക, മരം മുറിച്ച്, ഈര്‍ന്നു മുറിച്ച്, സംസ്കരിച്ച്, നിര്‍മാണത്തിനാവശ്യമായ ഓരോ ഭാഗവും രൂപപ്പെടുത്തുന്നതും തക്ഷകനാണ്. സ്ഥൂ ലത്തെ സൂക്ഷ്മമാക്കുകയാണു തക്ഷകന്‍റെ ജോലി. ( തേക്ക് എന്ന മരത്തെ മേശയാക്കി മാറ്റുന്നു, തേക്ക് എന്ന പേരു മാറി മേശ ആകുന്നു) തക്ഷകന്‍ സദാസന്തുഷ്ടനാവണം എന്നാണു പ്രമാണം.

വര്‍ദ്ധകി

വൃദ്ധ എന്ന ധാതുവില്‍ നിന്നാണു വര്‍ദ്ധകി എന്ന പദത്തിന്‍റെ വരവ്. ദാരുഘടകങ്ങളെ മണ്ണോ, ഇഷ്ടികയോ കല്ലോ കുമ്മായമോ കൂട്ടി ഗൃഹനിര്‍മാണത്തിന് ആവശ്യമായ രീതിയില്‍ യോജിപ്പിച്ച് ഭിത്തി, തൂണ്‍ മുതലായവ രൂപപ്പെടുത്തുന്ന കല്ലാശാരിയാണു വര്‍ദ്ധകി. ഈ വ്യക്തി എപ്പോഴും സമാധാനചിത്തനായിരിക്കണം എന്നാണു പ്രമാണം.



കടപ്പാട്

ബ്രഹ്മശ്രീ മധു. എന്‍. പോറ്റി

കണ്‍സള്‍ട്ടന്‍റ്

ആര്‍ക്കിറ്റെക്റ്റ്

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

ഫോണ്‍ 94471 46439
Rate This News :
Latest News