Wednesday, May 23, 2012   8:38 AM IST
Vaartha BlogRSS
Loading
നീക്കം ഉപേക്ഷിക്കണം
Published : Sunday, July 17, 2011
|
  
Text Size
തിരുവനന്തപുരം

സ്വന്തം ലേഖകന്‍

ഭൂപരിഷ്കരണ നിയമത്തില്‍ ഭേദഗതി വരുത്താനുള്ള നീക്കത്തില്‍നിന്നു സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.

മിച്ചഭൂമി ഏറ്റെടുത്തു കര്‍ഷകത്തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കും വിതരണം ചെയ്യുന്നതിലുണ്ടായ വീഴ്ച ഭൂപരിഷ്കരണ നടപടികളിലെ പ്രധാനപ്പെട്ട പോരായ്മയാണ്. വിമോചന സമരത്തിന്‍റെ ഫലമായി ഭൂപരിഷ്കരണ നിയമം അട്ടിമറിക്കപ്പെട്ടതാണു മിച്ചഭൂമി തിരിമറി ചെയ്യാന്‍ സാഹചര്യമൊരുക്കിയത്. പിന്നീട് 1970ല്‍ ഭൂപരിഷ്കരണ ഭേദഗതി നിയമം പാസാക്കിയതിനു ശേഷവും യുഡിഎഫ് കൊണ്ടുവന്ന ഇഷ്ടദാന ബില്ലുപോലുള്ള ഭേദഗതികളാണു മിച്ചഭൂമി ചോരുന്നതിനിടയാക്കിയത്.

ഇപ്പോഴത്തെ ബജറ്റില്‍ കശുമാവിനെ തോട്ടവിളയായി പരിഗണിച്ചു ഭൂനിയമപരിധിയില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുകയാണ്. ഇതോടെ അവശേഷിക്കുന്ന മിച്ചഭൂമിയും ഇല്ലാതാകും. സര്‍ക്കാര്‍ ഏറ്റെടുത്ത സ്വകാര്യ വനഭൂമിയും തിരിച്ചുനല്‍കേണ്ട സ്ഥിതി വന്നുചേരും. കോണ്‍ഗ്രസ് മന്ത്രി കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പുമായി ചര്‍ച്ച ചെയ്യാതെയാണു ബജറ്റ് അവതരിപ്പിച്ചതെന്നുള്ള വിവരം അതീവ ഗൗരവമുള്ളതാണ്.

ഭൂപരിഷ്കരണ ഭേദഗതിക്കു വേണ്ടിയുള്ള നിര്‍ദേശവും തോട്ടങ്ങളിലെ ഭൂവിനിയോഗം സംബന്ധിച്ചുള്ള ബജറ്റ് നിര്‍ദേശങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമായി അഭിപ്രായ സമന്വയമുണ്ടാക്കിയതിനു ശേഷമേ നടപ്പാക്കാന്‍ പാടുള്ളൂ. നിലവിലുള്ള നിയമത്തില്‍നിന്നു തോട്ടവിളകളെ സംബന്ധിച്ചു വരുത്താനുദ്ദേശിക്കുന്ന നിര്‍ദേശം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും സിപിഎം സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

Rate This News :
Latest News