Wednesday, May 23, 2012   8:51 AM IST
Vaartha BlogRSS
Loading
"ശക്തന്‍'സിറ്റി സര്‍വീസിന് സാധ്യത തെളിഞ്ഞു
Published : Monday, July 25, 2011
|
  
Text Size
തൃശൂര്‍

"ശക്തന്‍ ' സിറ്റി സര്‍വീസിനു സാധ്യത തെളിഞ്ഞു. കെഎസ്ആര്‍ടിസിയ്ക്കു പുതിയ ബസുകള്‍ ഇറങ്ങുമ്പോള്‍ തൃശൂരുമായി ബന്ധപ്പെട്ടു സിറ്റി സര്‍വീസിനെ കുറിച്ചാലോചിക്കുമെന്നു മന്ത്രി വി.എസ്.ശിവകുമാര്‍. ഇന്നലെ കെഎസ്ആര്‍ടിസി തൃശൂര്‍ ഡിപ്പോ സന്ദര്‍ശിച്ച വേളയിലാണു മന്ത്രി തൃശൂര്‍ നിവാസികളുടെ ഏറെക്കാലത്തെ ആവശ്യത്തിന് ഗ്രീന്‍സിഗ്നല്‍ നല്‍കിയത്.

മെട്രൊ നഗരമായി വളര്‍ന്നു കൊണ്ടിരിക്കുന്ന തൃശൂരിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി "ശക്തന്‍സര്‍വീസ് ' എന്ന പേരില്‍ സിറ്റി സര്‍വീസ് ആരംഭിക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തെ കുറിച്ചു മെട്രൊ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിറ്റി ബസുകളില്ലാത്തതു നഗരത്തിലെത്തുന്ന യാത്രക്കാരെ ചില്ലറയൊന്നുമല്ല വലയ്ക്കുന്നത്. വളരെ അടുത്ത ദൂരത്തേയ്ക്കു പോലും ഓട്ടോറിക്ഷയെ ആശ്രയിക്കണമെന്നതാണു നഗരത്തിലെ അവസ്ഥ.

റെയ്ല്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന ഒരാള്‍ക്കു സാഹിത്യഅക്കാദമിയിലേക്കോ സ്വകാര്യ ബസ് സ്റ്റാന്‍ഡുകളിലേക്കോ പോകണമെങ്കില്‍ ഓട്ടോറിക്ഷകളെ മാത്രമേ ആശ്രയിക്കാനാകൂ. വടക്കേ സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാര്‍ക്കു റെയ്ല്‍വേ സ്റ്റേഷനിലെത്തണമെങ്കില്‍ മൂന്നു കിലോമീറ്ററോളം ദൂരം ഓട്ടോയില്‍ പോകണം അല്ലെങ്കില്‍ പതിനഞ്ചു മിനുട്ടോളം നടക്കണം.നഗരത്തിലെ പ്രധാനകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സര്‍ക്കുലര്‍ സര്‍വ്വീസില്ലാത്തതാണ് ഏറെ പ്രയാസമുണ്ടാക്കുന്നത്.

സംസ്ഥാനത്തു സിറ്റിസര്‍വ്വീസില്ലാത്ത ഏക കോര്‍പ്പറേഷനാണു തൃശൂര്‍. വിസ്തൃതമായി കിടക്കുന്ന നഗരമായിട്ടും വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രയ്ക്ക് ഓട്ടോറിക്ഷയെ തന്നെ ആശ്രയിക്കണം. ഓട്ടോക്കാരുടെ കഴുത്തറുപ്പന്‍ ചാര്‍ജു കൂടിയാകുമ്പോള്‍ യാത്രക്കാര്‍ വലഞ്ഞു പോകും.

കൊക്കാല, റെയ്ല്‍വേ സ്റ്റേഷന്‍, പടിഞ്ഞാറേക്കോട്ട, പൂങ്കുന്നം, പാട്ടുരായ്ക്കല്‍, അശ്വനി, ചെമ്പുകാവ്, കിഴക്കേക്കോട്ട, ശക്തന്‍ സ്റ്റാന്‍റ് എന്നീ പ്രധാന ജംങ്ഷനുകളെ ബന്ധിപ്പിച്ചു സര്‍ക്കുലര്‍ സര്‍വ്വീസ് തുടങ്ങിയാല്‍ യാത്രക്കാര്‍ക്കു വലിയ നേട്ടമാകും.

പൂങ്കുന്നത്തോ പടിഞ്ഞാറേ കോട്ടയിലോ ഒരു സ്റ്റാന്‍ഡ് നിര്‍മ്മിച്ചു ദീര്‍ഘദൂര ബസുകളെ നഗരത്തിനകത്തേക്കു കടത്തി വിടാതെ നാലു സ്റ്റാന്‍ഡുകളെ ബന്ധിപ്പിച്ചു അത്യാധുനിക സൗകര്യങ്ങളോടെയുള്ള സിറ്റി ബസുകളോടിക്കാന്‍ കഴിഞ്ഞാല്‍ നഗരത്തിലെ യാത്രാപ്രശ്നം പരിഹരിക്കാന്‍ കഴിയും.

മന്ത്രിയുടെ തീരുമാനം നടപ്പായാല്‍ നഗരത്തിലെ ഗതാഗത കുരുക്കിനും പരിഹാരമാകും.എംഎല്‍എമാരായ പി.എ. മാധവന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, മേയര്‍ ഐ.പി.പോള്‍, കെഎസ്ആര്‍ടിസി സോണല്‍ ഓഫിസര്‍ ജി.പി. പ്രദീപ്കുമാര്‍, കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാര്‍ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു
Rate This News :
Latest News