ചര്‍ച്ചകള്‍ പുനരാരംഭിക്കും
Published : Wednesday,
July 27,
2011
ന്യൂഡല്‍ഹി
ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാനും തീവ്രവാദത്തിനെതിരേ യോജിച്ച പോരാട്ടത്തിനും ഇന്ത്യ- പാക് വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനം. കശ്മീര്‍ പ്രശ്ന പരിഹാരത്തിനു പരസ്പര വിശ്വാസാധിഷ്ഠിത പദ്ധതികള്‍ നടപ്പാക്കും. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരായ എസ്.എം. കൃഷ്ണയും ഹിന റബ്ബാനി ഖറും വെവ്വേറെ ഇറക്കിയ പ്രസ്താവനകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ചര്‍ച്ചകളില്‍ സംതൃപ്തിയുണ്ടെന്നും സമാധാനപൂര്‍ണമായ ഭാവിനടപടികള്‍ നടപ്പാക്കാനാകുമെന്നും പ്രതീക്ഷിക്കുന്നതായും ഹിന റബ്ബാനി. ഉഭയകക്ഷി ബന്ധത്തിന്‍റെ പുതുയുഗം ഇതോടെ ആരംഭിച്ചെന്നും അവര്‍ പറഞ്ഞു.
മുംബൈ ഭീകരാക്രമണത്തിനു ശേഷം തടസപ്പെട്ട ചര്‍ച്ചകള്‍ പുനരാരംഭിക്കാനായതില്‍ സന്തോഷമുണ്ടെന്ന് എസ്. എം. കൃഷ്ണ. ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന മുഴുവനാളുകളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ യോജിച്ചു പ്രയത്നിക്കും. തീവ്രവാദം ഇരു രാഷ്ട്രങ്ങള്‍ക്കും ഒരു പോലെ ഭീഷണിയാണ്. രാജ്യങ്ങള്‍ക്കിടയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ പ്രതിജ്ഞയെടുത്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശരിയായ ദിശയിലാണു നീങ്ങുന്നതെന്നും കൃഷ്ണ പറഞ്ഞു.
കശ്മീര്‍ പ്രശ്നത്തില്‍ രമ്യമായ പരിഹാരം കാണാന്‍ പരസ്പര വിശ്വാസത്തിലൂന്നിയ കൂടുതല്‍ പരിപാടികളാണു പ്രഖ്യാപിച്ചത്. ശ്രീനഗര്‍- മുസഫറാബാദ്, പൂഞ്ച്- റാവല്‍കോട്ട് ബസ് സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ധാരണ. അതിര്‍ത്തിക്കിരുവശവും കച്ചവടത്തിനു കൂടുതല്‍ ദിവസങ്ങള്‍ അനുവദിക്കും. വാണിജ്യം, സാമ്പത്തികം, കൃഷി തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ധാരണയായി. ഭിന്നതകള്‍ കുറയ്ക്കാനും വിശ്വാസം ഊട്ടിയുറപ്പിക്കാനുമാണു പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്.
ഇതു കൂടാതെ അതിര്‍ത്തി കടന്നുള്ള തീവ്രവാദം, മുംബൈ ആക്രമണ പ്രതികളുടെ വിചാരണ, മനുഷ്യാവകാശ പ്രശ്നങ്ങള്‍, വുള്ളര്‍ ബാറേജ്/ ടുള്‍ബുള്‍ നാവിക പദ്ധതി, സിയാച്ചിന്‍, സര്‍ക്രീക്ക് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്തു.
ചര്‍ച്ചകളുടെ പുരോഗതി വിലയിരുത്താന്‍ 2012 ആദ്യ പകുതിയോടെ ഇസ് ലാമാബാദില്‍ കൂടിക്കാഴ്ച നടത്താനും ഇരു നേതാക്കളും തീരുമാനിച്ചു.
Close...
Maximum Character Allowed -
4000