Wednesday, May 23, 2012   8:57 AM IST
Vaartha BlogRSS
Loading
ഫെല്‍പ്സിന് ലോഷെ ഷോക്ക്
Published : Friday, July 29, 2011
|
  
Text Size
ഷാങ്ഹായ്

ലോക നീന്തല്‍ ചാംപ്യന്‍ഷിപ്പില്‍ ഒളിംപിക്സ് ജേതാവ് മൈക്കിള്‍ ഫെല്‍പ്സിനെ യുഎസ് ടീമിലെ സഹതാരം റ്യാന്‍ ലോഷെ വീണ്ടും അട്ടിമറിച്ചു. 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെയില്‍ ലോക റെക്കോഡിന്‍റെ അകമ്പടിയോടെയാണ് നിലവിലുള്ള ലോക ചാംപ്യനായ ലോഷെയുടെ ജയം. 2009ലെ റോം ലോക ചാംപ്യന്‍ഷിപ്പില്‍ സ്ഥാപിച്ച 1 മിനിറ്റ് 54.10 സെക്കന്‍ഡ് എന്ന സമയം 1.54.00 സെക്കന്‍ഡായി തിരുത്തിക്കുറിച്ചു ലോഷെ. നേരത്തേ 200 മീറ്റര്‍ ഫ്രീസ്റ്റൈലിലും ഫെല്‍പ്സിനെ ലോഷെ അട്ടിമറിച്ചിരുന്നു.

1 മിനിറ്റ് 54.16 സെക്കന്‍ഡിലാണ് ഫെല്‍പ്സ് ഫിനിഷ് ചെയ്തത്. രണ്ടാം പാദത്തില്‍ ബാക്ക്സ്ട്രോക്ക് ഇനം കഴിഞ്ഞപ്പോഴെ നേരിയ മുന്‍തൂക്കം സ്വന്തമാക്കിയിരുന്നു ലോഷെ. ഈ ലീഡ് നിലനിര്‍ത്തി മുന്നേറുകയായിരുന്നു പിന്നീട്. ഹംഗറിയുടെ ലാസ്ലൊ ഷെ 1.57.69 സമയത്തില്‍ ഫിനിഷ് ചെയ്ത് വെങ്കലം നേടി. 100 മീറ്റര്‍ ബട്ടര്‍ഫ്ളൈയിലും മൂന്ന് റിലേകളിലും ഫെല്‍പ്സ് ഇനി മത്സരിക്കാനിറങ്ങും.

14 സ്വര്‍ണവും 11 വെള്ളിയും ഏഴ് വെങ്കലവുമുള്ള ചൈനയാ ണ് മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 8 സ്വര്‍ണവും നാല് സ്വര്‍ണവും മൂന്ന് വെങ്കലവുമായി റഷ്യ രണ്ടാം സ്ഥാനത്തും 7 സ്വര്‍ണവും അഞ്ച് വീതം വെള്ളിയും വെങ്കലവും നേടിയ യുഎസ് മൂന്നാം സ്ഥാനത്തും.

വിവാദമായിത്തീര്‍ന്ന പോളിയൂറിത്തൈന്‍ സ്വിം സ്യൂട്ടുകള്‍ കഴിഞ്ഞവര്‍ഷം വിലക്കിയ ശേഷം ഇതാദ്യമായാണ് ഒരു ലോക റെക്കോഡ് സ്ഥാപിക്കപ്പെടുന്നത്. ഇനി ലോക റെക്കോഡുകളുണ്ടാകില്ലെന്ന ധാരണ തിരുത്തിക്കുറിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇത് ഏറെ നാളായുള്ള തന്‍റെ ലക്ഷ്യമാണെന്നും ലോഷെ വിജയശേഷം പറഞ്ഞു.

ലോഷെയെ അഭിനന്ദിക്കാന്‍ ഫെല്‍പ്സും മറന്നില്ല. മികച്ച ഫോമിലാണ് തന്‍റെ സഹതാരമെന്നും തന്നേക്കാള്‍ ഫലപ്രദമായ തയാറെടുപ്പാണ് ലോഷെ നടത്തിയതെന്നും ഫെല്‍പ്സ്. 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ അന്താരാഷ്ട്ര തലത്തിലെ സ്വര്‍ണത്തിനായുള്ള 43 വര്‍ഷത്തെ ഓസ്ട്രേലിയന്‍ കാത്തിരിപ്പിനും ഇന്നലെ ശുഭാന്ത്യമായി. ജെയിംസ് മാഗ്നസനെന്ന ഇരുപതുകാരനാണ് സ്വര്‍ണം നേടിയത്. 1968 ലെ ഒളിംപിക്സില്‍ മൈക് വെന്‍ഡനാണ് ഓസ്ട്രേലിയയ്ക്കായി അവസാന 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ സ്വര്‍ണം നേടിയത്.
Rate This News :
Latest News