മെട്രൊ റെയ്ല്‍: ആദ്യ കല്ലിടല്‍ നാളെ
Published : Friday,
July 29,
2011
കൊച്ചി
സ്വന്തം ലേഖകന്‍
മെട്രൊ റെയ്ല്‍ അനുബന്ധ പദ്ധതികള്‍ക്കു നാളെ തുടക്കമാകും. രണ്ടു പാലങ്ങളാണ് ആദ്യഘട്ടത്തില്‍. ഒന്നു നിര്‍മിക്കല്‍, ഒന്നു പൊളിച്ചുപണിയല്‍. നോര്‍ത്ത് പാലം പൊളിച്ചുപണിയലിന്‍റെയും കെഎസ്ആര്‍ടിസി മേല്‍പ്പാലത്തിന്‍റ നിര്‍മാണത്തിന്‍റെയും ഉദ്ഘാടനം നാളെ വൈകിട്ട് ആറിനു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
18 മാസത്തിനകം നോര്‍ത്ത് പാലം പൊളിച്ചു വീതികൂട്ടി പണിയും. ചെലവ് ~ 70 കോടി. കെഎസ്ആര്‍ടിസി റെയ്ല്‍ ഓവര്‍ബ്രിഡ്ജ് 15 മാസംകൊണ്ടു പണി തീര്‍ക്കും. ചെലവ് ~ 19 കോടി. ഈ രണ്ടുപദ്ധതികളോടെ ~ 5000 കോടിയോളം ചെലവുവരുന്ന കൊച്ചി മെട്രൊ റെയ്ല്‍ പദ്ധതിക്ക് അനൗപചാരിക തുടക്കമാവുകയാണ്.
കെഎസ്ആര്‍ടിസി മേല്‍പ്പാലത്തിന്‍റെ പൈലിങ് ജോലികള്‍ നാളെത്തന്നെ തുടങ്ങും. ഇതിനായി കുടിയൊഴിയേണ്ടിവരുന്ന മൂന്നു കുടുംബങ്ങള്‍ക്കു നാലുസെന്‍റ് വീതം കാക്കനാട്ട് നല്‍കും.
ഉദ്ഘാടനച്ചടങ്ങില്‍ ഇവര്‍ക്കുള്ള പട്ടയം, പൊന്നുംവില ആനുകൂല്യം എന്നിവ കൈമാറും. ആറുമാസത്തേക്കു വാടകയും നല്‍കുമെന്നു ജില്ലാ കലക്റ്റര്‍ പി.ഐ. ഷെയ്ക്ക് പരീത്, കൊച്ചി മേയര്‍ ടോണി ചമ്മിണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നോര്‍ത്ത് പാലം പൊളിക്കുംമുന്‍പു തകര്‍ന്നുകിടക്കുന്ന റോഡുകളെല്ലാം പുനര്‍നിര്‍മിക്കും. കുടിശികത്തുകയായ 28 കോടി കിട്ടാത്തതിനാല്‍ കോണ്‍ട്രാക്റ്റര്‍മാര്‍ നടത്തുന്ന സമരം റോഡ് പുനര്‍നിര്‍മാണത്തെ ബാധിക്കില്ലെന്നു മേയര്‍ വ്യക്തമാക്കി.
റോഡ് പണികള്‍ക്ക് അവര്‍ വിസമ്മതിച്ചാല്‍ അടിയന്തരപ്രാധാന്യത്തോടെ പൊതുമരാമത്ത് വകുപ്പ് വഴിയോ, മെട്രൊ റെയ്ല്‍ പദ്ധതിയുടെ ഭാഗമായി ഡിഎംആര്‍സി സഹായത്തോടെയോ ഡെപ്പോസിറ്റ് വര്‍ക്ക് എന്ന നിലയില്‍ റോഡ് പണി നടത്തും. 15 ദിവസത്തിനുള്ളില്‍ ബദല്‍ ട്രാഫിക് ട്രയല്‍ റണ്‍ നടത്താനാവുമെന്നാണു പ്രതീക്ഷ.
നോര്‍ത്ത് പാലത്തിനുതാഴെയുള്ള നഗരസഭയുടെ വാടകക്കാര്‍ക്കു പകരംസ്ഥലം പുല്ലേപ്പടി റെയ്ല്‍ മേല്‍പ്പാലത്തിനു താഴെ നല്‍കാന്‍ ശ്രമിക്കുകയാണെന്നു ടോണി ചമ്മിണി വ്യക്തമാക്കി.
അന്നാട്ടുകാര്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത കച്ചവടങ്ങള്‍ നടത്തണമെന്ന നിര്‍ദേശമാണുള്ളത്. നാളെ ഉദ്ഘാടനച്ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്, സംസ്ഥാനമന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടന്‍ മുഹമ്മദ്, കെ. ബാബു, ടി.എം. ജേക്കബ്, വി.കെ. ഇബ്രാഹിംകുഞ്ഞ്, എംപിമാരായ കെ.പി. ധനപാലന്‍, പി. രാജീവ്, ചാള്‍സ് ഡയസ്, ജില്ലയിലെ എംഎല്‍എമാര്‍, ഡിഎംആര്‍സി ചെയര്‍മാന്‍ ഇ. ശ്രീധരന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
കൃത്യസമയത്തുതന്നെ പാലം പണികളും മെട്രൊ റെയ്ല്‍ പദ്ധതിയും പൂര്‍ത്തിയാക്കാനാവുമെന്നാണു പ്രതീക്ഷയെന്നു കലക്റ്റര്‍ ഷെയ്ക്ക് പരീത് വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ ഹൈബി ഈഡന്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ ഭദ്ര സതീഷ്, ഡിഎംആര്‍സി പ്രൊജക്റ്റ് ഓഫിസര്‍ പി. ശ്രീറാം തുടങ്ങിയവരും സംബന്ധിച്ചു.
Close...
Maximum Character Allowed -
4000