പുത്തരിക്കണ്ടത്ത് ഇന്നു വിളവെടുപ്പ്
Published : Thursday,
August 04,
2011
തിരുവനന്തപുരം
പുത്തരിക്കണ്ടത്ത് നഗരസഭ വിതച്ച നെല്ലിന് ഇന്നു വിളവെടുപ്പ്. രാവിലെ എട്ടരയ്ക്കു നടക്കുന്ന കൊയ്ത്തുത്സവം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്, വി. ശിവന്‍കുട്ടി എംഎല്‍എ എന്നിവരും നഗരസഭാ അതിര്‍ത്തിയിലുള്ള സ്കൂള്‍ വിദ്യാര്‍ഥികളും പങ്കെടുക്കുമെന്നു മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിറപുത്തരിക്കു വേണ്ടിയാണു നെല്‍ക്കതിരുകള്‍ ഉപയോഗിക്കുക. കൊയ്തെടുത്തശേഷം ഇവ ക്ഷേത്രത്തിലെത്തിച്ച് ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനു കൈമാറുമെന്നു മേയര്‍. തുടര്‍ന്നു ക്ഷേത്രം നമ്പിമാര്‍ നെല്‍ക്കതിരുകള്‍ പത്മതീര്‍ഥക്കുളത്തില്‍ ശുചീകരിച്ചശേഷം നിറപുത്തരിക്ക് അലങ്കരിക്കും. നാളെ രാവിലെ അഞ്ചുമുതല്‍ ഏഴുവരെയാണു ക്ഷേത്രത്തില്‍ നിറപുത്തരി ചടങ്ങ് നടക്കുക.
പുത്തരിക്കണ്ടത്തെ കൃഷിസാധ്യത മനസിലാക്കിയ കഴിഞ്ഞ നഗരസഭയാണ് ഇവിടെ നെല്‍ക്കൃഷി പുനരാരംഭിച്ചത്. മൈതാനത്തിന്‍റെ പിന്‍വശമുള്ള 30 സെന്‍റ് സ്ഥലത്താണു കൃഷിയിറക്കിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ആദ്യ വിളവെടുപ്പു നടന്നു. നിറപുത്തരിയുടെ തീയതി മുന്നില്‍ക്കണ്ടാണ് ഇപ്പോള്‍ വിത്തു വിതച്ചത്. കുടപ്പനക്കുന്ന് കൃഷിഭവനിലെ കാര്‍ഷിക കര്‍മസേനയുടെ നേതൃത്വത്തിലാണു കൃഷി നടക്കുന്നത്. ഉമ എന്ന വിത്തിനമാണു കൃഷിക്ക് ഉപയോഗിച്ചത്. ഇതിന് 100 മുതല്‍ 120 ദിവസം വരെയാണു വളര്‍ച്ചാഘട്ടമെന്നു കൃഷിയുടെ മേല്‍നോട്ടം വഹിക്കുന്ന കൃഷി ഓഫിസര്‍ മിനി പറഞ്ഞു. നിറപുത്തരി ദിനം നേരത്തെ തന്നെ കണക്കാക്കിയിരുന്നതിനാല്‍ അതനുസരിച്ചാണു വിത്ത് പാകിയത്.
പ്രതീക്ഷിച്ച വിളവു കിട്ടിയെന്നും അവര്‍ പറഞ്ഞു.ഇന്നു കൊയ്തെടുത്താല്‍ അടുത്ത നിറപുത്തരിക്കു വേണ്ടിയാകും വിതയ്ക്കുകയെന്നു മേയര്‍ പറഞ്ഞു. കൃഷി തുടര്‍ന്നുകൊണ്ടു പോകാന്‍ തന്നെയാണു നഗരസഭാ തീരുമാനം. ഇവിടെ കൊയ്തെടുക്കുന്ന നെല്ല് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ കൊടുക്കാന്‍ വേണ്ടിയാണു നിലവിലുള്ള തീരുമാനമെന്നും മേയര്‍. അടുത്ത കൃഷിവരെയുള്ള ഇടവേളയില്‍ പച്ചക്കറിക്കൃഷി നടത്തുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്.
ഇതിനു വേണ്ട നടപടി സ്വീകരിക്കാന്‍ കാര്‍ഷിക കര്‍മസേനയുടെ കോ-ഓര്‍ഡിനേറ്റര്‍ ബിനുലാലിനെ ചുമതലപ്പെടുത്തിയതായും മേയര്‍ പറഞ്ഞു. പത്മതീര്‍ഥക്കുളത്തിനു സമീപമുള്ള കല്ലാന പ്രതിമ പുനരുദ്ധാരണം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തിന്‍റെ ചരിത്രവുമായി ബന്ധമുള്ള ഈ കല്ലാന നാശത്തിന്‍റെ വക്കിലാണ്. ഇതു പുനരുദ്ധരിക്കാനുള്ള അനുമതി രാജകുടുംബത്തിനു നല്‍കുമെന്നും മേയര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ ജി. ഹാപ്പികുമാര്‍, കൗണ്‍സിലര്‍മാരായ പാളയം രാജന്‍, ജോണ്‍സണ്‍ ജോസഫ് എന്നിവരും പങ്കെടുത്തു.
Close...
Maximum Character Allowed -
4000