Wednesday, May 23, 2012   9:13 AM IST
Vaartha BlogRSS
Loading
ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യും
Published : Thursday, August 11, 2011
|
  
Text Size
തിരുവനന്തപുരം

ഓഗസ്റ്റ് 31ന് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം നീട്ടണമെന്ന സര്‍ക്കാര്‍ ശുപാര്‍ശ പിഎസ്സി അംഗീകരിക്കാത്ത സാഹചര്യത്തില്‍ 2012 മാര്‍ച്ച് 31 വരെ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകള്‍ സൂപ്പര്‍ ന്യൂമററി തസ്തികകളായി കണക്കാക്കി പിഎസ്സിക്കു റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമനത്തിനു തടസമുണ്ടാകാതിരിക്കുന്നതിനാണ് ഈ നടപടി. ഇതിനായി എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി.

പെന്‍ഷന്‍ തീയതി ഏകീകരണം നടപ്പാക്കിയതോടെ ഒഴിവുകള്‍ മാര്‍ച്ചില്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. ഇതാണ് ഉദ്യോഗാര്‍ഥികളെ പ്രതിസന്ധിയിലാക്കിയത്. നേരത്തേ കാലാവധി തീരുന്ന ലിസ്റ്റുകളുടെ കാലാവധി ആറുമാസം നീട്ടണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂന്നു മാസത്തേക്കു നീട്ടാനേ പിഎസ്സി തയാറായുള്ളൂ.

ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂനിവേഴ്സിറ്റിക്കു മുട്ടത്തറയില്‍ ഒരേക്കര്‍ ഭൂമി നല്‍കും. പത്തനംതിട്ട കോഴഞ്ചേരി ചെന്നീര്‍ക്കരയില്‍ 2.44 ഹെക്റ്റര്‍ സ്ഥലം കേന്ദ്രീയ വിദ്യാലയം തുടങ്ങുന്നതിനു നല്‍കും. പൊലീസ് വകുപ്പിന്‍റെ പക്കലുള്ള സ്ഥലമാണു കേന്ദ്രീയ വിദ്യാലയത്തിനു നല്‍കുക.

ഖാദിക്ക് ഉല്‍സവ കാല റിബേറ്റ് നല്‍കുന്നതിന് ആറ് കോടി രൂപ അനുവദിക്കും. ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിക്ക് ചിങ്ങം ഒന്നിനു തുടക്കം കുറിക്കും.

ഒരു ഹെക്റ്ററില്‍ താഴെ ഭൂമിയുള്ള കര്‍ഷകര്‍ക്കു പ്രതിമാസം ~3000 ആയിരിക്കും പെന്‍ഷന്‍.

ഓച്ചിറയില്‍ റെയ്ല്‍വേ ക്രോസില്‍ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു മൂന്നു ലക്ഷം രൂപ വീതം നല്‍കും. ചികിത്സയില്‍ കഴിയുന്നവരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും. മൂന്നു ബംഗാള്‍ സ്വദേശികളാണു മരണപ്പെട്ടത്. ഇവരുടെ മൃതദേഹം വിമാനമാര്‍ഗം നാട്ടിലെത്തിച്ചു.
Rate This News :
Latest News