Wednesday, May 23, 2012   9:13 AM IST
Vaartha BlogRSS
Loading
മിന്നല്‍ പണിമുടക്ക് വീണ്ടും
Published : Thursday, August 11, 2011
|
  
Text Size
വളാഞ്ചേരി

സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് വീണ്ടും. വളാഞ്ചേരി വഴി കടന്നു പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകള്‍ ഒഴികെയുള്ളവയാണ് ഇന്നലെ രാവിലെ 10 മുതല്‍ സര്‍വീസ് നിര്‍ത്തിവെച്ചത്. എടയൂര്‍ പിടികപ്പടിയില്‍ ഫെയര്‍ സ്റ്റേജിനെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്നു നാട്ടുകാര്‍ ബസുകള്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ചുവെന്ന് ആരോപിച്ചായിരുന്നു മിന്നല്‍ സമരം. നാട്ടുകാരും അധികൃതരും ബസ് ജീവനക്കാരും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന ഉച്ചയോടെ സര്‍വീസുകള്‍ പുനരാരംഭിച്ചു. രാവിലെ ആറു മണി മുതലാണ് എടയൂര്‍ പീടിക പടിയില്‍ നാട്ടുകാര്‍ സ്വകാര്യ ബസുകള്‍ തടയാന്‍ ആരംഭിച്ചത്.

നിലവിലുണ്ടായിരുന്ന 5.50നു പകരം എട്ടുരൂപ ഈടാക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. പുതുക്കിയ ബസ് ചാര്‍ജ് അനുസരിച്ച് ഏഴര കിലോമീറ്റര്‍ വരെ ആറു രൂപയാണ് ചാര്‍ജ്ജ് . എന്നാല്‍ ഏഴ് കിലോമീറ്റര്‍ വരുന്ന പീടികപ്പടിയിലേക്ക് എട്ടുരൂപ വാങ്ങുവെന്നാണു നാട്ടുകാരുടെ പരാതി. ബസ് ജീവനക്കാരും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കി.

തുടര്‍ന്ന് വളാഞ്ചേരി സിഐ ഓഫിസില്‍ നാട്ടുകാരും ബസ് ഉടമകളും ജീവനക്കാരും പൊലീസും ചേര്‍ന്ന് ചര്‍ച്ച നടത്തി. തുടര്‍ന്ന് ബസ് ജീവനക്കാരും ഉടമകളും സമരത്തില്‍ നിന്നും പിന്തിരിയുകയായിരുന്നു. തിരൂര്‍ ആര്‍ടിഒയുമായി ഫോണില്‍ ബന്ധപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ അധിക ചാര്‍ജ് വാങ്ങുന്നുണ്ടെന്ന പരാതി ഹരിഹരിക്കുന്നതിനായി 10 ദിവസത്തിനകം നിലവിലുള്ള ഫെയര്‍ സ്റ്റേജുകള്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ തിട്ടപ്പെടുത്താനും പുതുയ സ്റ്റേജുകള്‍ നിര്‍ണയിച്ചു നല്‍കാനും ധാരണയായി.

തുടര്‍ന്ന് ഉച്ചയോടെ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചു. പെട്ടെന്നുണ്ടായ പണിമുടക്ക് യാത്രക്കാരെ ഏറെ വലച്ചു. വിവിധ ആവശ്യങ്ങള്‍ക്കായി വളാഞ്ചേരിയില്‍ എത്തിയവര്‍ തിരികെപോകാനാവാതെ ദുരിതത്തിലായി.

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നാമ മാത്രമായെങ്കിലും സര്‍വീസ് നടത്തുന്ന പെരിന്തല്‍മണ്ണ റൂട്ടില്‍ മാത്രമാണു യാത്രക്കാര്‍ക്കു കുറച്ചെങ്കിലും ആശ്വാസമുണ്ടായത്. കരേക്കാട്, എടയൂര്‍, പെരിന്തല്‍മണ്ണ, മൂര്‍ക്കനാട്, കൊപ്പം, കുറ്റിപ്പുറം, പേരശന്നൂര്‍, ആതവനാട്, ഇരിമ്പിളിയം, പുറമണ്ണൂര്‍ ഭാഗങ്ങളിലെ യാത്രക്കാര്‍ ബസുകള്‍ കിട്ടാത്തതു മൂലം കുടുതല്‍ തുക മുടക്കി മറ്റു വാഹനങ്ങളെ ആശ്രയിച്ചു.

ഉച്ചക്ക് സ്കൂള്‍ വിദ്യാര്‍ഥികള്‍ എത്തിയതോടെ ബസ് സ്റ്റാന്‍റ് നിറഞ്ഞു. ബസുകള്‍ ഇല്ലാത്തതിനാല്‍ വിദ്യാര്‍ഥികളും ആശങ്കയിലായി. ഒരു മണിക്ക് ശേഷം സ്വകാര്യ ബസുകള്‍ ഓരോന്നായി സ്റ്റാന്‍റിലേക്ക് എത്തി. ജില്ലയില്‍ ഇടക്കിടെയുണ്ടാവുന്ന മിന്നല്‍ പണിമുടക്ക് കാരണം യാത്രക്കാര്‍ ഏറെ വലയുകയാണ്. മിന്നല്‍ പണിമുടക്കുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Rate This News :
Latest News