ശബ്ദ സാംപ്ള്‍ തിരിച്ചറിഞ്ഞു
Published : Sunday,
August 14,
2011
ഇസ്ലാമാബാദ്
26/11 കേസില്‍ പാക്കിസ്ഥാനില്‍ വിചാരണ നേരിടുന്ന ഏഴു പേരില്‍ ഒരാളുടേതുമായി ശബ്ദ സാംപ്ളിനു സാദൃശ്യമുണ്ടെന്ന് പ്രോസിക്യൂഷന്‍ സാക്ഷി. ലഷ്കര്‍ ഇ തൊയ്ബയുടെ തലപ്പത്തുള്ള ഇയാള്‍ ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തുവെന്ന ഇന്ത്യന്‍ വാദം ഉറപ്പിക്കുന്നതാണ് മൊഴി.
മുംബൈ ആക്രമണത്തെത്തുടര്‍ന്ന് ലഷ്കര്‍ ക്യാംപുകളില്‍ റെയ്ഡ് നടത്തിയ പാക് ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി ഇന്‍സ്പെക്റ്റര്‍ നിസാര്‍ അഹമ്മദ് ജാദൂണാണ് പാക്കിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി ജഡ്ജി ഷഹിദ് റഫീഖ് മുന്‍പാകെ മൊഴി നല്‍കിയത്. റെയ്ഡില്‍ ലഭിച്ച രേഖകളും അദ്ദേഹം കോടതിയില്‍ സമര്‍പ്പിച്ചു.
2008 നവംബറില്‍ ആക്രമണത്തിനു മുന്‍പ് ലഷ്കര്‍ ഭീകരര്‍ പരീശീലനം നടത്തിയിരുന്നുവെന്നും ശബ്ദ സാംപ്ളില്‍ സാദൃശ്യം കണ്ടെത്തിയ ഭീകരനാണ് 10 അംഗ സംഘത്തെ പരിശിപ്പിച്ചതെന്നും ജാദൂണിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കറാച്ചിയില്‍ മൂന്നു ക്യാംപുകളാണ് ലഷ്കറിനുള്ളത്. മുംബൈ ആക്രമണത്തിനു ശേഷം എഫ്ഐഎ ഇവിടങ്ങളില്‍ റെയ്ഡ് നടത്തി. ശബ്ദ സാംപ്ളില്‍ സമാനത കണ്ടെത്തിയ ആള്‍ മാത്രമേ അന്നു ക്യാംപിലുണ്ടായിരുന്നുള്ളു. ആയുധങ്ങളോ ബോംബോ ഒന്നും കണ്ടെത്തിയിട്ടില്ല- ജാദൂണ്‍ കോടതിയെ അറിയിച്ചു.
മുംബൈ ആക്രമണക്കേസില്‍ പാക്കിസ്ഥാനില്‍ വിചാരണ നേരിടുന്ന ഏഴു പേരുടെ ശബ്ദ സാംപ്ള്‍ എങ്ങനെ എഫ്ഐഎയ്ക്കു ലഭിച്ചെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഖവാജ് സുല്‍ത്താന്‍ ചോദിച്ചു. കുറ്റാരോപിതന്‍റെ അനുമതിയില്ലാതെ ശബ്ദം പരിശോധിക്കാന്‍ പാക് നിയമം അനുവദിക്കുന്നില്ലെന്നും ഇന്ത്യയ്ക്ക് സാംപ്ള്‍ കൈമാറുന്നതിനു തടസം ഇതാണെന്നും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.
എഫ്ഐഎ റെയ്ഡ് നടത്തിയത് പരിശീലന ക്യാംപുകളിലാണെന്ന് എങ്ങനെ മനസിലായി എന്ന പ്രതിഭാഗം അഭിഭാഷകന്‍റെ ചോദ്യത്തിന് ശാരീരിക പരിശീലനത്തിനുള്ള ഉപകരണങ്ങള്‍ ഇവിടെ കണ്ടെത്തിയതായി ഇന്‍സ്പെക്റ്റര്‍ പറഞ്ഞു. വീടുകളിലെ വ്യായാമ സംവിധാനങ്ങള്‍ ഭീകര പരിശീലന ക്യാംപായി ചിത്രീകരിക്കാനാണ് എഫ്ഐഎ ശ്രമിക്കുന്നതെന്നും പ്രതിഭാഗം അവകാശപ്പെട്ടു.
കൂടുതല്‍ സാക്ഷികളെ ഇനിയും വാദിക്കാനുണ്ടെന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചപ്പോള്‍ 27 നു നടക്കുന്ന വാദത്തിലാകാമെന്ന് കോടതി അറിയിച്ചു.
Close...
Maximum Character Allowed -
4000