Wednesday, May 23, 2012   9:24 AM IST
Vaartha BlogRSS
Loading
നോമ്പ് പരോക്ഷമായ അനുഭവം
Published : Wednesday, August 17, 2011
|
  
Text Size
കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര്‍

അന്നപാനീയങ്ങളില്‍ നിന്നുള്ള കേവലമായ അകന്നു നില്‍ക്കലല്ല നോമ്പ് കൊണ്ട് അര്‍ഥമാക്കുന്നത്. വളരെ പരോക്ഷമായി ഉടമയും അടിമയും മാത്രം അറിയുകയും പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്ന ആത്മാനുഭൂതിയാണത്. ഇസ്ലാമിലെ മറ്റു പ്രധാന കര്‍മങ്ങളൊക്കെ പ്രത്യക്ഷമായ അനുഭവങ്ങള്‍ നല്‍കുന്നതാണ്. നിസ്കരിക്കുന്നവനെ നോക്കി നിസ്കരിക്കുന്നവനെന്നു പറയാം. സക്കാത്ത് കൊടുക്കുന്നവനെ കാണിച്ചു സക്കാത്ത് കൊടുക്കുന്നവനാണെന്നു പറയാം. ഹജ്ജ് ചെയ്യുന്നവനെ നോക്കി ഹജ്ജ് നിര്‍വ്വഹിക്കുന്നവനെന്നു പറയാം. എന്നാല്‍ നോമ്പ് പരോക്ഷമായ ഒരനുഭവമാണ്.

ഇമാം ഗസ്സാലി ഈ വസ്തുത വളരെ സ്പഷ്ടമായി വിവരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു. “”""സൃഷ്ടികള്‍ക്ക് അനുഭവിക്കാനും കാണാനും പറ്റുന്ന തരത്തിലുള്ളതാണ് എല്ലാ അമലു (സത്കര്‍മം)കളും. എന്നാല്‍ നോമ്പ് അല്ലാഹു അല്ലാതെ കാണുകയില്ല. തനിച്ചു ക്ഷമാശീലനം വഴി പരോക്ഷമായ ഒരു അമലാണിത്. (ഇഹ്യാ ഉലൂമുദ്ദീന്‍)

അപ്പോള്‍ കേവലം ജാഡക്കു വേണ്ടിയോ മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയോ നിര്‍വഹിക്കാന്‍ കഴിയുന്ന ഒരു ആരാധന കര്‍മ്മമല്ല നോമ്പ്. അടിമയും ഉടമയും മാത്രം അറിയുന്ന അതീവ രഹസ്യമായ ഒന്നാണത്. അതിനാല്‍ തന്നെയാണു നോമ്പിനു വലിയ മഹത്വം അല്ലാഹു നല്‍കിയത്. നബി പറയുന്നു. നോമ്പ് ഒരു പരിചയാണ്. അപ്പോള്‍ അവന്‍ തെറ്റ് പ്രവര്‍ത്തിക്കുകയോ അവിവേകം കാണിക്കുകയോ ഇല്ല. ഒരാള്‍ അവനോട് കലഹിക്കുകയോ തെറിയഭിഷേകം ചെയ്യുകയോ ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണ് എന്ന് അവന്‍ പറഞ്ഞു കൊള്ളട്ടെ. എന്‍റെ ആത്മാവ് ആരുടെ കരങ്ങളിലാണോ അവനാണ് സത്യം. നോമ്പുകാരന്‍റെ വായഗന്ധം അല്ലാഹുവിന്‍റെ അടുക്കല്‍ കസ്തൂരി ഗന്ധത്തേക്കാള്‍ സുഗന്ധമുള്ളതാണ.് അവന്‍ എനിക്കു വേണ്ടി ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നു. അതിനാല്‍ നോമ്പ് എനിക്കുള്ളതാണ്. ഞാന്‍ അതിനു പ്രതിഫലം നല്‍കുകയും ചെയ്യും.''’’

പുണ്യങ്ങള്‍ കൊയ്തെടുക്കാനുള്ള അസുലഭ അവസരമാണ് നോമ്പുകാലം. എല്ലാ അര്‍ത്ഥത്തിലും അതിനുള്ള സാഹചര്യങ്ങള്‍ ഇണങ്ങി വരുന്ന സമയമാണിത്. അനുഗ്രഹത്തിന്‍റെ കവാടങ്ങള്‍ മലര്‍ക്കേ തുറന്നിട്ടും തിന്മയുടെ വഴികളില്‍ മുഴുവന്‍ വിലക്കേര്‍പ്പെടുത്തിയും സൃഷ്ടാവ് തന്നെ അതിനുള്ള സാഹചര്യങ്ങള്‍ ഒരുക്കി തന്നിരിക്കുന്നു. സ്വര്‍ഗ്ഗീയ കവാടങ്ങള്‍ തുറക്കപ്പെടുകയും നരക വാതിലുകള്‍ അടക്കപ്പെടുകയും പിശാചുക്കള്‍ ചങ്ങലകളില്‍ ബന്ധനസ്ഥരാക്കപ്പെടുകയും ചെയ്യുന്ന മാസമെന്ന് റംസാനെക്കുറിച്ച് ഹദീസില്‍ വന്നിട്ടുണ്ട്.

മനുഷ്യനെ എല്ലാതരം ദുഷ്പ്രവണതങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതാണ് നോമ്പ് അല്ലെങ്കില്‍ ഉപവാസം. ഭക്ഷണ പാനീയങ്ങളില്‍ നിന്നു മാറി നില്‍ക്കുന്നതോടെ ദുഷ്ചിന്തകള്‍ പോലും അവനില്‍ നിന്നും അകലം പാലിക്കുന്നു. മനുഷ്യന്‍റെ വയറിന്‍റെ വികാരവും ലൈംഗിക വികാരവും നിയന്ത്രിക്കുകയാണു നോമ്പ് ചെയ്യുന്നത്. വിവാഹം കഴിക്കാന്‍ സൗകര്യപ്പെടാത്തവനോട് നോമ്പെടുക്കാന്‍ മതം കല്‍പ്പിക്കുന്നത് ഈ വികാര നിയന്ത്രണത്തിനു വേണ്ടിയാണ്. പ്രവാചകന്‍പറഞ്ഞപോലെ “"നോമ്പ് പരിചയാകുന്നത്' ‘ ഇവിടെയാണ്. എല്ലാ ദുഷിച്ച പ്രവണതകളെയും ദുഷ്ചിന്തകളെയും തടഞ്ഞു നിര്‍ത്തുന്ന കരുത്തുള്ള പരിച.

(സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ സെക്രട്ടറിയായ ലേഖകന്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമാണ്.)

Rate This News :
Latest News