ഓണവില്ലൊരുങ്ങുന്നു ശ്രീപദ്മനാഭന്...
Published : Wednesday,
August 17,
2011
വി. വി. അരുണ്‍
കരമന മേലാറന്നൂര്‍ വാണിയമൂല വിളയില്‍ കുറച്ചു ദിവസങ്ങളായി സന്ദര്‍ശകരുടെ തിരക്കാണ്. അതിഥികളില്‍ ഏറെയും വിദേശികള്‍. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ സമ്പത്തുമായി ബന്ധപ്പെട്ട വാര്‍ത്തകളാണു വാണിയമൂല വീട്ടിലേക്കും സന്ദര്‍ശകരെ എത്തിക്കുന്നത്. ഇതു വായിക്കുമ്പോള്‍ വാണിയമൂല വീടും പദ്മനാഭന്‍റെ സമ്പത്തുമായി എന്തു ബന്ധം എന്നു തോന്നാം. ബന്ധമുണ്ട്. അഭേദ്യമായ ബന്ധം. ക്ഷേത്ര ശില്‍പ്പി വിശ്വകര്‍മാവിന്‍റെ പിന്‍തലമുറക്കാരാണു വാണിയമൂല കുടുംബക്കാര്‍. തിരുവോണപ്പുലരിയില്‍ പദ്മനാഭനു തിരുവോണ വില്ല് ചാര്‍ത്തുന്ന ചടങ്ങുണ്ട്. കൊല്ലവര്‍ഷം 677ാം ആണ്ടുമുതല്‍. ഓണവില്ല് നിര്‍മിക്കുന്നതും വാണിയമൂല വീട്ടിലെ പുതുതലമുറക്കാരാണ്. പദ്മനാഭന്‍റെ അമൂല്യ സമ്പത്തിന്‍റെ ചരിത്രം തേടിയെത്തുന്നവര്‍ വാണിയമൂല വീട്ടിലുമെത്തുന്നു, ഓണവില്ലുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളെക്കുറിച്ച് അന്വേഷിക്കുന്നു.
ശ്രീപദ്മനാഭനു പ്രിയപ്പെട്ട ഓണവില്ലിനെ കുറിച്ചുള്ള ഐതിഹ്യം ഇങ്ങനെ; രണ്ടടികൊണ്ടു ഭൂലോകവും ആകാശവും അളന്ന വാമനനു മൂന്നാം അടിക്കായി മഹാബലി തന്നെത്തന്നെ സമര്‍പ്പിച്ചു. പാതാളത്തിലേക്കു ചവിട്ടിത്താഴ്ത്തപ്പെടുന്നതിനു മുന്‍പു ഇഷ്ടമൂര്‍ത്തിയായ മഹാവിഷ്ണുവിന്‍റെ വിശ്വരൂപം കാണാന്‍ മാവേലി മന്നന് ആഗ്രഹമുണ്ടായി. ഭക്തന്‍റെ ആഗ്രഹം മഹാവിഷ്ണു സാധിച്ചുകൊടുത്തു. ഭഗവാന്‍ കാലാകാലങ്ങളില്‍ എടുക്കുന്ന അവതാരങ്ങളെക്കുറിച്ച് അറിയാനായി പിന്നെ മഹാബലിയുടെ ആഗ്രഹം. എല്ലാ ഓണക്കാലത്തും പ്രജകളെ കാണാനെത്തുന്ന മഹാബലി വിഷ്ണു സന്നിധിയില്‍ വരണമെന്നും അവിടെ തന്‍റെ അവതാരകഥകള്‍ വരച്ചു കാട്ടാമെന്നും ഭക്തനു മഹാവിഷ്ണു വരം നല്‍കി. അവതാരങ്ങള്‍ വരച്ചു മഹാബലിയെക്കാട്ടാന്‍ വിശ്വശില്‍പ്പി വിശ്വകര്‍മാവിനെയും മഹാവിഷ്ണു നിയോഗിച്ചു. യുഗങ്ങള്‍ പലതുകഴിഞ്ഞു. മഹാവിഷ്ണു പല അവതാരങ്ങളെടുത്തു. ഓരോ ഓണക്കാലത്തും തന്‍റെ പ്രജകളെ കാണാന്‍ കേരളത്തിലെത്തിയ മഹാബലി വിഷ്ണുവിന്‍റെ അവതാരകഥകള്‍ കണ്ടു. വര്‍ഷാവര്‍ഷം തിരുവോണനാളില്‍ പദ്മനാഭ സ്വാമി ക്ഷേത്ര സന്നിധിയില്‍ സമര്‍പ്പിക്കുന്ന ഓണവില്ലിലൂടെ.
ഇത്തവണയും മഹാവിഷ്ണുവിന്‍റെ അവതാരങ്ങള്‍ മഹാബലിയെക്കാട്ടാന്‍ ഓണവില്ലൊരുങ്ങുകയാണ്. കരമന മേലാറന്നൂര്‍ വാണിയമൂല വിളയില്‍ വീട്ടില്‍. വിശ്വകര്‍മാവിന്‍റെ പിന്‍തലമുറക്കാരനായ ബിന്‍ കുമാറിന്‍റെയും സഹോദരങ്ങളുടെയും നേതൃത്വത്തില്‍. ദേവഗണത്തില്‍പ്പെട്ട കടമ്പ്, മഹാഗണി വൃക്ഷങ്ങളുടെ തടിയിലാണു വില്ലൊരുക്കുന്നത്. വിഷ്ണുവിനു ഇഷ്ടപ്പെട്ട മരം കടമ്പെന്നു വിശ്വാസം. വ്രതാനുഷ്ഠാനങ്ങളോടെ, മന്ത്രധ്വനികളോടെയാണു വില്ല് തയാറാക്കുന്നത്. പ്രത്യേക പൂജകള്‍ക്കു ശേഷം മരത്തിന്‍റെ അനുവാദം ചോദിച്ചിട്ടാണു മുറിക്കുന്നത്. ആദ്യം പലക രൂപത്തിലാക്കുന്ന തടി, അളവ് നിര്‍ണയിച്ചു വര്‍ണങ്ങള്‍ ചാലിക്കും. പ്രകൃതിദത്ത വര്‍ണങ്ങളാണ് ഉപയോഗിക്കുക. നാലുജോടി വില്ലുകളാ ണു കഴിഞ്ഞതിനു മുമ്പത്തെ വര്‍ഷം വരെ പദ്മനാഭനു സമര്‍പ്പിച്ചിരുന്നത്. അനന്തശയനവും ദശാവതാരവും ശ്രീരാമപട്ടാഭിഷേകവും ശ്രീകൃഷ്ണലീലയുമാ ണു വില്ലുകളില്‍ വരയ്ക്കുന്നത്. കഴിഞ്ഞവര്‍ഷം മുതല്‍ ഇത് ആറു ജോടികളായി. ശാസ്താവില്ലും വിഘ്നേശ്വര വില്ലും. ഈ രണ്ടു വില്ലുകളും ഈ വര്‍ഷം മുതല്‍ പൊതുജനങ്ങള്‍ക്കും നല്‍കും. ഭഗവാന്‍റെ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള വില്ലുകളുടെ നിര്‍മാണം ഇന്നു തുടങ്ങും. വില്ലില്‍ കെട്ടാനുള്ള ഞാണും കുഞ്ചല വും തയാറാക്കുന്നതു തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളികളാണ്. നാല്‍പ്പത്തൊന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെയാണു തടവുപുള്ളികള്‍ ഇതു നിര്‍മിക്കുക. ബിന്‍കുമാറിനെ കൂടാ തെ സഹോദരങ്ങളായ സുദര്‍ശനന്‍ ആചാരി, സുലഭന്‍ ആചാരി, മഹാദേവന്‍ ആചാരി എന്നിവരാ ണു കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വില്ലൊരുക്കുന്ന ത്. ഒന്നു രണ്ടു വര്‍ഷമായി അച്ഛനേയും ഇളയച്ഛന്മാരേയും സഹായിക്കാന്‍ ബിന്‍കുമാറിന്‍റെ മകന്‍ അനന്ത പദ്മനാഭനും ഉണ്ട്. വില്ലില്‍ നിറം ചാലിക്കു ന്ന ജോലിയാണ് അനന്തപദ്മനാഭന്‍ ചെയ്യുന്നത്.
മിഥുനത്തിലെ ശുഭമുഹൂര്‍ത്തത്തിലാണു വില്ലിന്‍റെ പണി തുടങ്ങുന്നത്. മഞ്ഞ, കറുപ്പ്, വെള്ള, പച്ച നിറങ്ങളിലാണു കഥകള്‍ വരയ്ക്കുന്നത്. ഉത്രാടദിന ത്തില്‍ വാണിയമൂല വിളയില്‍ വീട്ടിലെ പരദേവതാസ്ഥാനത്തു വില്ല് പൂജിക്കും. തിരുവോണനാള്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ വീണ്ടും പൂജിച്ചശേഷം കുടുംബ കാരണവര്‍ക്ക് ഓണക്കോടിയും ദക്ഷിണയും നല്‍കി അനുഗ്രഹം വാങ്ങി പദ്മനാഭ സന്നിധിയിലേക്ക്. അലങ്കരിച്ച വാഹനത്തില്‍ ഘോഷയാത്രയായാണു വില്ല് ക്ഷേത്രത്തിലേക്കു കൊണ്ടുപോകുന്നത്. ഓണവില്ലുമായി വരുന്ന ആചാരി കുടുംബത്തെ കിഴക്കേനടയില്‍ പാണിവിളക്കിന്‍റേയും പഞ്ചവാദ്യത്തിന്‍റേ യും വായ്ക്കുരവയുടേയും അകമ്പടിയോടെ ക്ഷേത്രജീവനക്കാരും പൂജാരിമാരും സ്വീകരിക്കും. ഓണക്കോടിയും പ്രസാദവും നല്‍കും. മൂത്താചാരി ഓണക്കോടി സ്വീകരിച്ചു ക്ഷേത്രശില്‍പ്പിയായ വിശ്വകര്‍മശിലയുടെ മുന്‍വശത്തു വിരിക്കും. തുടര്‍ന്ന് ഓരോവില്ലായി കുടുംബ കാരണവര്‍ മൂത്താചാരിയെ ഏല്‍പ്പി ക്കും. അനന്തശയന വില്ല് മൂത്താചാരി പദ്മനാഭസ്വാമിയെ ഉയര്‍ത്തിക്കാട്ടും. തുടര്‍ന്നു നിലത്തുവിരിച്ചിട്ടുള്ള ഓണക്കോടിയില്‍ വില്ല് വയ്ക്കും. കുടുംബ ത്തിലെ ഓരോരുത്തരായി വില്ലുകള്‍ ഭഗവാനെ കാണിച്ചശേഷം മുണ്ടില്‍ വയ്ക്കും. ഇതിനുശേഷം വില്ല് ക്ഷേത്രഭാരവാഹികളെ ഏല്‍പ്പിക്കും. അവര്‍ വില്ലുമായി ക്ഷേത്രത്തിനു വലംവച്ചു കിഴക്കേനടയില്‍ക്കൂ ടി അകത്തു പ്രവേശിക്കും. മുഖ്യക്ഷേത്രത്തിന് ഒരു വലതുചുറ്റി അഭിശ്രവണ മണ്ഡപത്തിലെ പള്ളിപ്പല കയില്‍ വില്ല് വയ്ക്കും. തുടര്‍ന്നു വില്ലിനിരുവശത്തും കുരുത്തോലയും ഞാണും കെട്ടി അലങ്കരിക്കും. അനന്തശയനം വരച്ച വില്ലുകള്‍ പദ്മനാഭസ്വാമിയുടെ ഉദരഭാഗത്തുള്ള വിഗ്രഹത്തിനു ഇരുവശങ്ങളിലും ദശാവതാരം വില്ലുകള്‍ നരസിംഹമൂര്‍ത്തീ വിഗ്രഹ ങ്ങളുടെ വശങ്ങളിലും ചാര്‍ത്തും.
ഓണവില്ല് ചാര്‍ത്തിയ ഭഗവാനെ ആദ്യം ദര്‍ശിക്കാനുള്ള അവകാശം രാജകുടുംബത്തിനും അവ നിര്‍മിച്ച ശില്‍പ്പികള്‍ക്കുമാണ്. വില്ലിന്‍റെ പണിക്കിടെയുണ്ടായ തെറ്റുകള്‍ ഏറ്റുപറഞ്ഞു മാപ്പപേക്ഷിക്കാനുള്ള അവസരമാണു ശില്‍പ്പികള്‍ക്കിത്. നാലാം ഓണത്തിനുശേഷം വില്ലുകള്‍ പട്ടം കൊട്ടാരത്തിലെ പൂജാമുറിയിലേക്കു മാറ്റും. ഓണവില്ലുകള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ സമൃദ്ധിയുണ്ടാകുമെന്നു വിശ്വാസം. ശ്രീ പദ്നാഭസ്വാമിക്ഷേത്രത്തില്‍ ബുക്ക് ചെയ്ത് ഓണവില്ലുകള്‍ നേര്‍ച്ചയായി നല്‍കാം. ഓരോവര്‍ഷവും 1000 വില്ലുകളാണ് തയാറാക്കുന്നത്. രാജകൊട്ടാര ത്തില്‍ സൂക്ഷിക്കുന്ന വില്ല് കൊട്ടാരം സന്ദര്‍ശിക്കു ന്ന പ്രമുഖവ്യക്തികള്‍ക്കു മഹാരാജാവ് ഉപഹാരമാ യി നല്‍കും. പൊതുജനങ്ങള്‍ക്ക് മുന്‍കൂര്‍ ബുക്ക് ചെയ്തു വില്ല് വാങ്ങാം. ആയിരത്തഞ്ഞൂറു രൂപയാ ണ് വില.
Close...
Maximum Character Allowed -
4000