Wednesday, May 23, 2012   9:26 AM IST
Vaartha BlogRSS
Loading
ലിബിയന്‍ വിമതര്‍ സവിയ പിടിച്ചു
Published : Wednesday, August 17, 2011
|
  
Text Size
സവിയ

ലിബിയന്‍ നേതാവ് കേണല്‍ മുവാമര്‍ ഗദ്ദാഫിക്കെതിരേ പോരാടുന്ന വിമത സൈനികര്‍ കഴിഞ്ഞദിവസം സവിയ നഗരത്തിന്‍റെ നിയന്ത്രണം പിടിച്ചെന്നു റിപ്പോര്‍ട്ട്. തലസ്ഥാനം ട്രിപ്പൊളിയില്‍ നിന്ന് 48 കിലോമീറ്റര്‍ മാത്രം അകലെയാണു സവിയ. ആറു മാസമായി തുടരുന്ന ആഭ്യന്തര യുദ്ധത്തിനിടെ വിമതര്‍ നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണ് ഈ ദിവസങ്ങളിലേത്.

സവിയയില്‍ 20 പേര്‍ കൊല്ലപ്പെട്ടെന്ന് ആശുപത്രി വക്താക്കള്‍. എന്നാല്‍, നഗരത്തിന്‍റെ പൂര്‍ണ നിയന്ത്രണം പിടിച്ചെടുക്കാന്‍ വിമതര്‍ക്കു സാധിച്ചോ എന്നു വ്യക്തമല്ല.

കഴിഞ്ഞയാഴ്ച അവസാനം എണ്ണ വ്യവസായ കേന്ദ്രം ബ്രെഗയില്‍ വിമതര്‍ മുന്നേറ്റം നടത്തിയിരുന്നു. എന്നാല്‍, നഗര മധ്യത്തില്‍ നിന്ന് 15 കിലോമീറ്റര്‍ അകല സ്ഥിതിചെയ്യുന്ന എണ്ണ ശുദ്ധീകരണ ശാലയില്‍ ഗദ്ദാഫി സേന പിടിച്ചു നില്‍ക്കുകയാണ്.

അതിനിടെ, ഗദ്ദാഫി സൈന്യം ആദ്യമായി സ്കഡ് മിസൈല്‍ പ്രയോഗിച്ചെന്നു യുഎസ്. ഗദ്ദാഫിയുടെ ജന്മദേശം സിര്‍ട്ടേയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ നിന്നാണു മിസൈല്‍ തൊടുത്തു വിട്ടത്. ബ്രഗയ്ക്കു സമീപം വിജന പ്രദേശത്താണു മിസൈല്‍ പതിച്ചത്. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല.

ഗദ്ദാഫി സൈന്യത്തിന്‍റെ ആത്മവിശ്വാസം ചോര്‍ന്നതാണ് സ്കഡ് മിസൈല്‍ പ്രയോഗിക്കാന്‍ കാരണമെന്നു കരുതുന്നു. വിമതര്‍ക്കുണ്ടായ നേട്ടങ്ങള്‍ ആഭ്യന്തര യുദ്ധത്തിന്‍റെ ഗതിമാറ്റുമോ എന്ന് ഇപ്പോള്‍ പ്രവചിക്കാനാകില്ലെന്നു നിരീക്ഷകര്‍. ആഭ്യന്തര യുദ്ധത്തിന്‍റെ ആദ്യ നാളുകളില്‍ വിമതര്‍ സവിയ ഉള്‍പ്പെടെയുള്ള മേഖലകളില്‍ മുന്നേറിയിരുന്നു.

എന്നാല്‍, ഗദ്ദാഫി സേനയുടെ ശക്തമായ തിരിച്ചടിയില്‍ വിമതര്‍ക്കു പിന്‍വാങ്ങേണ്ടി വന്നു. ബ്രെഗയും സവിയയും പിടിച്ച വിമതര്‍ ട്രിപ്പൊളി ഉപരോധിക്കാനാണു പദ്ധതിയിടുന്നത്.

അതിനിടെ, ഗദ്ദാഫിയടെ ആഭ്യന്തര മന്ത്രി നാസര്‍ അല്‍ മാബ്റുക് അബ്ദുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പം ഈജിപ്റ്റിലേക്കു കടന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഈ വാര്‍ത്തയ്ക്കു സ്ഥിരീകരണമില്ല.

Rate This News :
Latest News