Wednesday, May 23, 2012   9:26 AM IST
Vaartha BlogRSS
Loading
പ്രവേശന പരീക്ഷ റദ്ദാക്കി
Published : Wednesday, August 17, 2011
|
  
Text Size
കൊച്ചി
സ്വാശ്രയ മെഡിക്കല്‍ കോളെജ് മാനെജ്മെന്‍റ് അസോസിയേഷന്‍ ഈ വര്‍ഷത്തെ എംബിബിഎസ് പ്രവേശനത്തിനു നടത്തിയ പരീക്ഷ ഹൈക്കോടതി റദ്ദാക്കി. കോടതിച്ചെലവായി അസോസിയേഷന്‍ അഞ്ചുലക്ഷം രൂപ നല്‍കാനും വിധി. തുക ഒരു മാസത്തിനകം ഹൈക്കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റിയെ ഏല്‍പ്പിക്കണം. വീഴ്ചവരുത്തിയാല്‍ അസോസിയേഷനെതിരേ റിക്കവറി നടപടികള്‍ക്കും ഹൈക്കോടതി നിര്‍ദേശിച്ചു. ജൂലൈ 14നു നടത്തിയ പ്രവേശന പരീക്ഷ നിയമവിരുദ്ധമാണെന്നു ജസ്റ്റിസ് ആന്‍റണി ഡൊമിനിക് വിലയിരുത്തി. മാനെജ്മെന്‍റുകള്‍ക്കു നല്‍കിയ 50 ശതമാനം സീറ്റ് സര്‍ക്കാര്‍ ഏറ്റെടുത്ത് പൊതുപ്രവേശന പരീക്ഷയുടെ റാങ്ക് ലിസ്റ്റില്‍നിന്നു മെറിറ്റടിസ്ഥാനത്തില്‍ പ്രവേശനം നടത്തണം.

സ്വാശ്രയ മെഡിക്കല്‍ കോളെജ് മാനെജുമെന്‍റുകള്‍ നടത്തിയ പ്രവേശന പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കോഴിക്കോട് സ്വദേശിനി ആമിന നെഹ്ന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജിക്കാരിക്ക് 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. നിയമത്തിന്‍റെയും കോടതി ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണോ മാനെജ്മെന്‍റുകളുടെ പരീക്ഷ നടത്തിപ്പ് എന്നതായിരുന്നു ഹര്‍ജിക്കാരി കോടതിയില്‍ ഉന്നയിച്ച ചോദ്യം.

മുന്‍കൂര്‍ അനുമതി ഉണ്ടെങ്കില്‍ മാത്രമേ മുഹമ്മദ് കമ്മിറ്റിയുടെ നിരീക്ഷണമുണ്ടാവുകയുള്ളൂവെന്നു നൂര്‍ബിന കേസിലും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഉത്തരവില്‍ പറയുന്നു. പരീക്ഷ നടത്തിപ്പിലെ ഓരോ ഘട്ടത്തിലും നിരീക്ഷണ സമിതിയുടെ അംഗീകാരം വേണമെന്നു വിധികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ഫാത്തിമ ഹസീന കേസില്‍ സുപ്രീം കോടതിയും ഇക്കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെ നടത്തുന്ന പ്രവേശന പരീക്ഷ റദ്ദാക്കണമെന്നു സുപ്രിം കോടതി വ്യക്തമാക്കി.

ഉന്നത നീതിപീഠത്തിന്‍റെ ഈ ഉത്തരവുകള്‍ മുഹമ്മദ് കമ്മിറ്റിക്കും അസോസിയേഷനും ബാധകമാണ്. പ്രവേശന പ്രക്രിയയുടെ ഒരു ഘട്ടത്തില്‍പ്പോലും മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്നു കമ്മിറ്റി പറയുന്നു. മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെങ്കില്‍ പരീക്ഷ അസാധുവാകുമെന്നു കമ്മിറ്റിക്കും അറിയാം. ഈ ഘട്ടത്തില്‍ പ്രോസ്പെക്റ്റസിന് ഉപാധികളോടെ അംഗീകാരം കൊടുത്തു എന്നതൊഴിച്ചാല്‍ മറ്റൊരു ഘട്ടത്തിലും അനുമതി നല്‍കിയിട്ടില്ലെന്നു കമ്മിറ്റി തന്നെ പറയുന്നു. നടപടിക്രമങ്ങള്‍ പാലിക്കണമെന്നു കര്‍ശന വ്യവസ്ഥയുണ്ടായിട്ടും അതേക്കുറിച്ച് അസോസിയേഷന്‍ നല്‍കുന്ന വിശദീകരണം ഏറെ വിചിത്രമാണെന്നും കോടതി നിരീക്ഷിച്ചു.

സമയം അതിക്രമിച്ചതിനാല്‍ ഓരോ ഘട്ടത്തിലും അനുമതി വാങ്ങണമെന്നതു പ്രായോഗികമല്ലെന്ന് അസോസിയേഷന്‍ പറഞ്ഞതു കോടതിയലക്ഷ്യമാണ്. കൂടാതെ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്നതു കുറ്റസമ്മതം കൂടിയാണ്. അംഗീകാരം നിഷേധിച്ചിട്ടില്ലെന്നതിനാല്‍ അംഗീകാരം നല്‍കിയതായി കണക്കാക്കണമെന്ന അസോസിയേഷന്‍റെ വാദവും കോടതി തള്ളി.

അസോസിയേഷന് സൗകര്യപ്രദമെന്നു തോന്നുന്ന തൃപ്തികരമായ നിഗമനങ്ങള്‍ സ്വീകരിക്കാന്‍ കമ്മിറ്റി ബാധ്യസ്ഥമല്ല. പരീക്ഷ നടത്തുന്നത് പരീക്ഷ കമ്മിഷണറാണെന്ന് ഉറപ്പുവരുത്താന്‍ കമ്മിറ്റിക്കു ബാധ്യതയുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെ, പരീക്ഷയ്ക്കു മേല്‍നോട്ടം വഹിക്കണമെന്ന അസോസിയേഷന്‍റെ ആവശ്യം തള്ളുന്നതിനു പകരം കമ്മിറ്റി പരിഗണിക്കുകയാണു ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.
Rate This News :
Latest News