Wednesday, May 23, 2012   9:27 AM IST
Vaartha BlogRSS
Loading
കുട്ടികളുടെ നോമ്പുകാലം
Published : Saturday, August 20, 2011
|
  
Text Size
എന്‍.പി. ഹാഫിസ് മുഹമ്മദ്

കുട്ടിക്കാലത്തെ നോമ്പിന്, ആ നാളുകളിലെ വര്‍ണപ്പൊലിമയുള്ള പല അനുഭവങ്ങളേയും പോലെ, മറക്കാനാവാത്ത ചില വിശേഷഭാവങ്ങളുണ്ട്. കുട്ടിക്കാലത്തെ വ്യത്യസ്തമായൊരടുപ്പിലിട്ട് പാകപ്പെടുത്തിയെടുക്കാന്‍ കഴിയുന്നതുകൊണ്ടുകൂടിയാവ ണം അതു കൈവരുന്നത്. മറ്റു മാസങ്ങളിലൊന്നുമില്ലാത്ത ഒരു പരിശുദ്ധസ്നേഹം കുട്ടികളില്‍ പ്രപഞ്ചം ചൊരിയുന്നത് അറിയാനായിട്ടുണ്ട്.

നോമ്പിന്‍റെ വരവറിയിച്ചുള്ള ഒരുക്കങ്ങളില്‍ സ്ത്രീജനങ്ങളോട് കുട്ടികള്‍ നന്നായടുക്കുന്നു. വല്ലിമ്മയോടും ഉമ്മ, കുഞ്ഞാമ തുടങ്ങിയവരോടും കൂട്ടുചേര്‍ന്നുള്ള കര്‍മപരിപാടിയില്‍ കണ്ണിചേരുന്നത് ഓര്‍ക്കുന്നു. വീടും വീട്ടുസാധനങ്ങളും നനച്ചുതേച്ച് വൃത്തിയും വെടിപ്പുമുള്ളതാക്കിത്തീര്‍ക്കുന്ന “നനച്ചുകുളിയില്‍’ കുട്ടികള്‍ക്ക് പങ്കാളിത്തമുണ്ടായിരുന്നു. വെള്ളം കോരാന്‍ വെല്ലിമ്മയെ സഹായിക്കും. കഴുകുന്ന പാത്രങ്ങള്‍, ഓരോ കുപ്പികള്‍ പോലും, വെയിലത്ത് വച്ചുണക്കാന്‍ ചാക്കിന്മേല്‍ അടുക്കിവയ്ക്കുന്നത് കുട്ടികളുടെ ജോലിയാണ്. ഏറ്റവും ആവേശകരമായ ജോലി മുറികളിലെ മാറാല തുടച്ചു മാറ്റുന്നതും നിലം വെള്ളമൊഴിച്ചു കുമ്മായപ്പൊടിയോ സോപ്പുപൊടിയോ ഇട്ട് ചകിരിയിട്ടു വെടിപ്പാക്കുന്നതുമാണ്. നനച്ചുകുളി നോമ്പുകാലത്തിന്‍റെ വരവിനെ ഞങ്ങള്‍ കുട്ടികള്‍ക്കു സ്വാഗതം ചെയ്യാനുള്ള അനുഷ്ഠാനമായിരുന്നു.

വന്നെത്താനുള്ള നോമ്പിന് മാനസികമായി ഒരുങ്ങിക്കഴിഞ്ഞാല്‍, മാസപ്പിറവി കാണുന്ന രാത്രിക്കായി കാത്തിരിക്കുന്നു. നാളുകളായി കറുത്തിരുണ്ടു കിടന്ന ആകാശത്ത് അമ്പിളിക്കല പ്രത്യക്ഷമാവണം. ആകാശത്തെ ഏതോ ഇരുള്‍മടക്കുകളില്‍ തേങ്ങാപ്പൂള്‍പോലെ ഏതാനും നിമിഷം തെളിഞ്ഞുമങ്ങുന്ന ചന്ദ്രന്‍, പല വര്‍ഷങ്ങളിലും അനിശ്ചിതത്വത്തില്‍ പിടയുന്നത് എനിക്കോ ചങ്ങാതിമാര്‍ക്കോ ഇഷ്ടമായിരുന്നില്ല. മാസമുറപ്പിക്കുന്നതില്‍ ഇരു വിഭാഗങ്ങളുണ്ടായി. ഇതു വാശിയും വീറും കാണിക്കാന്‍ കാരണവുമായി. ചിലപ്പോള്‍, പാതിരാത്രിയായിക്കഴിഞ്ഞാലും മാസപ്പിറവിയിലൊരു തീരുമാനം എടുക്കാനാവുന്നില്ല. ചില വര്‍ഷങ്ങളില്‍ മാസപ്പിറവി കുറിക്കുന്നതില്‍ ഇരു പക്ഷങ്ങള്‍ക്കും വേറിട്ട തീരുമാനമുണ്ടായി. രണ്ടു പെരുന്നാള്‍ ദിനങ്ങള്‍ ആഘോഷിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയാമായിരുന്നില്ല. വിഭാഗീയതയുടെ കാരണങ്ങളെക്കുറിച്ചും അറിയുമായിരുന്നില്ല. പക്ഷേ, അന്നു വലിയ സങ്കടമായിരുന്നു. ഇന്നെനിക്കറിയാം, ഒരുകൂട്ടര്‍ ഗോളശാസ്ത്ര ത്തെ അടിസ്ഥാനമാക്കി മാസപ്പിറവി കുറിക്കുന്നു. ചിലര്‍ക്കതു പോരാ. ആകാശത്ത് അമ്പിളിയെ കാണണം. കാണുന്നതൊരു വിശ്വാസിയായിരിക്കണം. സാക്ഷികള്‍ വേണം. വുളുവെടുത്ത് (ദേഹശുദ്ധി വരുത്തി) ഖുറാനെടുത്ത് സത്യം ചെയ്യണം. ഈ വിഭാഗങ്ങളുടെ വാശിപ്പുറങ്ങളില്‍ കുട്ടികളുടെ മനസില്‍ മുറിവേറ്റത് ആരുമറിഞ്ഞിരുന്നില്ല. ആദ്യനോമ്പ് പിടിക്കാനുദ്ദേശിച്ച് “നോമ്പ് നോറ്റിരിക്കുന്ന കുട്ടിയുടെ ഉള്ളമറിയണം. മറ്റു കുട്ടികളോട് മത്സരിച്ചു നോമ്പു നോല്‍ക്കുന്നവരുടെ മനസില്‍, വിഭാഗങ്ങളുടെ മത്സരം മുറിവേല്‍പ്പിക്കുന്നു.

മാസമുറപ്പിച്ചാല്‍ വീട്ടില്‍നിന്നു മുതിര്‍ന്നവരുടെ നേരത്തെ ഉറങ്ങാനുള്ള കല്‍പ്പന കിട്ടുന്നു. അവരുടെ ഭീഷണി: “നേരത്തെ ഉറങ്ങാഞ്ഞാല്‍ അത്താഴത്തിനെണീക്കാന്‍ പറ്റൂലാട്ടോ. അത്താഴത്തിനെണീറ്റില്ലെങ്കില്‍ നോമ്പെടുക്കാന്‍ സമ്മതിക്കൂലാ..’ നോമ്പെടുത്താല്‍ ലഭിക്കുന്ന ആനുകൂല്യങ്ങളും നോമ്പില്ലെങ്കില്‍ വെട്ടിച്ചുരുക്കുമെന്നു പറയും. ഇതോടെ ഉറങ്ങാന്‍ കിടക്കും. ഉറക്കം വന്നില്ലെങ്കിലും അനങ്ങാതെ കിടക്കും. എപ്പോഴോ ഉറങ്ങിപ്പോകും. പിന്നെ പാതിരാത്രിയിലെ ഏതോ ഒരു യാമം. ഉമ്മയോ വെല്ലിമ്മയോ ഉറക്കത്തില്‍നിന്നുണര്‍ത്തും. പലപ്പോഴും എണീക്കാന്‍ മടി തോന്നും. ചുരുണ്ടു കിടക്കും. അപ്പോള്‍ ഭീഷണിയാവര്‍ത്തിക്കുന്നു: “നേരത്തിന് അത്താഴം കഴിക്കാതെ ഒരാളും ഇവിടെ നോമ്പെടുക്കൂലാ..’ രക്ഷയില്ല. പിടഞ്ഞെണീക്കും. താണുപോവുന്ന കണ്‍പോളകളെ പിടിച്ചുയത്താന്‍ പാടുപെടുന്നു. മനസില്ലാ മനസോടെ മുഖംകഴുകി, പല്ലുതേച്ച്, അത്താഴഭക്ഷണത്തിന് നടുവകത്തിരിക്കുന്നു. അതുകഴിഞ്ഞ് നോമ്പെടുക്കുന്നതിന്‍റെ നിയ്യത്ത് വയ്ക്കുന്നു. അള്ളാഹു തആലായോടുള്ള വിധേയത്വത്തിന്‍റെ പേരില്‍ ഞാന്‍ നാളത്തെ നോമ്പുനോല്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു- ഇതാണു നിയ്യത്ത്. നിയ്യത്ത് വയ്ക്കാന്‍ മറന്നുപോകുമോ എന്ന പേടി തിളച്ചുമറിയും. മറന്നുപോവാതിരിക്കാന്‍ പാടുപെടും. ഏട്ടനോ അമ്മാവനോ നിയ്യത്തുവയ്ക്കുന്ന കാര്യം ഓര്‍മിപ്പിക്കും.

സുബ്ഹ് നമസ്കാരത്തിനു പള്ളിയില്‍ പോകുന്നു. അല്‍പ്പം മുതിര്‍ന്നപ്പോള്‍, ചങ്ങാതിമാരെ കാണാന്‍ അതൊരു മാര്‍ഗമായി. രാവിലെയുടെ പരിശുദ്ധി റംസാനില്‍ ഏറിവരും. ഒട്ടുമുക്കാലും ദിനങ്ങളില്‍ നമസ്കാരം കഴിഞ്ഞാല്‍ ഉറങ്ങാം. സ്കൂളിന് അവധിയായിരിക്കും. സുഖം. രാവിലെ സൂര്യന്‍ നടുവാകാശത്തു വരുന്നതുവരെ കിടന്നുറങ്ങാം. ഉച്ചയ്ക്കുള്ള നമസ്കാരത്തിനു മുന്‍പ് എണീറ്റാല്‍ മതി.

നോമ്പുകാലത്തു കുട്ടികള്‍ക്കു പലവിധ കളികളുണ്ട്. കോലായയിലോ കൊട്ടിലിലോ ഇരുന്നുള്ള കളികളാണധികവും. പുളിങ്കുരുകൊണ്ട് “തെത്തുംബല’. ഗോട്ടികളി. മാഷും കുട്ട്യോളുമായുള്ള കളി. തീപ്പെട്ടിച്ചിത്രക്കളി. ഒളിച്ചുകളി,.. അങ്ങനെ നീളുന്നു.

Rate This News :
Latest News