ജഗനെ തളയ്ക്കാനാകുമോ?
Published : Tuesday,
August 23,
2011
സന്ദീപ് വെള്ളാരംകുന്ന്
ജഗന്‍ മോഹന്‍ റെഡ്ഡിയെ തളയ്ക്കാന്‍ സിബിഐ റെയ്ഡുകള്‍ക്കാകുമോ? ഇതാണ് ഇപ്പോള്‍ ആന്ധ്രയിലും ന്യൂഡല്‍ഹിയിലും ഉയരുന്ന ചോദ്യങ്ങളിലൊന്ന്. കുറെക്കാലമായി കോണ്‍ഗ്രസിന്‍റെ ഉറക്കം കെടുത്തുന്ന വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയെ ഏതുവിധേനയും വരുതിക്കു നിര്‍ത്താനുള്ള ശ്രമങ്ങളെല്ലാം പാളിയതിന്‍റെ ക്ഷീണത്തിലായിരുന്നല്ലൊ ആന്ധ്രയിലും കേന്ദ്രത്തിലുമുള്ള കോണ്‍ഗ്രസ് നേതൃത്വം. ഏറ്റവുമൊടുവില്‍ പുലിവെണ്ടുലയിലും കടപ്പയിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ജഗന്‍മോഹനും അമ്മ വിജയലക്ഷ്മിയും റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ കോണ്‍ഗ്രസിന്‍റെ ആന്ധ്രയിലെ പ്രതീക്ഷകളാണ് അസ്തമിച്ചത്.
ജഗന്‍ മോഹന്‍റെ പ്രതാപമെല്ലാം അവസാനിക്കാന്‍ പോകുന്നുവെന്നും ജഗന്‍ തങ്ങളുടെ വരുതിക്കു വരുമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ്. ജഗന്‍റെ ഓഫിസുകളിലും വീടുകളിലും സ്ഥാപനങ്ങളിലും ദിവസങ്ങളായി സിബിഐ റെയ്ഡ് നടത്തുകയാണ്. കുറെയധികം കംപ്യൂട്ടറുകളും ഹാര്‍ഡ് ഡിസ്കുകളും ഇവിടെ നിന്നു പിടിച്ചെടുത്തിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ക്രമക്കേടു നടത്തിയെന്ന പരാതിയില്‍ ആന്ധ്ര ഹൈക്കോടതിയുടെ വിധിയെത്തുടര്‍ന്നാണ് ഈ റെയ്ഡ്. അതുമായി ബന്ധപ്പെട്ടു ജഗന്‍മോഹന്‍റെ ഏതാനും സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുമുണ്ട്. റെയ്ഡോടെ ജഗന്‍മോഹന്‍ റെഡ്ഡിയോട് തെലുങ്കുജനതയുടെ സഹതാപം ഇല്ലാതാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. റെയ്ഡില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ ജഗന്‍ തങ്ങളുടെ സഹായം തേടിയെത്തുമെന്നു കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. അതുകൊണ്ടുതന്നെയാണ് ജഗനു മുന്നില്‍ കോണ്‍ഗ്രസിന്‍റെ വാതില്‍ എപ്പോഴും തുറന്നുകിടക്കുകയാണെന്ന് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്.
ആത്യന്തികമായി ആന്ധ്രയില്‍ കോണ്‍ഗ്രസിനു സഹായം കൂടിയേതീരൂ എന്നതാണു വസ്തുത. ജഗനെ നേരിടാന്‍ കൂടിയാണ് ചിരഞ്ജീവി നേതൃത്വം നല്കുന്ന പ്രജാരാജ്യം പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഉത്സാഹം കാട്ടിയത്. എന്നാല്‍, കോണ്‍ഗ്രസ് പോലുള്ള ഒരു പാര്‍ട്ടിയെ വെല്ലുവിളിച്ച് ശക്തമായി മുന്നേറുന്ന ജഗനെ തളയ്ക്കാന്‍ റെയ്ഡുകള്‍ മതിയാവുമോയെന്നു കാത്തിരുന്നേ അറിയാനാകൂ.
കാരണം, റെയ്ഡിന്‍റെ ആദ്യ രാഷ്ട്രീയ പ്രത്യാഘാതമെന്നോണം ആന്ധ്രയില്‍ ഭരണതലത്തില്‍ ശക്തമായ പ്രതിസന്ധി ഉരുണ്ടുകൂടിക്കഴിഞ്ഞു. ജഗനെ അനുകൂലിക്കുന്ന രണ്ടു ഡസനിലേറെ കോണ്‍ഗ്രസ് എംഎല്‍എമാരാണ് രാജി പ്രഖ്യാപനം നടത്തിയത്. ഇതോടെ കോണ്‍ഗ്രസ് നേതൃത്വം അങ്കലാപ്പിലായിട്ടുണ്ട്. 294 അംഗ നിയമസഭയില്‍ പ്രജാരാജ്യം പാര്‍ട്ടിയുടേതടക്കം 173 പേരുടെ പിന്തുണയാണ് കോണ്‍ഗ്രസിനുള്ളത്. 30 പേര്‍ മാറിയാല്‍ സര്‍ക്കാര്‍ ന്യൂനപക്ഷമാകും. അണ്ണാ ഹസാരെ വിഷയത്തില്‍ പ്രതിസന്ധിയിലായ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സംബന്ധിച്ചിടത്തോളം ആന്ധ്രയിലെ പ്രശ്നങ്ങള്‍ കൂനിന്മേല്‍ കുരു ആയി മാറുന്നു.
കോടികള്‍ മതിക്കുന്നതാണ് ജഗന്‍മോഹന്‍റെ വ്യവസായ സാമ്രാജ്യം. കൈവയ്ക്കാത്ത മേഖലകളൊന്നും തന്നെയില്ലെന്നു പറയാം. ആന്ധ്രയിലെ പ്രശസ്തമായ സാക്ഷി ടിവി മുതല്‍ സിമന്‍റ് വ്യവസായം വരെ. ലക്ഷങ്ങള്‍ പ്രചാരമുള്ള പത്രങ്ങളും മാസികകളും ജഗന്‍റെ ഉടമസ്ഥതയിലുണ്ട്. ഇതോടൊപ്പം എസ്റ്റേറ്റുകള്‍, ചെറുകിട,വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍...തമിഴ്നാട്ടിലെ ഡിഎംകെ കുടുംബത്തിന്‍റേതുപോലെ വിശാലമാണ് ജഗന്‍റെയും ബിസിനസ് സാമ്രാജ്യം.
ആന്ധ്രയിലെ ജനങ്ങളുടെ പ്രിയനേതാവായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി 2009 സെപ്റ്റംബര്‍ രണ്ടിന് നല്ലമല വനത്തിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചതോടെയാണ് കോണ്‍ഗ്രസ് നേതൃത്വവും വൈഎസ്ആറിന്‍റെ മകനായ ജഗന്‍മോഹന്‍ റെഡ്ഡിയും തമ്മിലുള്ള ഉരസലുകള്‍ തുടങ്ങിയത്. വൈഎസ്ആറിന്‍റെ പിന്‍ഗാമിയായി മകനെ മുഖ്യമന്ത്രിയാക്കണമെന്ന് വലിയൊരു വിഭാഗം വാദിച്ചെങ്കിലും കേന്ദ്രത്തിന്‍റെ തീരുമാനം ഉപമുഖ്യമന്ത്രിയായ റോസയ്യയെ മുഖ്യമന്ത്രിയാക്കാനായിരുന്നു. റോസയ്യയ്ക്കും പിന്നീട് അധികാരത്തില്‍ നിന്നു പുറത്തുപോകേണ്ടി വന്നുവെന്നതു മറ്റൊരു യാഥാര്‍ഥ്യം. എന്‍. കിരണ്‍കുമാര്‍ റെഡ്ഡിയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി.
വൈ.എസ്. രാജശേഖര റെഡ്ഡിയുടെ വേര്‍പാടിന്‍റെ ദുഃഖം താങ്ങാനാകാതെ നിരവധി പേര്‍ ആന്ധ്രയില്‍ ജീവനൊടുക്കിയിരുന്നു. ഇവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ ജഗന്‍ തുടങ്ങിയ ഉദര്‍പ്പു യാത്ര വന്‍ വികാരമായി. ഗ്രാമങ്ങള്‍ പിന്നിട്ടു യാത്ര മുന്നേറിയപ്പോള്‍ ജനങ്ങളും ജഗനൊപ്പമായി. ആദ്യഘട്ടത്തില്‍ ഉദര്‍പ്പു യാത്രയ്ക്കു പിന്തുണ നല്‍കിയ കോണ്‍ഗ്രസ് നേതൃത്വം അപകടം തിരിച്ചറിഞ്ഞപ്പോഴേക്കു ജഗന്‍മോഹന്‍ തന്‍റെ ലക്ഷ്യത്തില്‍ ഏറെ മുന്നേറിയിരുന്നു. യാത്ര നിര്‍ത്താന്‍ കോണ്‍ഗ്രസ് നേതൃത്വം പല തവണ അന്ത്യശാസനം നല്‍കിയെങ്കിലും ജഗന്‍ വഴങ്ങിയില്ല. ഒടുവില്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുമെന്ന ഘട്ടം വന്നപ്പോള്‍ ജഗന്‍ ലോക്സഭാംഗത്വവും അമ്മ വിജയലക്ഷ്മി നിയമസഭാംഗത്വവും രാജിവച്ചാണ് കോണ്‍ഗ്രസ് നേതൃത്വത്തിനു മറുപടി നല്‍കിയത്.
പിന്നീട് വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്ന പേരില്‍ അച്ഛന്‍റെ സ്മരണ നിലനിര്‍ത്തുന്നതിനായാണ് ജഗന്‍ പുതിയ പാര്‍ട്ടി സ്ഥാപിച്ചതെങ്കിലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ അധികാരത്തിലേറുകയെന്നതു തന്നെയാണ് ജഗന്‍റെ ലക്ഷ്യം. ജഗന്‍റെ വര്‍ധിച്ചുവരുന്ന ജനപിന്തുണ കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നതും അതുകൊണ്ടുതന്നെയാണ്.
Close...
Maximum Character Allowed -
4000