Wednesday, May 23, 2012   9:31 AM IST
Vaartha BlogRSS
Loading
വ്രതം, അണയാത്ത വിളക്കാവണം
Published : Wednesday, August 24, 2011
|
  
Text Size
എം. സലാഹുദ്ദീന്‍ മദനി

പിരിശുദ്ധ ഖുറാന്‍ അവതരിച്ച മാസം എന്ന നിലയിലാണു റംസാന്‍ വ്യതിരിക്തമാകുന്നത്. അതിനു നന്ദി പ്രകടിപ്പിച്ചു കൊണ്ട് ആ മാസത്തെ വരവേല്‍ക്കുകയും ആഘോഷിക്കുകയുമാണു വിശ്വാസികള്‍ വ്രതാനുഷ്ഠാനത്തിലൂടെ ചെയ്യുന്നത്. റംസാന്‍ മാസത്തിലെ അവസാന പത്തു ദിവസങ്ങളിലെ ഒറ്റയായി വരുന്ന ഏതോ ഒരു രാത്രിയിലാണു പരിശുദ്ധ ഖുറാന്‍റെ അവതരണം നടന്നിരിക്കുന്നത്. "ലൈലത്തുല്‍ ഖദര്‍' (നിര്‍ണയത്തിന്‍റെ രാത്രി) എന്നു വിശേഷിപ്പിക്കപ്പെടുന്ന ആ രാത്രി ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായതും മലക്കുകളുടെ (മാലാഖമാര്‍) ആഗമനം കൊണ്ടു ആദരണീയമാണെന്നാണു ഖുറാന്‍ പഠിപ്പിക്കുന്നത്. ഈ രാത്രിയിലെ പുണ്യം നേടിയെടുക്കാന്‍ വേണ്ടി വിശ്വാസികള്‍ പള്ളികളില്‍ സ്രഷ്ടാവായ അള്ളാഹുവുമായുള്ള ബന്ധം ദൃഢീകരിച്ചും മനസ് അവനില്‍ മാത്രം കേന്ദ്രീകരിച്ചും "ഇഅ്തികാഫ് ' (ഭജനമിരിക്കല്‍) അനുഷ്ഠിക്കുന്ന നാളുകളാണിപ്പോള്‍. ഖുറാന്‍ പാരായണം, ദീര്‍ഘമായ രാത്രി നമസ്ക്കാരം, പ്രാര്‍ഥന, പ്രകീര്‍ത്തനം, ദാനധര്‍മങ്ങള്‍ തുടങ്ങിയ ആരാധനാകര്‍മങ്ങളില്‍ അരയും തലയും മുറുക്കി മത്സരിക്കുകയാണു വിശ്വാസികള്‍. അത്രയും പവിത്രമായ നാളുകളാണു പരിശുദ്ധ ഖുറാന്‍ അവതരിച്ച ഈ മാസവും അവസാനത്തെ പത്തു ദിവസങ്ങളും. അതുല്യമായ ഈ ദൈവിക ഗ്രന്ഥം ആദരപൂര്‍വ്വം അലമാരകളില്‍ അടച്ചുവെക്കാനുള്ളതോ കേവലം പാരായണ ഗ്രന്ഥമായി കണ്ടു മരണത്തിന്‍റെ പരിസരങ്ങളില്‍ യാന്ത്രികമായി ഉരുവിടാനുള്ളതോ മാത്രമുള്ളതല്ല. മറിച്ച് അതിന്‍റെ അധ്യാപനങ്ങള്‍ ജീവിതത്തിലുടനീളം പകര്‍ത്താനുള്ളതാണെന്ന ഉത്തരവാദിത്തബോധം വ്രതമാസം വിശ്വാസികളെ അടിക്കടി ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുകയാണ്.

ഇസ്ലാം, വിശ്വാസവും അനുഷ്ഠാനവും സമന്വയിച്ചിട്ടുള്ള മതമാണ്. അതില്‍ വര്‍ഷത്തിലൊരിക്കല്‍ കടന്നു വരുന്ന റംസാന്‍, പുണ്യങ്ങള്‍ പൂത്തുലയുന്ന, ഭക്തി തിരയടിക്കുന്ന, വിശ്വാസികളുടെ വിളവെടുപ്പ് കാലമാണ്. ഉദയം മുതല്‍ അസ്തമയം വരെ ദൈവപ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചു ഭക്ഷണപാനീയങ്ങളും കാമപൂര്‍ത്തീകരണവും വര്‍ജിച്ചു കുറ്റകൃത്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞു നിന്നു ശരീരേച്ഛകള്‍ക്കു കടിഞ്ഞാണിട്ടു ദൈവിക കല്‍പ്പനകള്‍ സര്‍വാത്മനാ അനുസരിക്കുന്നതിനു ശക്തിയാര്‍ജിക്കാനുള്ള കഠിന പരീശീലനമാണു നോമ്പ്. ആഹാരപാനീയങ്ങളും അനുവദനീയമായ ഇണയും അരികെയുണ്ടായിട്ടും നിശ്ചിത സമയത്തേയ്ക്കു വേണ്ടെന്നു വെച്ചു സംയമനം പാലിക്കുന്നതിനു പരിശീലിപ്പിക്കപ്പെടുന്ന വ്യക്തിയെ നിഷിദ്ധവും വിനാശകരവുമായ കാര്യങ്ങള്‍ വര്‍ജിക്കാന്‍ പ്രാപ്തനാക്കുന്നു. നോമ്പു മതചടങ്ങായി അംഗീകരിക്കാത്ത ഒരു മതവും ഉണ്ടായിട്ടില്ല എന്നാണല്ലോ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക തന്നെ പറയുന്നത്.

റംസാനും വ്രതവും രണ്ടു അനുഗ്രഹങ്ങളുടെ സഫലമായ സംയോജനവും രണ്ടു ഐശ്വര്യങ്ങളുടെ സമുജ്വലമായ സമാഗമവുമാണ്. അന്ധകാരമയമായ ജനജീവിതത്തിലേക്കു ഖുറാനാകുന്ന പ്രഭാതം കടന്നുവന്നു. വ്രതവും ഖുറാനും തമ്മില്‍ അഗാധമായ നൂലിഴകളാല്‍ ബന്ധപ്പെട്ടിരിക്കുന്നു. റംസാന്‍ അനുഗ്രഹവര്‍ഷങ്ങളുടെ പൂക്കാലം. ദൈവത്തിന്‍റേയും ദാസന്‍റേയുമിടയിലുള്ള ആത്മീയ ബന്ധനത്തിന്‍റെ അനന്യമായ ബന്ധം ഉടലെടുക്കുന്ന മാസം. ആരാധന, ദൈവസ്മരണ, ഖുറാന്‍ പാരായണം, ഭക്തി , സൂക്ഷ്മത, വിരക്തി, വിനയം, തുടങ്ങിയ സദ് കാര്യങ്ങളുടെ സമ്മേളനകാലവും ഭക്തിയുടെ ഉത്സവകാലവുമാണ് റംസാന്‍. ആഹാരപാനീയങ്ങള്‍ മാത്രം വര്‍ജിക്കലല്ല വ്രതം. അതിന്‍റെ ആത്മീയ ഭാവത്തിനു പോറലേല്‍പ്പിക്കുന്ന സകല ചെയ്തികളില്‍ നിന്നും വിട്ടു നിന്നേ മതിയാകൂ.

ഏതു ആരാധനാകര്‍മ്മങ്ങള്‍ക്കും ബാഹ്യം, ആന്തരികം എന്നിങ്ങനെ രണ്ടു വശങ്ങളുണ്ട്. ബാഹ്യവശം അതു അനുഷ്ഠിക്കുന്ന രൂപം. ആന്തരികവശം അതിന്‍റെ സത്തയും ചൈതന്യവും. ആന്തരിക വശം അവഗണിച്ചുകൊണ്ടുള്ള ആരാധനകള്‍ ആത്മാവില്ലാത്ത ജഡം പോലെ നിര്‍ജീവമായിരിക്കും. നബി(സ) പറഞ്ഞു: ""എത്രയെത്ര നോമ്പുകാര്‍! നോമ്പു മൂലം ദാഹമല്ലാതെ അവര്‍ക്കു കിട്ടുന്നില്ല. എത്രയെത്ര രാത്രി നമസ്ക്കാരക്കാര്‍! നിദ്രാ നഷ്ടമല്ലാതെ മറ്റൊന്നും അവര്‍ക്കു ലഭിക്കുന്നില്ല''’(ദാരിമി). ഈ വചനം ആരാധനകളുടെ സത്തയും ചൈത ന്യവും നഷ്ടപ്പെടുത്താതെ സൂക്ഷിക്കണമെന്നും ഇല്ലങ്കില്‍ നിഷ്ഫലമാണെന്നും താക്കീത് നല്‍കുന്നു. മതപരവും ആത്മീയവുമായ ജീവിത വിശുദ്ധി ലക്ഷ്യമിടുമ്പോള്‍ തന്നെ, തത്ഫലമായി സാധ്യമാകുന്ന ഭൗതികവും ശാരീരികവുമായ നേട്ടങ്ങളെയും അതു നിരാകരിക്കുന്നില്ല. ശാരീരിക പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തി യൗവനയുക്തമായ ശരീരവും മനസും പ്രദാനം ചെയ്യുക എന്നതാണു വ്രതത്തിന്‍റെ ഭൗതിക മാനം. ""നിങ്ങള്‍ നോമ്പനുഷ്ഠിക്കുക, നിങ്ങള്‍ ആരോഗ്യവാന്മാരാകും'' എന്ന നബി വചനം ഏറെ ശ്രദ്ധേയമാണ്.

കഷ്ടപ്പെടുന്നവന്‍റെ കണ്ണീരൊപ്പാതെ, പട്ടിണി കിടക്കുന്നവന്‍റെ പട്ടിണിയകറ്റാതെ , മാരകരോഗങ്ങളാല്‍ കഷ്ടപ്പെടുന്നവനു സാന്ത്വനമേകാതെ യഥാര്‍ഥ വിശ്വാസിയാകാനോ വ്രതത്തിലൂടെ ലക്ഷ്യം നേടാനോ ആവില്ല എന്ന സന്ദേശവും വ്രതമാസം നമുക്കു നല്‍കുന്നുണ്ട്.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാല്‍ റംസാന്‍ വിടപറയും. റംസാനില്‍ നേടിയെടുക്കാനും പുനരുജീവിപ്പിക്കാനും കഴിഞ്ഞ സൂക്ഷ്മതാ ബോധവും സംയമനവും നിയന്ത്രണശീലവും വിടപറയാന്‍ പാടില്ല. റംസാനില്‍ മാത്രം തെളിയിക്കേണ്ടതും റംസാന്‍ കഴിഞ്ഞാല്‍ അണഞ്ഞു പോകേണ്ടതുമല്ല ഇവയൊന്നും. ജീവിതകാലം മുഴുവന്‍ വെളിച്ചം നല്‍കേണ്ടതാണ്.



(കേരള നദ്വത്തുല്‍

മുജാഹിദ്ദീന്‍ ദക്ഷിണമേഖലാ പ്രസിഡന്‍റാണ് ലേഖകന്‍)

Rate This News :
Latest News