ഉപ്പയില്ലാത്ത നോമ്പുകാലം
Published : Saturday,
August 27,
2011
അക്ബര്‍ കക്കട്ടില്‍
ഉപ്പയുടെ അസാന്നിധ്യം തീവ്ര മായി അനുഭവപ്പെടുന്ന നാളുകളാണു നോമ്പുകാലം. എപ്പോഴും ആളും കൂട്ടവുമുള്ള വീട്ടില്‍ വല്ലാത്ത എന്തോ കുറവുള്ളതുപോലെ. അഥവാ ഒരു ചൈതന്യം നഷ്ടപ്പെട്ടപോലെ. ഒരുപക്ഷേ എനിക്കു മാത്രം മനസിലാകുന്ന അവസ്ഥ. പിന്നെ സമാധാനിക്കും- ഉപ്പയും ഉമ്മയുമൊന്നും എല്ലാ കാലത്തും ഉണ്ടാവില്ലല്ലോ. നാളെ നമുക്കും ഇതു ബാധകമാണല്ലോ.
നോമ്പുതുറക്കാന്‍ ഉപ്പ പള്ളിയില്‍നിന്നെത്തുമ്പോള്‍ കൂടെ നിരവധി ആളുകളുണ്ടാവും. ആളുകളുടെ എണ്ണത്തെക്കുറിച്ച് ഉപ്പയ്ക്കു ബോധ്യമൊന്നും ഉണ്ടാവില്ല. നോമ്പുതുറയ്ക്കുള്ള വിഭവങ്ങള്‍ തയാറാക്കി ഉമ്മ കാത്തിരിക്കുന്നുണ്ടാവും. ചിലപ്പോള്‍ കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍ ആളുണ്ടാവും. മറ്റു ചിലപ്പോള്‍ കുറവും. ഇതു സാധാരണ ദിവസങ്ങളില്‍ ഭക്ഷണ നേരങ്ങളിലൊക്കെ പതിവാണ്. മഹല്ലു കാരണവരും പള്ളി, മദ്രസ കമ്മിറ്റി ഭാരവാഹിയും ഒക്കെയായ ഉപ്പയെ കാണാന്‍ എത്തുന്നവരാകും അപ്പോഴൊക്കെയും അതിഥികള്‍. അപ്പോഴൊക്കെ ഉമ്മയ്ക്കു ഭക്ഷണം ബാക്കി കാണില്ല. എന്നാല്‍, നോമ്പുതുറ അങ്ങനെയല്ലല്ലോ. ഭക്ഷണം ഉണ്ടായേ പറ്റൂ. ഉമ്മ അതെങ്ങനെയാണ് അഡ്ജസ്റ്റ് ചെയ്തിരിക്കുക എന്ന് സത്യം പറഞ്ഞാല്‍ ഞാന്‍ ഇപ്പോഴാണ് ആലോചിക്കുന്നത്. ഉമ്മ ഒരിക്കലും ആവലാതി പറയുകയോ അസ്വസ്ഥത പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല. ഒരു പക്ഷേ അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഉപ്പയ്ക്കതു മനസിലാകുമായിരുന്നെന്ന് ഇന്നു തോന്നുന്നു. ഉമ്മയുടെ പ്രകൃതം അതായിരുന്നു. ഉപ്പയുടെ പ്രകൃതവും അതായിരുന്നു.
ഉപ്പയില്ലാതെ രണ്ടു പതിറ്റാണ്ടി ലേറെ നോമ്പുകാലം കഴിഞ്ഞു. എന്നിട്ടും അക്കാലംതന്നെയാണ് സജീവമായി എന്‍റെ മനസില്‍. കുറേക്കാലമൊക്കെ ഞാനും ഉപ്പയെ അനുകരിച്ച് നോമ്പുതുറയൊക്കെ നടത്തിനോക്കിയിട്ടുണ്ട്. പക്ഷേ, അതൊ ന്നും ഉപ്പയുള്ള കാലത്തേതുപോലെ ആകുന്നില്ല. എങ്കിലും എന്നെക്കൊണ്ടാവുംവിധം ഞാനിപ്പോഴും അതെല്ലാം നിര്‍വഹിക്കുന്നു.
മക്കളെല്ലാം വിദ്യാഭ്യാസത്തിനായി അധികവും പുറത്തായതിനാല്‍ എല്ലാ നോമ്പുകാലത്തും അവര്‍ വീട്ടില്‍ ഉണ്ടാകാറില്ല. എങ്കിലും പല ദിവസങ്ങളിലും അവര്‍ വന്നു താമസിച്ചു പോകുമ്പോള്‍ ഒരു പ്രത്യേക ഉന്മേഷവും ഉണര്‍വും ഉണ്ടായിരുന്നു. ഇപ്പോഴാകട്ടെ, അതുമില്ല. രണ്ടു പെണ്‍കുട്ടികളും കല്ല്യാണം കഴിഞ്ഞ് വിദേശത്തു താമസിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഞാനും ഭാര്യയും മാത്രമടങ്ങുന്ന ഒരു നോമ്പുകാലമാണ് കഴിഞ്ഞ കുറെ കാലമായി വീട്ടില്‍. പിന്നെ അതിഥികളായെത്തുന്ന ബന്ധുക്കളോ സുഹൃത്തുക്കളോ ഒക്കെയായാല്‍ അവരും.
മതപരമായ പ്രാധാന്യത്തോടൊപ്പമുള്ള ഒരു ആഘോഷപ്രതീതി ഇല്ലെങ്കിലും റംസാന്‍ പുണ്യം മനസിനും ശരീരത്തിനും നല്‍കുന്ന ശാന്തതയും സംതൃപ്തിയും എന്നത്തേയുംപോലെ ഇന്നുമുണ്ട്.
Close...
Maximum Character Allowed -
4000