Wednesday, May 23, 2012   9:36 AM IST
Vaartha BlogRSS
Loading
അങ്ങനെ ടാഗ് ചെയ്യണ്ട...!
Published : Thursday, September 01, 2011
|
  
Text Size
വി.കെ. സഞ്ജു

സ്വയമറിയാതെ സ്വന്തം ചിത്രം ഇന്‍റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കപ്പെടുന്നതു ചിലപ്പോള്‍ അത്ര സുഖമുള്ള കാര്യമാകില്ല. ഫെയ്സ്ബുക്കിന്‍റെ സ്ഥിരം ഉപയോക്താക്കളില്‍ പലരും അനുഭവിച്ചറിഞ്ഞിട്ടുള്ളതായിരിക്കും അതിന്‍റെ ബുദ്ധിമുട്ട്. നേരിട്ട് ഒരു ബന്ധവുമില്ലാത്ത ചിത്രം സ്വന്തം പ്രൊഫൈലില്‍ കടന്നുകൂടുന്നതു കൂടുതല്‍ അസ്വസ്ഥത ഉളവാക്കുന്നതുമാണ്. ഫോട്ടോ ടാഗ് ചെയ്യപ്പെടുന്നതു തടയാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന അന്വേഷണം വോള്‍ പോസ്റ്റുകളില്‍ പെരുകാന്‍ ഇതൊക്കെ തന്നെ കാരണങ്ങള്‍. അസ്വസ്ഥത സാരമില്ലെന്നു വച്ചാലും, മാനം കളഞ്ഞ ഒരു ടാഗിങ്ങെങ്കിലും അനുഭവിച്ച ആരും അന്വേഷിച്ചു പോകും അതു തടയാനുള്ള മാര്‍ഗം.

പക്ഷേ, ഇക്കാലമത്രയും അന്വേഷണം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഫലമുണ്ടായിട്ടില്ല. എന്നെ ടാഗ് ചെയ്യരുതേ എന്നു പരസ്യമായി അഭ്യര്‍ഥിക്കുകയോ, ടാഗ് ചെയ്യുന്നവരുടെ തലവെട്ടുമെന്ന ഭീഷണി മുഴക്കുകയോ ചെയ്യാമെന്നു മാത്രം. സഹായിക്കാന്‍ ഒരു ആപ്ലിക്കേഷന്‍ പോലും അവതരിച്ചിട്ടില്ല. ഒടുവില്‍ ഫെയ്സ്ബുക്ക് തന്നെ അതിനു പ്രതിവിധി കണ്ടെത്തുകയാണ്. അനുവാദം കൂടാതെ ടാഗ് ചെയ്യപ്പെടുന്നതു തടയാന്‍ ഉള്ളതടക്കം സുരക്ഷാ സംവിധാനങ്ങളിലും സ്വകാര്യതയിലും പുതിയ പൊളിച്ചെഴുത്തുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമാകും.

എഴുപത്തഞ്ചു കോടി ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിച്ചുകളയാമെന്നു പെട്ടന്നൊരു ഭൂതോദയമുണ്ടായതല്ല മാര്‍ക്ക് സുക്കര്‍ബര്‍ഗിനും കൂട്ടര്‍ക്കും. അന്താരാഷ്ട്ര നിയമ പ്രശ്നങ്ങളടക്കം തലവേദനകള്‍ പലതുണ്ടായിട്ടും മൈന്‍ഡ് ചെയ്തിട്ടില്ല ടീം ഫെയ്സ്ബുക്ക്. ഇപ്പോള്‍ ഗൂഗ്ള്‍ പ്ലസിന്‍റെ വരവാണു കാര്യങ്ങള്‍ ഉഷാറാക്കിയത്. ഗൂഗ്ളിന്‍റെ പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വെബ്സൈറ്റ് വന്നതിനു പിന്നാലെ കിട്ടിയ യൂസര്‍ റിവ്യൂകളില്‍ പോസിറ്റിവായി കാണുന്നത് വര്‍ധിച്ച സുരക്ഷാ സംവിധാനങ്ങളാണ്, ഒരു പക്ഷേ അതു മാത്രവുമാണ്. പിന്നെ, ഫെയ്സ്ബുക്ക് ടീമിന് അടങ്ങിയിരിക്കാന്‍ കഴിയുന്നതെങ്ങനെ!

ലോഞ്ച് ചെയ്ത് രണ്ടു മാസം പിന്നിട്ടിട്ടേ ഉള്ളെങ്കിലും ഗൂഗ്ള്‍ പ്ലസിനെ എഫ്ബി മേധാവികള്‍ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാന്‍. ഓര്‍ക്കുട്ട് പോലൊരു വമ്പന്‍ പ്ലാറ്റ്ഫോം കൈയിലിരിക്കുകയും, ബസ്സ് എന്ന മൈക്രോബ്ലോഗിനു കാര്യമായ പ്രൊമോഷന്‍ നല്‍കാതിരിക്കുകയും ചെയ്യുന്ന ഗൂഗ്ള്‍, പ്ലസിലൂടെ മുന്നില്‍ക്കാണുന്നതു വലിയ ലക്ഷ്യങ്ങള്‍ തന്നെ ആയിരിക്കണമല്ലോ.

അപകട ഭീഷണി മനസിലാക്കിയ ഫെയ്സ്ബുക്കിലെ സാങ്കേതികവിദഗ്ധര്‍ ഉണര്‍ന്നു കഴിഞ്ഞു. ഘട്ടംഘട്ടമായി ആയിരിക്കും പുതിയ സെറ്റിങ്സ് ലഭ്യമാക്കുക. സ്റ്റാറ്റസ് സന്ദേശത്തിനുള്ള സുരക്ഷാ സംവിധാനം ഇതിനകം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പോസ്റ്റ് ചെയ്യുന്ന സന്ദേശമോ, ചിത്രമോ, ലിങ്കോ എന്തായാലും അത് ആരൊക്കെ കാണണമെന്നു നിശ്ചയിക്കാന്‍ ഉപയോക്താവിനു കൂടുതല്‍ അധികാരം നല്‍കുന്നതാണു പുതിയ സംവിധാനങ്ങള്‍. പ്രൊഫൈലിന്‍റെ ഏതൊക്കൊ ഭാഗങ്ങള്‍ പരസ്യപ്പെടുത്താമെന്നും യൂസര്‍ക്കു തന്നെ തീരുമാനിക്കാം. കുറച്ചു പേര്‍ക്കു മുന്നില്‍ മാത്രം പ്രൊഫൈലിനെ കൂടുതല്‍ തുറന്ന പുസ്തകമാക്കണമെന്നുണ്ടെങ്കില്‍ അതുമാകാം. ഓരോ പുതിയ അപ്ഡേഷനൊപ്പവും പ്രൈവസി ഉറപ്പാക്കാനുള്ള മെനു ലഭ്യമാകും.

ഇക്കൂട്ടത്തില്‍ ഏറ്റവും ആകര്‍ഷകമായ സംവിധാനം തീര്‍ച്ചയായും ടാഗ് ചെയ്യപ്പെട്ട ഫോട്ടൊ ഓണ്‍ലൈനാകും മുന്‍പ് റിവ്യൂ ചെയ്യാനുള്ള അവസരം ലഭിക്കുന്നതു തന്നെയാണ്. ഇപ്പോള്‍ ആര്‍ക്കും ആരുടെ ഫോട്ടൊയിലും ആരെയും ടാഗ് ചെയ്യാം എന്ന അവസ്ഥയുണ്ട്. എന്നാല്‍, ഈ മാറ്റങ്ങളൊന്നും ഏതെങ്കിലും സര്‍ക്കാരിന്‍റെയും മറ്റാരുടെയെങ്കിലുമോ നിര്‍ദേശമോ ശുപാര്‍ശയോ അനുസരിച്ച് ഏര്‍പ്പെടുത്തുന്നതല്ലെന്നു കൂടി കൂട്ടിച്ചേര്‍ക്കാന്‍ ഫെയ്സ്ബുക്ക് അധികൃതര്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. പ്രൈവസി കമ്മിഷണര്‍ ജെന്നിഫര്‍ സ്റ്റോഡ്ഡാര്‍ട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘം വിശദമായ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ചാണ് രണ്ടു വര്‍ഷം മുന്‍പ് ഇതുപോലെ വിശാലമായൊരു മാറ്റം ഫെയ്സ്ബുക്കിലുണ്ടായത്. ഇത്തവണ ആരാണിതിനു പിന്നിലെന്നു വ്യക്തമല്ല.

അതേസമയം, ഗൂഗ്ള്‍ പ്ലസിനെ പേടിച്ചല്ല ഇതൊന്നും ചെയ്യുന്നതെന്നും, മാസങ്ങളായി പരിഗണിക്കപ്പെടുന്ന മാറ്റങ്ങളാണെന്നും കമ്പനി കൂട്ടിച്ചേര്‍ക്കുന്നു. ഏതായാലും സ്വകാര്യതയ്ക്ക് വില നല്‍കാത്ത സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിന്‍റെ കാലം രണ്ടു വര്‍ഷം മുന്‍പ് അന്ത്യശ്വാസം വലിച്ചു തുടങ്ങിയിരുന്നു. ഇപ്പോള്‍ രണ്ടു വമ്പന്മാര്‍ നേരിട്ടു മത്സരം തുടങ്ങിയതോടെ സ്വകാര്യതയ്ക്കും ഇന്‍റര്‍നെറ്റ് സുരക്ഷിതത്വത്തിനും വീണ്ടും വില കൊടുക്കപ്പെടുമെന്നു പ്രതീക്ഷിക്കാം.
Rate This News :
Latest News