ഇന്ത്യയ്ക്കു മിഠായിയും കയ്ച്ചു
Published : Friday,
September 02,
2011
ലണ്ടന്‍
ഇംഗ്ലണ്ടിനു മുന്നില്‍ ഇന്ത്യ വീണ്ടും തലകുനിച്ചു. പരമ്പരയി ലെ ഏക ട്വന്‍റി20 മത്സരത്തില്‍ ആതിഥേയര്‍ ഇന്ത്യയെ ആറു വിക്കറ്റിനു കീഴടക്കി. ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സിന്‍റെ വിജയലക്ഷ്യം ഇംഗ്ലിഷ് പട മൂന്നു പന്തുകള്‍ ശേഷിക്കെ മറികടന്നു. ഓയിന്‍ മോര്‍ഗന്‍ (49), കെവിന്‍ പീറ്റേഴ്സണ്‍ (33), രവി ബൊപ്പാര (31 നോട്ടൗട്ട്), സമിത് പട്ടേല്‍ (25 നോട്ടൗട്ട്) എന്നിവര്‍ ഇംഗ്ലണ്ടിന്‍റ ബാറ്റിങ് നിരയില്‍ തിളങ്ങി. ജെഡ് ഡേണ്‍ബാച്ചിന്‍റെ (22ന് 4) ബൗളിങ്ങും ഇംഗ്ലണ്ടിനു തുണയായി. ഡേണ്‍ബാച്ചിന്‍റെ സ്ലോബോളുകളും യോര്‍ക്കറുകളുമാണു ഇന്ത്യന്‍ സ്കോറിങ്ങിനു തടയിട്ടത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത് മൂന്നുപേര്‍ മാത്രം. തുടക്കത്തില്‍ അരങ്ങേറ്റക്കാരന്‍ അജിന്‍ക്യ രഹാനേ (39 പന്തില്‍ 61), രാഹുല്‍ ദ്രാവിഡ് (21 പന്തില്‍ 31) എന്നിവരും അവസാന ഓവറുകളില്‍ സുരേഷ് റെയ്നയും (19 പന്തില്‍ 33) നടത്തിയ വെടിക്കെട്ടുകളാണു ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. സ്ലോ വിക്കറ്റില്‍ ഇതു ജയിക്കാവുന്ന സ്കോറുമായിരുന്നു.
പാര്‍ഥിവ് പട്ടേലിനൊപ്പം ക്രീസിലെത്തിയ രഹാനെ ഇംഗ്ലിഷ് ബൗളര്‍മാരെ തീരെ ബഹുമാനിച്ചില്ല. പട്ടേല്‍ (10) ഡേണ്‍ബാച്ചിനിരയായി. എന്നാല്‍, രഹാനെ തുടര്‍ച്ചയായി ബൗണ്ടറികള്‍ കണ്ടെത്തി. ദ്രാവിഡ് തുടക്കത്തില്‍ രഹാനെയ്ക്കും പിന്തുണ നല്‍കാന്‍ മാത്രമാണു ശ്രദ്ധിച്ചത്. സമിത് പട്ടേലിനെ തുടര്‍ച്ചയായ മൂന്നു സിക്സറുകള്‍ക്കു പറത്തിയ വന്‍മതില്‍ കരിയറിലെ ആദ്യത്തേതും അവസാനത്തേതുമായ അന്താരാഷ്ട്ര ട്വന്‍റി20 മത്സരം അവിസ്മരണീയമാക്കുകയും ചെയ്തു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏതു ഫോര്‍മാറ്റിലും ദ്രാവിഡ് ഹാട്രിക് സിക്സര്‍ നേടുന്നത് ഇതാദ്യം.
ഒടുവില്‍ ബൊപ്പാര ദ്രാവിഡനെ കൂടാരം കയറ്റി. പിന്നാലെ എട്ടു ബൗണ്ടറികളുമായി രഹാനെയും മടങ്ങി. വിരാട് കോഹ്ലി (4), രോഹിത് ശര്‍മ (1) എന്നിവരും വീണതോടെ ഇന്ത്യയ്ക്കു സമ്മര്‍ദം. ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയും (8) തിളങ്ങിയില്ല. എന്നാല്‍, മൂന്നു പടൂകൂറ്റന്‍ സിക്സറുകളുമായി കത്തിക്കയറിയ റെയ്ന ഇന്ത്യയുടെ മുഖംരക്ഷിച്ചു.
മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്‍റെ തുടക്കം മികച്ചതായിരുന്നില്ല. രണ്ടാം പന്തില്‍ത്തന്നെ അല്കസ് ഹാല്‍സിനെ (0) പ്രവീണ്‍ കുമാര്‍ വിക്കറ്റിനു മുന്നില്‍ക്കുടുക്കി. രണ്ടാം വിക്കറ്റില്‍ ക്രെയ്ഗ് കെയ്സ്വെറ്ററും (18) കെവിന്‍ പീറ്റേഴ്സണും (33) 57 റണ്‍സ് ചേര്‍ത്തു. ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ കളി ഇന്ത്യയുടെ കൈയില്‍. എന്നാല്‍, ബൊപ്പാരയെ കൂട്ടുപിടിച്ച മോര്‍ഗന്‍ ഇന്ത്യന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ചു. രോഹിത് ശര്‍മയെ തുടര്‍ ബൗണ്ടറികള്‍ക്കും സിക്സറിനും ശിക്ഷിച്ച മോര്‍ഗന്‍ കോഹ്ലിയെയും വെറുതെവിട്ടില്ല. ബൊപ്പാരയും ഫോമിലെത്തിയതോടെ ഇംഗ്ലണ്ട് സുരക്ഷിതനിലയില്‍. സമിത് പട്ടേലും തിളങ്ങിയതോടെ ഇന്ത്യയുടെ ആശയറ്റു. അവസാന ഓവറി ല്‍ പത്ത് റണ്‍സാണ് ഇംഗ്ലണ്ടിനു വേണ്ടിയിരുന്നത്. വിനയ്കുമാറിനെ ഹാട്രിക്ക് ബൗണ്ടറിക്കു പറത്തി പട്ടേല്‍ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചു.
Close...
Maximum Character Allowed -
4000