Wednesday, May 23, 2012   9:37 AM IST
Vaartha BlogRSS
Loading
മില്‍മ പാലിന് 5 രൂപ കൂടും
Published : Friday, September 02, 2011
|
  
Text Size
കൊച്ചി/തിരുവനന്തപുരം

അഞ്ചാം തീയതി മുതല്‍ സംസ്ഥാനത്തു മില്‍മ പാലിനു വില വര്‍ധിക്കും. ലിറ്ററിന് അഞ്ചു രൂപയാണ് വര്‍ധന. ഒരു കവര്‍ പാലിനു രണ്ടര രൂപ കൂട്ടും. മില്‍മയുടെ എല്ലാ ഇനം പാലിനും വര്‍ധന ബാധകം. വില വര്‍ധന തടഞ്ഞു കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. തുടര്‍ന്നാണ് തിങ്കളാഴ്ച മുതല്‍ പാല്‍ വില വര്‍ധിപ്പിക്കാന്‍ മില്‍മ തീരുമാനിച്ചത്.

ക്ഷീരകര്‍ഷകരെ സംരക്ഷിക്കാനാണ് വില വര്‍ധനയെന്നു മില്‍മ അധികൃതര്‍. വര്‍ധിപ്പിക്കുന്ന തുകയില്‍ 4.20 രൂപ കര്‍ഷകര്‍ക്കു നല്‍കും. 20 പൈസ വീതം ഏജ

ന്‍റുമാര്‍, ക്ഷീരസംഘങ്ങള്‍, മില്‍മ എന്നിവര്‍ക്കു ലഭിക്കും. അടിക്കടിയുണ്ടാകുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധന നേരിടാന്‍ 20 പൈസ വീതം മാറ്റിവയ്ക്കുമെന്നും മില്‍മ അധികൃതര്‍ അറിയിച്ചു.

മില്‍മയ്ക്ക് പാല്‍വില കൂട്ടാമെന്നു ഹൈക്കോടതി. പാല്‍വില കൂട്ടാനുള്ള കേരള മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍റെ തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാരിനോ, ക്ഷീരസഹകരണ സംഘം രജിസ്ട്രാര്‍ക്കോ അധികാരമോ അവകാശമോ ഇല്ലെന്ന് ഇന്നലെ ഹൈക്കോടതിയില്‍ ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയാണ് പാല്‍ വില ഉയര്‍ത്താന്‍ മില്‍മ തീരുമാനിച്ചത്.

2011 മെയ് 11 നു പാല്‍വില ലിറ്ററിന് അഞ്ചു രൂപ കൂട്ടാനുള്ള മില്‍മയുടെ തീരുമാനം രജിസ്ട്രാര്‍ റദ്ദാക്കിയിരുന്നു. രജിസ്ട്രാറുടെ ഈ നടപടിയെ ചോദ്യം ചെയ്ത് മില്‍മ നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

മില്‍മയുടെ തീരുമാനത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനോ, ഡയറി സഹകരണ സംഘം രജിസ്ട്രാര്‍ക്കോ അധികാരമുണ്ടോ എന്നായിരുന്നു കോടതിയുടെ മുന്നിലുണ്ടായിരുന്ന നിയമപ്രശ്നം. പാല്‍വില വര്‍ധനയും ക്ഷീരകര്‍ഷകന്‍റെ കഠിനാധ്വാനം സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നിയമിച്ച വി.കെ. മൊഹന്തി കമ്മിഷന്‍റെ ശുപാര്‍ശ പ്രകാരം 2010 ജൂണില്‍ ഒരു ലിറ്റര്‍ പാലിന്‍റെ ഉത്പാദനച്ചെലവു 20.06 രൂപ എന്നു കണക്കാക്കിയിട്ടുണ്ട്. ക്ഷീരകര്‍ഷകര്‍ക്കു കിട്ടുന്നത് 18.4 രൂപയാണ് അതേ സമയം ചെങ്കുളത്തെ ഹൈറേഞ്ച് ഡയറി ഒരു ലിറ്റര്‍ പാല്‍ 30 രൂപയ്ക്കാണു വില്‍ക്കുന്നത്. ഈ വിഷയത്തില്‍ ഇടപെടാതെ മില്‍മ അഞ്ച് രൂപ വര്‍ധിപ്പിക്കാന്‍ തീരമാനിച്ചപ്പോള്‍ അതിലിടപെട്ട സര്‍ക്കാര്‍ നടപടിയില്‍ സ്വാഭാവിക നീതിയില്ലെന്നായിരുന്നു മില്‍മയുടെ വാദം.

മില്‍മയുമായുള്ള കരാര്‍ കാലാവധി കഴിഞ്ഞെങ്കിലും പാലിന്‍റേയും, പാല്‍ ഉത്പന്നങ്ങളുടെയും വിലവര്‍ധന സംബന്ധിച്ച് ഇടപെടാമെന്നാണു സര്‍ക്കാര്‍ വാദം. മില്‍മയില്‍ സര്‍ക്കാരിനുവേണ്ടി ഇന്ത്യന്‍ ഡയറി കോര്‍പ്പറേഷന്‍ 18 കോടി രൂപ ഗ്യാരണ്ടി നല്‍കിയിട്ടുള്ളതിനാല്‍ ഇടപെടാന്‍ അധികാരമുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ ക്ഷീര കര്‍ഷക സംഘങ്ങള്‍ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പക്കുമ്പോള്‍ ഇടപെടില്ലെന്നു മില്‍മയുമായുള്ള കരാറില്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കില്ലെന്നും സര്‍ക്കാര്‍ വ്യവസ്ഥചെയ്യുന്നുണ്ട്. മില്‍മ നിയമാവലി പ്രകാരം അതിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബോര്‍ഡ് ഒഫ് ഡയറക്റ്റേഴ്സിന് അധികാരമുണ്ട്. പാലിന്‍റെയും പാല്‍ ഉത്പന്നങ്ങളുടെയും വില, പ്രാഥമിക ക്ഷീര സംഘങ്ങള്‍ക്കുള്ള കമ്മിഷന്‍ എന്നിവ മില്‍മയ്ക്കു തീരമാനിക്കാം.

ഉത്പാദനച്ചെലവുകൂടുന്നതും പ്രതിഫലം കുറയുന്നതും മൂലം സംസ്ഥാനത്ത് പാല്‍ ഉത്പാദനം കുറയുകയാണെന്നു ഡോ. എന്‍ ആര്‍ ഉണ്ണിത്താന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് 4.34 രൂപ വിലവര്‍ധിപ്പിക്കാമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. ഇതു പ്രകാരം 2010 ല്‍ വില 22 ആക്കി. എന്നാല്‍ നിര്‍ദിഷ്ട വിലവര്‍ധനയ്ക്കു ശേഷവും കര്‍ഷകനു ഗുണം കിട്ടുന്നില്ലെന്നു കോടതി നിരീക്ഷിച്ചു ഈ പശ്ചാത്തലത്തിലാണ് വിലവര്‍ധനവ് തടഞ്ഞ സര്‍ക്കാര്‍ നടപടി നിലനില്‍ക്കുമോ എന്നു പരിശോധിക്കേണ്ടതാണെന്നു കോടതി വിലയിരുത്തിയത്.

പൊതു ആവശ്യം മുന്‍നിര്‍ത്തി ഇക്കാര്യത്തില്‍ ഇടപെടാന്‍ സര്‍ക്കാരിനു അധികാരമുണ്ടെന്ന വസ്തുത കണക്കിലെടുത്താല്‍പ്പോലും ക്ഷീരകര്‍ഷകരുടെ ജീവല്‍ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. ഉത്പാദനച്ചെലവു വര്‍ധിച്ച സാഹചര്യത്തില്‍ വിലവര്‍ധനവ് ആവശ്യമാണ്. കൂടാതെ സ്വകാര്യ ഡയറി വിലവര്‍ധിപ്പിച്ചത് സര്‍ക്കാര്‍ തടഞ്ഞിട്ടുമില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്‍റെയും രജിസ്ട്രാറുടെയും ഇടപെടല്‍ ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
Rate This News :
Latest News