ബ്രോഡ് വേ നരകതുല്യം
Published : Friday,
September 02,
2011
കൊച്ചി
നഗരത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ് വേ ഉത്സവ കാലത്തും പരാധീനതകള്‍ക്കു നടുവില്‍. നല്ല റോഡോ പാര്‍ക്കിങ് ഏരിയയോ നടപ്പാതയോ ഇല്ലാതെ ഷോപ്പിങ് നരകതുല്യമാവുകയാണിവിടെ.
എറണാകുളം മാര്‍ക്കറ്റും അതിനോടു ചേര്‍ന്നുള്ള ഈ വ്യാപാര കേന്ദ്രവും നവീകരിക്കാന്‍ തയാറാക്കിയ 22 കോടിയുടെ പദ്ധതിക്ക് ഒന്നര വര്‍ഷം മുന്‍പു കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ ഒരു രൂപ പോലും ഇതുവരെ കോര്‍പ്പറേഷന്‍ ചെലവഴിച്ചിട്ടില്ല. കേന്ദ്ര അംഗീകാരം ലഭിച്ചിട്ട് രണ്ടാമത്തെ ഓണമാണ് ഇത്തവണത്തേത്.
നടപ്പു സാമ്പത്തിക വര്‍ഷം പദ്ധതിത്തുക ചെലവഴിച്ചില്ലെങ്കില്‍ പാഴാകാനും സാധ്യതയുണ്ട്.ജവഹര്‍ലാല്‍ നെഹ്റു നഗര നവീകരണ ദൗത്യം (ജനറം) പ്രകാരം കൊച്ചി പൈതൃക പദ്ധതിയുടെ ഭാഗമായാണ് 22 കോടിയുടെ ബ്രോഡ്വേ നവീകരണ പദ്ധതിക്ക് അംഗീകാരം ലഭിച്ചത്. കഴിഞ്ഞ കൗണ്‍സിലിന്‍റെ കാലത്താണ് പദ്ധതി രേഖ തയാറാക്കി കേന്ദ്ര നഗര വികസന വകുപ്പിലേക്കു സമര്‍പ്പിച്ചത്. ഇന്നുള്ള അതേ രീതിയില്‍ സൗകര്യങ്ങള്‍ മോടിപിടിപ്പിക്കാനാണു പദ്ധതി നിര്‍ദേശം. സെന്‍റര്‍ ഫൊര്‍ ഹെറിറ്റെജ് എന്‍വയോണ്‍മെന്‍റ് ആന്‍ഡ് ഡെവലപ്മെന്‍റ്(സി-ഹെഡ്) ആണു കോര്‍പ്പറേഷനുവേണ്ടി പദ്ധതിരേഖ തയാറാക്കിയത്. പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളൊന്നും ബ്രോഡ്വേയില്‍ വേണ്ടെന്ന് പദ്ധതി രേഖ നിര്‍ദേശിക്കുന്നു.
പക്ഷേ, ഉള്ളത് ഷോപ്പിങിനുതകുംവിധം നവീകരിക്കണം. കെട്ടിടങ്ങള്‍ക്കു പൊതുവായ കളര്‍കോഡ് നല്‍കുക, ആധുനിക സ്ട്രീറ്റ് ലൈറ്റ്, ഷണ്‍മുഖം തോടിന്‍റെ വശങ്ങളില്‍ വിശ്രമ കേന്ദ്രങ്ങള്‍, ശുദ്ധജല ലഭ്യതയ്ക്കുള്ള സംവിധാനം തുടങ്ങിവയെല്ലാം രേഖ വിഭാവനം ചെയ്യുന്നു. നവീകരണ ജോലികള്‍ക്കുള്ള മാതൃകയും ഇതിനുള്ള തുകയും ലഭ്യമായിട്ടും ജോലി ആരംഭിക്കാന്‍ കഴിയാത്തതെന്തുകൊണ്ടെന്നതിന് അധികൃതര്‍തന്നെ ഉത്തരം നല്‍കണം.
ഉത്സവ സീസണായതോടെ ബ്രോഡ്വേയില്‍ വന്‍ ജനത്തിരക്കാണിപ്പോള്‍. കച്ചവടം തകൃതിയായി നടക്കുന്നുണ്ടെങ്കിലും മഴയില്‍ റോഡിലും നടവഴിയിലും ചെളിവെള്ളം കെട്ടിക്കിടക്കുന്നു. മാര്‍ക്കറ്റിലേക്കു തിരിയുന്ന ഭാഗത്തു റോഡില്‍ ചെളി നിറഞ്ഞു കാല്‍നട യാത്രപോലും ദുസഹം. വഴിക്കച്ചവടക്കാര്‍ക്കും ഇതു ദുരിതമുണ്ടാക്കുന്നു. ബ്രോഡ്വേയില്‍ ആവശ്യത്തിനു പാര്‍ക്കിങ് സൗകര്യമില്ലാത്തതുമൂലം റോഡരികില്‍ത്തന്നെയാണ് ഇരുചക്ര വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം സിറ്റി ട്രാഫിക് പൊലീസ് ബ്രോഡ്വേയിലെ പാര്‍ക്കിങ് പൂര്‍ണമായി നിരോധിച്ചിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും പഴയപടിയായി കാര്യങ്ങള്‍. ഓണത്തിരക്കേറിയതോടെ ഈ പാര്‍ക്കിങ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും പതിവാണ്. ബ്രോഡ്വേ നവീകരണത്തിന് ഉടന്‍ നടപടി തുടങ്ങുമെന്നാണു കോര്‍പ്പറേഷന്‍ പറയുന്നത്. അടുത്ത മാസംതന്നെ ഇതിന്‍റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍.
Close...
Maximum Character Allowed -
4000