Wednesday, May 23, 2012   9:40 AM IST
Vaartha BlogRSS
Loading
ചിങ്ങത്തിലെ ചിത്രങ്ങള്‍
Published : Saturday, September 03, 2011
|
  
Text Size
ജോസഫ് റോയി

ചിങ്ങമാസത്തില്‍ ഒരു ചിത്രപ്രദര്‍ശനത്തിനു നല്‍കാവുന്ന ടൈറ്റില്‍ ചിങ്ങം എന്നു തന്നെയാണ്. എറണാകുളത്ത് കാരിക്കാമുറിയിലുള്ള നാണപ്പ ആര്‍ട്് ഗാലറിയിലെ ചിങ്ങം 2011 ചിത്രപ്രദര്‍ശനത്തില്‍ ഒന്നിക്കുന്നത് അഞ്ചു പേര്‍. അണിനിരക്കുന്നതു മുപ്പത്തൊന്നു ചിത്രങ്ങള്‍.

ടി.കലാധരന്‍ ഒരുക്കുന്ന ഈ ഗ്രൂപ്പ് ഷോയില്‍ അദ്ദേഹത്തോടൊപ്പം കെ. പി. സോമന്‍, കെ. കെ.രാജപ്പന്‍, ലല്ലി റോഷന്‍, ജയേഷ് പരോളി എന്നിവരാണു ഒത്തുചേരുന്നത്. ലല്ലി റോഷന്‍റെ പന്ത്രണ്ട് ചിത്രങ്ങളാണു പ്രദര്‍ശനത്തിനുള്ളത്. വാട്ടര്‍കളറില്‍ ചെയ്ത വര്‍ക്കുകളാണെല്ലാം. കൊച്ചി നഗരത്തിന്‍റെ മാറിമാറി വരുന്ന കാഴ്ചകളാണു സിറ്റിസ്കേപ്പ് എന്നു വിളിക്കാവുന്ന ഈ സീരിസിനു തന്നെ പ്രേരിപ്പിച്ചതെന്നു ലല്ലി പറയുന്നു. ഇപ്പോള്‍ തോപ്പുംപടി ഔര്‍ ലേഡീസ് കോണ്‍വെന്‍റിലെ ചിത്രകലാ അധ്യാപികയാണ്. കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ നടന്ന ക്യംലിന്‍ കമ്പനിയുടെ പ്രദര്‍ശനത്തിനു ശേഷം വരച്ചതാണു പന്ത്രണ്ടു ചിത്രങ്ങളും.

കെ.കെ രാജപ്പന്‍റെ എട്ടു ചിത്രങ്ങളാണു പ്രദര്‍ശനത്തില്‍. പ്രകൃതിയില്‍ വരുന്ന മാറ്റങ്ങള്‍ ക്യാന്‍വാസിലേക്കു പകര്‍ത്തുകയാണു രാജപ്പന്‍. ഗ്രാഫിക് പ്രിന്‍റിംഗിന്‍റെ സാങ്കേതിക വിദ്യകളായ എച്ചിങ്ങ്്, വുഡ് കട്ട് എന്നിവയിലുള്ള മികവിലാണു ഈ ചിത്രങ്ങളുടെ പൂര്‍ണത നിറംചാര്‍ത്തുന്നത്. തിരുവനന്തപുരത്തെ സ്കൂള്‍ ഓഫ് ആര്‍ട്സില്‍ അധ്യാപകനായിരുന്ന രാജപ്പന്‍ 2000ല്‍ മാവേലിക്കര ആര്‍ട്സ് കോളെജില്‍ നിന്നും പ്രിന്‍സിപ്പാളായി വിരമിച്ചു. ഡല്‍ഹി, ചാണ്ഡിഗഢ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന നിരവധി ഗ്രാഫിക് എക്സിബിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്.

കെ.പി സോമനാണു പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന ചിത്രകാരന്മാരില്‍ ഏറ്റവും സീനിയര്‍. സമീപകാലത്തെ ആറോളം വാട്ടര്‍ കളര്‍ ചിത്രങ്ങളാണു പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിട്ടുള്ളത്. സോമന്‍റെ ചിത്രങ്ങളില്‍ മൃഗങ്ങളും പക്ഷികളുമാണു മുഖ്യവിഷയം.

ജയേഷ് പരോളിയുടെ ആറു ചിത്രങ്ങള്‍. ലൈറ്റ് ആന്‍റ് ഷേഡ് വിദഗ്ധമായി ഉപയോഗിച്ചിരിക്കുന്നവയാണീ ചിത്രങ്ങള്‍. ബാംഗ്ലൂരില്‍ ഫ്രീലാന്‍സറായി ഗ്രാഫിക്സ് ചെയ്യുന്ന ജയേഷിന്‍റെ ലാസ്റ്റ് ഫ്ളോ,ഗോള്‍ഡന്‍ ഫിഷ്,കേവ്സ് വ്യൂ എന്നിവ ശ്രദ്ധേയങ്ങളാണ് മാഹിയിലെ കലാഗ്രാമത്തില്‍ നിന്നും ചിത്രരചനയില്‍ ബിഎഫ്എ ബിരുദം നേടിയതിനു ശേഷം 2004 മുതല്‍ ചിത്രരചനാ രംഗത്തുണ്ട്.

Rate This News :
Latest News