Wednesday, May 23, 2012   9:41 AM IST
Vaartha BlogRSS
Loading
കഴിഞ്ഞ വാരം പവന് 480 രൂപയുടെ വര്‍ധന
Published : Monday, September 05, 2011
|
  
Text Size
സ്വര്‍ണം

സ്വര്‍ണ വില കുറയുമെന്നു പ്രതീക്ഷച്ചവര്‍ക്ക് ഇരുട്ടടി നല്‍കി കഴിഞ്ഞവാരവും മുന്നേറ്റം. കഴിഞ്ഞ വാരം പവന് 480 രൂപ ഉയര്‍ന്നു. വാരാദ്യം 20,600 രൂപയുണ്ടായിരുന്ന പവന് വാരാവസാനം 21080 രൂപയില്‍. ചാഞ്ചാട്ടം പ്രകടമായിരുന്ന ബോംബെ ബുള്ള്യനില്‍ പത്തു ഗ്രാമിനു 150 രൂപ ഉയര്‍ന്ന് 28,190ല്‍. സ്റ്റോക്കിസ്റ്റുകളില്‍ നിന്നുള്ള വില്‍പ്പന സമ്മര്‍ദത്തെത്തുടര്‍ന്ന് ആദ്യ രണ്ടു ദിനം വില കുറഞ്ഞെങ്കിലും ബുധനാഴ്ച മുതല്‍ തുടര്‍ച്ചയായി വില കയറി. ലണ്ടനില്‍ ഔണ്‍സിനു 18.60 ഡോളര്‍. മുന്‍ ക്ലോസിങ് 17.77 ഡോളര്‍.

സംസ്ഥാനത്ത് ഈ വാരം സ്വര്‍ണവില വീണ്ടും 21,000 കടന്നു. ഓഗസ്റ്റ് 22നാണ് ഇതിനു മുന്‍പു ചരിത്രത്തിലാദ്യമായി സ്വര്‍ണവില 21,000 കടന്നത്. സ്റ്റോക്കിസ്റ്റുകളും നിക്ഷേപകരും ഒരു പോലെ സ്വര്‍ണം വാങ്ങുന്നതു തുടരുന്നു. സുരക്ഷിത നിക്ഷേപം എന്ന നിലയിലും സ്വര്‍ണത്തിന് ആവശ്യക്കാരേറെ. ആഗോള ആശങ്കകളെത്തുടര്‍ന്നു ഇന്ത്യന്‍ ഓഹരി വിപണിയിലും മ്യൂച്വല്‍ ഫണ്ടുകളിലെയും വിശ്വാസം കുറയുന്നതും വിലവര്‍ധനയ്ക്കു കാരണം.

വെള്ളി

വെള്ളി വിലയിലും കഴിഞ്ഞ വാരം മുന്നേറ്റം. കിലോയ്ക്ക് 2,515 രൂപ വര്‍ധിച്ച് 65,215ല്‍. ആദ്യ രണ്ടു ദിവസം വ്യവസായികളില്‍ നിന്നുള്ള വില്‍പ്പന സമ്മര്‍ദത്തെത്തുടര്‍ന്ന് കിലോയ്ക്ക് 1,900 രൂപ വരെ കുറഞ്ഞിരുന്നു. ആഭരണ നിര്‍മാതാക്കളില്‍ നിന്നു ഡിമാന്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം 610 രൂപ ഉയര്‍ന്നു. തുടര്‍ന്നു വാരാവസാനം വരെ വില ഉയര്‍ന്നു. ലണ്ടനില്‍ വെള്ളി ഔണ്‍സിന് 42.49 ഡോളറായി. മുന്‍വാരം ക്ലോസിങ് 41.40 ഡോളര്‍.

കുരുമുളക്

ഉത്പാദനം കുറയുമെന്ന ആശങ്കയില്‍ വ്യാപാരത്തുടക്കത്തില്‍ കുരുമുളക് വില ഉയര്‍ന്നെങ്കിലും വാരാവസാനം കര്‍ഷകര്‍ക്ക് നിരാശ. അണ്‍ഗാര്‍ബിള്‍ഡ് കിലോയ്ക്ക് 305 രൂപയുണ്ടായിരുന്നതു 304 രൂപയായി കുറഞ്ഞു. ഗാര്‍ബിള്‍ഡ് വിലയും നേരിയ തോതില്‍ കുറഞ്ഞ് 314ല്‍. എന്നാല്‍ ഇതിനകം കര്‍ഷകര്‍ ചരക്ക് വിപണിയിലെത്തിച്ചതിനാല്‍ വിലവര്‍ധന ഗുണകരമായില്ല. ഉത്സവ സീസണ്‍ മുന്‍നിര്‍ത്തി ഉത്തരേന്ത്യയില്‍ നിന്ന് ഡിമാന്‍ഡ് കൂടിയതും വിലവര്‍ധനയ്ക്ക് കാരണമായി. വാരത്തുടക്കത്തിലുണ്ടായിരുന്ന 315 രൂപയാണ് സര്‍വകാല റെക്കോഡ്.

റബര്‍

റബര്‍ വില കഴിഞ്ഞ വാരം കിലോയ്ക്ക് എട്ടു രൂപ വരെ ഉയര്‍ന്നു . നാലാം ഗ്രെയ്ഡ് 208 രൂപയില്‍ നിന്ന് 216 രൂപയിലെത്തി. അഞ്ചാം ഗ്രെയ്ഡ് 200 രൂപയില്‍ നിന്ന് 205 രൂപയിലെത്തി. ലഭ്യതക്കുറവാണു വില ഉയരാന്‍ കാരണം. മഴ ശക്തിയായി തുടരുന്നതു ടാപ്പിങ്ങിനെ ബാധിച്ചു. രാജ്യാന്തര വിപണിയില്‍ നാലാം ഗ്രെയ്ഡിനു 218 രൂപയാണ്. ഇറക്കുമതി ലാഭകരമല്ലാത്തതിനാല്‍ കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ നിന്ന് തന്നെ ചരക്ക് എടുക്കാന്‍ നിര്‍ബന്ധിതമായി. ടയര്‍ ഇതര മേഖലയില്‍ നിന്നുള്ള ആവശ്യവും ഉയര്‍ന്നു.

വാഹന വില്‍പ്പന കുറഞ്ഞതിനെത്തുടര്‍ന്നു കമ്പനികളില്‍ നിന്നു ടയര്‍ വാങ്ങുന്നതു വാഹന നിര്‍മാതാക്കള്‍ നിര്‍ത്തിവച്ചിരുന്നു. ഡിമാന്‍ഡില്‍ 20% ഇടിവുണ്ടായതിനെത്തുടര്‍ന്നു ടയര്‍ നിര്‍മാതാക്കള്‍ ഉത്പാദനവും കുറച്ചിരുന്നു. ടയറിനു തീരുവ ഒഴിവാക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. തീരുവ ഒഴിവാക്കിയാല്‍ ചൈന, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നു ടയര്‍ കൂടുതലായി വിപണിയിലെത്തും.

വെളിച്ചെണ്ണ

പതിവിനു വിപരീതമായി ഓണം അടുക്കുന്തോറും വെളിച്ചെണ്ണ വിലയില്‍ ഇടിവ്. കൊച്ചിയില്‍ വാരാദ്യം 92.5 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് വാരാവസാനം 90 രൂപ.
Rate This News :
Latest News