Wednesday, May 23, 2012   9:42 AM IST
Vaartha BlogRSS
Loading
58 നഴ്സുമാര്‍ പുറത്തേക്ക്
Published : Monday, September 05, 2011
|
  
Text Size
കോഴിക്കോട്

ഡയറക്റ്ററേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസിനു കീഴില്‍ മെഡിക്കല്‍ കോളെജില്‍ ജോലി ചെയ്തുവന്ന 58 നഴ്സുമാരെ ഒന്നിച്ച് ഒഴിവാക്കി. പകരം നിയമന ഉത്തരവൊന്നും കിട്ടാതെ നഴ്സുമാരിപ്പോള്‍ ഡിഎംഒ ഓഫിസിലെ ഒരു മുറിയില്‍ വെറുതെയിരിക്കുന്നു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നഴ്സുമാര്‍ക്ക് സ്വന്തം ജില്ലകളിലെ ആശുപത്രികളിലേക്കു നിയമനം നല്‍കാമെന്ന് അധികൃതര്‍ ഉറപ്പു പറഞ്ഞെങ്കിലും കഴിഞ്ഞ മൂന്നു ദിവസമായി തീരുമാനമായിട്ടില്ല. അതിനിടെ, ദിനം പ്രതി നൂറുകണക്കിന് രോഗികള്‍ ചികിത്സയ്ക്കെത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് 58 നഴ്സുമാര്‍ ഒന്നിച്ചു പുറത്തിറങ്ങിയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനവും അവതാളത്തിലായി. അടിയന്തര പ്രാധാന്യമുള്ള മേഖലകള്‍ പോലും കടുത്ത പ്രതിസന്ധി നേരിടുന്നു.

മെഡിക്കല്‍ കോളെജുകളില്‍ ഡയറക്റ്ററേറ്റ് ഒഫ് ഹെല്‍ത്ത് സര്‍വീസിനു കീഴില്‍ (ഡിഎച്ച്എസ്) ഉള്ള നഴ്സുമാര്‍ വേണ്ടെന്നും ഡയറക്റ്ററേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍റെ (ഡിഎംഇ) കീഴിലുന്നവര്‍ മാത്രം മതിയെന്നുമുള്ള ആരോഗ്യവകുപ്പിന്‍റെ കര്‍ശന ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച 58 പേരെ ഒഴിവാക്കിയത്. കഴിഞ്ഞമാസം 22നാണ് ഡിഎച്ച്എസിനു കീഴില്‍ വരുന്ന നഴ്സുമാര്‍ മെഡിക്കല്‍ കോളജില്‍ നിന്നിറങ്ങണമെന്ന ആരോഗ്യ വകുപ്പിന്‍റെ ഉത്തരവിറങ്ങിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രം 78 നഴ്സുമാരാണ് ഡിഎച്ച്എസിനു കീഴിലുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡിഎച്ച്എസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 80 നഴ്സുമാരും ഇതേ പ്രശ്നം നേരിടുന്നു. മുന്നറിയിപ്പോ, പകരം നിയമന ഉത്തരവോ നല്‍കാതെ നഴ്സുമാരെ പറഞ്ഞയയ്ക്കാനുള്ള തീരുമാനം വിവാദമായതോടെ സര്‍ക്കാര്‍ തത്കാലത്തേക്ക് നഴ്സുമാരെ പറഞ്ഞയക്കേണ്ടെന്ന തീരുമാനത്തില്‍ എത്തിയിരുന്നു. പിഎസ്സി വഴി മെഡിക്കല്‍ കോളജുകളില്‍ പകരം നഴ്സുമാര്‍ വരുന്ന മുറയ്ക്ക് ഓരോരുത്തരെയായി വിട്ടാല്‍ മതിയെന്നും, ഇവര്‍ക്ക് സ്വന്തം നാട്ടില്‍ തന്നെയുള്ള ആശുപത്രികളില്‍ നിയമനം നല്‍കാമെന്നുമായിരുന്നു ധാരണ. എന്നാല്‍, അത്തരം ധാരണകളെയെല്ലാം അട്ടിമറിച്ചാണ് കഴിഞ്ഞ വെള്ളിയാഴ്ച 58 പേരെ പറഞ്ഞുവിട്ടിരിക്കുന്നത്.

മെഡിക്കല്‍ കോളജില്‍ നിന്നു പുറത്തിറങ്ങുന്നവരോട് ഡിഎംഒ ഓഫിസുകളില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍, കോഴിക്കോട് ഡിഎംഒ ഓഫിസില്‍ എത്തിയ ഇവര്‍ക്കാര്‍ക്കും പകരം നിയമനം സംബന്ധിച്ച രേഖകളൊന്നും കിട്ടിയിട്ടില്ല.
Rate This News :
Latest News