ആനകള്‍ക്കൊപ്പം മുങ്ങിനിവര്‍ന്ന്...
Published : Wednesday,
September 07,
2011
ആഫ്രിക്കയിലെ വലിയ നാലാമത്തെ നദി. സാംബിയ, അംഗോള, നമീബിയ, സിംബാബാംവെ വഴി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ലയനം...സാംബെസി നദിയുടെ ഈ ജീവചരിത്രമൊന്നുമല്ല ബ്രിട്ടീഷ് ഫോട്ടൊഗ്രാഫര്‍ ക്രിസ് വെസ്റ്റണെ ആകര്‍ഷിച്ചത്. വൈല്‍ഡ് ലൈഫ് ഫോട്ടൊഗ്രഫിയില്‍ കമ്പം കയറിയതു മുതല്‍ ഇന്നോളം മനസില്‍ സൂക്ഷിച്ച സ്വപ്നത്തിന്‍റെ സാക്ഷാത്കാരത്തിനായി മുങ്ങി നിവരാന്‍ പറ്റിയ നദിയാണിത്. ആഫ്രിക്കന്‍ ആനകള്‍ കുളിക്കാനിറങ്ങുമ്പോള്‍ ഒപ്പം മുങ്ങി നിവര്‍ന്നു ഫോട്ടോ എടുക്കണം, അതായിരുന്നു ക്രിസ്സിന്‍റെ സ്വപ്നം.
എലഫെന്‍റ് എന്ന വാക്കു കേള്‍ക്കുമ്പോഴൊക്കെ ക്രിസ്സിന്‍റെ ക്യാമറ തരിക്കും. നാല്‍പ്പത്തിനാലു വയസ്സായപ്പോഴേക്ക് ലോകത്തിലെ മോസ്റ്റ് വാണ്ടഡ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായി മാറിയ ക്രിസ് കഴിഞ്ഞ ദിവസം തന്‍റെ ജന്മസാഫല്യത്തിനായി ഇറങ്ങിത്തിരിച്ചു. കൂടെ സുഹൃത്തുക്കളായ ചില ഫോട്ടോഗ്രാഫര്‍മാരേയും കൂട്ടി. താന്‍ ആനകള്‍ക്കൊപ്പം മുങ്ങി ചിത്രങ്ങള്‍ എടുക്കുന്നത് ക്യാമറയില്‍ പകര്‍ത്താനാണ് അവരെ ഒപ്പം കൊണ്ടുവന്നത്. ഇത് തന്‍റെ അവസാനത്തെ നിമിഷങ്ങളാണെങ്കിലോ?
എത്ര കണ്ടാലും മതിവരില്ല ആനയെ. എന്നാല്‍ അടുത്തു കാണുമ്പോഴൊക്കെ ഭയത്തിന്‍റെ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും മനസില്‍ വീശിത്തുടങ്ങും. അപ്പോള്‍പ്പിന്നെ ആഫ്രിക്കന്‍ ആനയുടെ തുമ്പിക്കൈപ്പാടകലത്തില്‍ ക്യാമറയും തുറന്നു വച്ച്...ക്രിസ്സിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു പലരും. പക്ഷേ, കൂടുതല്‍ കാത്തിരിക്കാന്‍ ക്രിസ് തയാറായിരുന്നില്ല. സാംബെസി നദിയുടെ തീരത്തേക്കു പോകുന്നതില്‍ നിന്ന് ആര്‍ക്കും ക്രിസ്സിനെ തടയാനായില്ല. മൂന്നാഴ്ച നദീതീരത്തു ചെലവഴിച്ച് ആനകളുടെ നീക്കങ്ങള്‍ ശരിയായി പഠിച്ചതിനു ശേഷമാണ് ക്രിസ് തന്‍റെ ദൗത്യത്തിന് ഇറങ്ങിയത്. ആനകള്‍ക്കൊപ്പം മുങ്ങി നിവര്‍ന്ന് ക്രിസ് കുളിസീന്‍ ക്യാമറയില്‍ പകര്‍ത്തി, അവരുടെ തൊട്ടുത്ത് നിന്ന്. ചിലപ്പോഴെങ്കിലും ആനകള്‍ ക്രിസ്സിന്‍റെ നേര്‍ക്ക് തിരിയുന്നതായി തോന്നി. അപ്പോഴെല്ലാം കരയ്ക്കിരുന്നു മറ്റു ഫോട്ടോഗ്രാഫര്‍മാര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.
ചിത്രങ്ങള്‍ എടുത്തു കരയ്ക്കു കയറിയിട്ടു ക്രിസ് പറഞ്ഞു, പ്രതീക്ഷിച്ചത്ര പ്രശ്നങ്ങളില്ലായിരുന്നു. ലോകത്തിന്‍റെ പല ഭാഗത്തും കറങ്ങി ആനകളുടെ ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. ഇത് മറക്കാനാകാത്ത അനുഭവം. അല്ലെങ്കിലും ആനകള്‍ നല്ല ഓര്‍മകളാണല്ലോ...ക്രിസ് പറയുന്നു.
Close...
Maximum Character Allowed -
4000