Wednesday, May 23, 2012   9:47 AM IST
Vaartha BlogRSS
Loading
ഉത്രാടപ്പാച്ചില്‍ കഴിഞ്ഞു ഇന്ന് പൊന്നോണം
Published : Friday, September 09, 2011
|
  
Text Size
തിരുവനന്തപുരം

സ്വന്തംലേഖിക

ഉത്രാടപ്പാച്ചിലിന്‍റെ ആലസ്യം കഴിഞ്ഞ് നാടും നഗരവും ഇന്ന് പൊന്നോണത്തെ വരവേല്‍ക്കും. ഇന്നലെ തലസ്ഥാന നഗരിയില്‍ തിരുവോണത്തെ വരവേല്‍ക്കാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഓണം വാരാഘോഷം ഇന്നലെ തുടങ്ങിയതും ആഘോഷങ്ങള്‍ക്കു മാറ്റുകൂട്ടി.

ഓണവിഭവങ്ങള്‍ ഒരുക്കാനുള്ള നഗരവാസികളുടെ അവസാനവട്ട തിരക്ക് അക്ഷരാര്‍ത്ഥത്തില്‍ ഉത്രാടപ്പാച്ചില്‍ തന്നെയായിരുന്നു. തിരുവോണ സദ്യക്കുള്ള പച്ചക്കറിക്കും ഓണക്കോടിക്കും വേണ്ടിയായിരുന്നു ഇന്നലത്തെ പാച്ചില്‍. മാര്‍ക്കറ്റുകളിലും ഓണം മേളകളിലും സൂചികുത്താന്‍ ഇടമില്ലാത്ത തിരക്കായിരുന്നു. ഹോര്‍ട്ടി കോര്‍പ്പ്, സിവില്‍ സപ്ലൈസ്, സപ്ളൈകോ സ്റ്റാളുകളിലെല്ലാം നീണ്ട ക്യൂ. നഗരത്തില്‍ മാത്രമല്ല നാട്ടിന്‍ പുറങ്ങളിലും തിരക്കിന് മാറ്റമുണ്ടായില്ല.

ചാല, പാളയം മാര്‍ക്കറ്റുകളില്‍ പുലര്‍ച്ചെ മുതല്‍ തിരക്ക് തുടങ്ങിയിരുന്നു. പുത്തരിക്കണ്ടത്ത് നടക്കുന്ന ഓണം മേള, ഓണക്കാഴ്ച 2011 എന്നിവിടങ്ങളില്‍ എത്തിനോക്കാന്‍ പോലും കഴിയാത്ത തിരക്കായിരുന്നു. കൃഷിവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള സംഘടിപ്പിച്ച ഓണക്കാഴ്ച 2011 പച്ചക്കറി സ്റ്റാളില്‍ പത്തുലക്ഷം രൂപയുടെ വിറ്റുവരവുണ്ടായി. യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നാലാം തിയതി ആരംഭിച്ച വിപണന മേളയില്‍ അഞ്ചു ദിവസം കൊണ്ടാണു ഇത്രയും തുകയ്ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിച്ചത്. സംസ്ഥാന സ്വാശ്രയ കര്‍ഷക സമിതി മുഖേന സംഭരിച്ച പച്ചക്കറികളാണു മേളയിലുണ്ടായിരുന്നത്. കഴിഞ്ഞ സീസണില്‍ എട്ടുലക്ഷം രൂപയുടെ ഉത്പന്നങ്ങളാണ് വിറ്റഴിച്ചത്. സര്‍ക്കാര്‍ ന്യായവില ഷോറൂമുകളിലെല്ലാം പെട്ടെന്ന് തന്നെ ഉത്പന്നങ്ങള്‍ വിറ്റഴിക്കപ്പെട്ടു.

ഗൃഹോപകരണങ്ങളും തുണിത്തരങ്ങളുമാണ് ഈ ഓണത്തിന് ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത്. ചെറുകിട വസ്ത്രവ്യാപാര കേന്ദ്രങ്ങളില്‍ പോലും ഇന്നലെ നല്ല തിരക്കായിരുന്നു. 50% കിഴിവു മുതല്‍ ഒന്നെടുത്താല്‍ മറ്റൊന്നു സൗജന്യം എന്ന ഓഫറുകള്‍ വരെ വസ്ത്ര വ്യാപാരികള്‍ നല്‍കി. മലയാളിയുടെ വസ്ത്രപ്രിയം മുതലെടുത്തു നിരവധി മേളകളും തുറന്നിട്ടുണ്ട്. തിരക്കു കണക്കിലെടുത്ത് രാത്രി ഒരു മണി വരെ തുറന്ന കടകളും നിരവധി.

സ്വര്‍ണ വിപണിയിലും തിരക്ക് വര്‍ധിച്ചുവെന്ന് വ്യാപാരികള്‍. സ്വര്‍ണ വില ഉയരുന്നതൊന്നും മലയാളിക്ക് ഒരു പ്രശ്നമേയല്ല. മുന്‍ വര്‍ഷങ്ങളിലേക്കാള്‍ കൂടുതല്‍ പേര്‍ ഇക്കുറി സ്വര്‍ണം വാങ്ങാന്‍ എത്തുന്നതായി നഗരത്തിലെ പ്രമുഖ ജ്വവലറി ഉടമകള്‍.

പൂ വിപണിയും ഉഷാറായിരുന്നു. തിരുവോണ ദിനത്തിലെ കൂറ്റന്‍ അത്തപ്പൂക്കളം ഇടാന്‍ മിക്കവരും നേരത്തെ തന്നെ പൂക്കള്‍ക്ക് ഓര്‍ഡര്‍ കൊടുത്തിരുന്നു. ക്ലബുകളാണ് ഇത്തരത്തില്‍ ഓര്‍ഡര്‍ കൊടുത്തിരുന്നതില്‍ ഏറെയും. പൊള്ളുന്ന വിലയാണെങ്കിലും ഇക്കുറി കച്ചവടം പൊടിപൊടിച്ചുവെന്ന് തലസ്ഥാനത്തെ പ്രധാന പൂവിപണിയായ ചാല മാര്‍ക്കറ്റിലെ വ്യാപാരികള്‍.

കൂടുതല്‍ തിരക്കുണ്ടാകുന്ന കിഴക്കേകോട്ട, തമ്പാനൂര്‍ ഭാഗങ്ങളില്‍ വഴിയോര കച്ചവടം നിയന്ത്രിച്ചത് തിരക്കില്‍ ഒരാശ്വാസമായി. സെന്‍ട്രല്‍ തിയറ്റര്‍ പരിസരം, പാര്‍ത്ഥാസ് റോഡ്, തകരപ്പറമ്പ് റോഡ് എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ വഴിയോര കച്ചവടത്തിന് അനുമതി. ഈ റോഡുകളിലേയ്ക്ക് വാഹനം കയറ്റാന്‍ പോലും കഴിഞ്ഞില്ല. തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവരെ മാത്രമേ പൊലിസ് കച്ചവടത്തിന് അനുവദിച്ചുള്ളൂ.

പാര്‍ക്കിങ്ങിന് അനുവദിച്ച സ്ഥല പരിമിതി ഗതാഗതക്കുരുക്കുണ്ടാക്കി. സ്കൂള്‍ പരിസരത്തും സര്‍ക്കാര്‍ മന്ദിരങ്ങളുടെ വളപ്പുകളിലും പാര്‍ക്കിങ് അനുവദിച്ചിരുന്നു. കൂടുതല്‍ വാഹനങ്ങള്‍ എത്തിയതോടെ റോഡില്‍ തന്നെയാണ് മിക്കവരും പാര്‍ക്ക് ചെയ്തത്.

ഒട്ടുമിക്ക മേളകളും ഇന്നലെ അവസാനിച്ചു. കനകക്കുന്ന്, മ്യൂസിയം, സ്റ്റേഡിയം തുടങ്ങി ഓണം വാരാഘോഷം നടക്കുന്നയിടങ്ങളില്‍ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. ഇത് നിയന്ത്രിക്കാന്‍ പൊലീസിന് നന്നേ പാടുപെടേണ്ടിവന്നു. തിരുവോണം മിക്കവരും കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതിനാല്‍ ഇന്ന് ഉച്ചവരെ തിരക്ക് കുറയും.
Rate This News :
Latest News