Wednesday, May 23, 2012   9:47 AM IST
Vaartha BlogRSS
Loading
വിമതര്‍ പിന്മാറി
Published : Sunday, September 11, 2011
|
  
Text Size
വിഷ്റ്റാറ്റ (ലിബിയ)

കേണല്‍ മുവാമര്‍ ഗദ്ദാഫിയുടെ ശക്തികേന്ദ്രം ബാനി വാലിദില്‍ വെള്ളിയാഴ്ച ആരംഭിച്ച സൈനിക നടപടി വിമതര്‍ ഇന്നലെ അവസാനിപ്പിച്ചു. ബാനി വാലിദിലെ ഗദ്ദാഫി സൈനികര്‍ക്കു കീഴടങ്ങാന്‍ ഇന്നലെ വരെ സമയം അനുവദിച്ചിരുന്നെങ്കിലും നഗരത്തില്‍ ആക്രമണം നടത്താന്‍ വെള്ളിയാഴ്ച അവര്‍ തീരുമാനിക്കുകയായിരുന്നു.

ബാനി വാലിദില്‍ നാറ്റോ ആക്രമണത്തിനു മുന്നോടിയായാണു പോരാളികളെ പിന്‍വലിക്കുന്നതെന്ന വാര്‍ത്ത നാറ്റോ അധികൃതര്‍ നിഷേധിച്ചു. വിമത സൈനികരുമായി യാതൊരുവിധ ആശയ വിനിമയവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നു നാറ്റോ. നാറ്റോ ആക്രമണം ഉണ്ടാകുമെന്നു ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ മുന്നറിയിപ്പു നല്‍കിയതിനാലാണു നഗരത്തില്‍ നിന്നു പിന്മാറുന്നതെന്നു വിമത സൈനികര്‍ പറഞ്ഞിരുന്നു. നാറ്റോ ബോംബ് ആക്രമണത്തില്‍ നിന്നു വിമത സൈനികരെ രക്ഷിക്കുന്നതിനാണു പിന്മാറ്റമെന്നും അവര്‍ അവകാശപ്പെട്ടു.

എന്നാല്‍, എന്താണു നഗരത്തില്‍ നിന്നു പെട്ടന്നു പിന്മാറാന്‍ വിമതരെ പ്രേരിപ്പിച്ചതെന്നു വ്യക്തമല്ല. നഗര പ്രാന്തത്തില്‍ തമ്പടിച്ച വിമത സൈനികര്‍ക്കു നേരെ വെള്ളിയാഴ്ച വൈകുന്നേരം ഗദ്ദാഫി സേന ശക്തമായ ഷെല്ലാക്രമണം നടത്തിയിരുന്നു. അതിനു ശേഷമാണു വിമതര്‍ ആക്രമണം ആരംഭിച്ചത്. ഗദ്ദാഫി സൈന്യത്തിന്‍റെ ആക്രമണത്തില്‍ ഒരു വിമത പോരാളി കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്ക്.

നഗരത്തില്‍ പ്രവേശിച്ച വിമത പോരാളികളും ഗദ്ദാഫി സൈനികരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നുണ്ട്.

നഗര കേന്ദ്രത്തില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെ വരെ വിമത സേന മുന്നേറിയിട്ടുണ്ട്. ഗദ്ദാഫിയുടെ ജന്മനാട് സിര്‍ട്ടേയില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. എന്നാല്‍, അവിടെ വന്‍ തിരിച്ചടി നേരിടേണ്ടി വന്ന വിമതര്‍ ചില സ്ഥലങ്ങളില്‍ നിന്നു പിന്മാറിയതായി റിപ്പോര്‍ട്ടുണ്ട്.

അതിനിടെ, ബാനി വാലിദില്‍ ഇന്നലെ വൈകുന്നേരം നാറ്റോ യുദ്ധവിമാനങ്ങള്‍ ബോംബ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ബാനി വാലിദില്‍ അഞ്ചു കേന്ദ്രങ്ങളില്‍ ആക്രമണം നടന്നു.

Rate This News :
Latest News