Wednesday, May 23, 2012   9:51 AM IST
Vaartha BlogRSS
Loading
അനിമേറ്റഡ് ജീവിതം
Published : Saturday, September 17, 2011
|
  
Text Size
അനൂപ് മോഹന്‍

ത്രിഡി അനിമേഷന്‍റെ മായക്കാഴ്ചയില്‍ പാട്ടിന്‍റെ വരികള്‍ക്കനുസരിച്ചു നൃത്തം ചെയ്യുന്ന സിംഹവും തവളയും പാമ്പും. മൃഗങ്ങളെങ്കിലും പശ്ചാത്തലത്തില്‍ കഥയും പാട്ടുമൊക്കെ വരുമ്പോള്‍ അവരുടെ കണ്ണുകളില്‍ ശൃംഗാരവും പരിഭവവും സ്നേഹവുമൊക്കെ മനോഹരമായി വിരിയുന്നു. അത്തരം ഒരുപാടു കൗതുകങ്ങള്‍ നിറയുന്നു അമ്പിളിമാമന്‍ 2 എന്ന ത്രീഡി അനിമേഷന്‍ വിസിഡിയില്‍. കുഞ്ഞുമിഴികളെ ആകര്‍ഷിക്കുന്ന മറ്റൊരു കൗതുകക്കാഴ്ച. അമ്പിളി മാമന്‍ വിസിഡിയുടെ താഴെ ചെറിയ അക്ഷരത്തില്‍ ഒതുങ്ങിയ ഒരു പേരിന്‍റെ കൂടുതല്‍ വിശേഷങ്ങള്‍ അന്വേഷിച്ചു. ഡയറക്റ്റഡ് ബൈ ജീമോന്‍ പി.വി. അമ്പിളിമാമന്‍റെ കാഴ്ചാത്ഭുതങ്ങള്‍ ഒരുക്കിയ ജീമോന്‍ പുല്ലേലി എന്ന ഇരിങ്ങാലക്കുടക്കാരന്‍. ഭാവനയുടേയും സാങ്കേതിക വൈദഗ്ധ്യത്തിന്‍റേയും കരുത്തില്‍ ആധുനിക കാഴ്ചാസങ്കേതങ്ങള്‍ അനവധി പരിചയപ്പെടുത്തിയിട്ടുണ്ടു ജീമോന്‍. ത്രീഡി അനിമേഷന്‍ വിസിഡികളായ മൈ ലവ്ലി ഗ്രാനി, മുല്ലാക്കഥകള്‍, മാക്, ഹാംബര്‍ഗര്‍, കലൂഷ്, റെയ്ന്‍ റെയ്ന്‍, അത്തളപ്പിത്തള, അമ്പിളി മാമന്‍ 1.... ജീമോന്‍റെ പ്രതിഭയറിയിച്ച ആവിഷ്കാരങ്ങള്‍ ഇനിയുമേറെ.

ആറു വര്‍ഷത്തെ വൈദികപഠനം മതിയാക്കി അനിമേഷന്‍ പഠിക്കാന്‍ ജീമോന്‍ ചെന്നൈയിലേക്കു വണ്ടി കയറുന്നതു പതിനഞ്ചു വര്‍ഷം മുമ്പാണ്. അക്കാലത്തു കേരളത്തില്‍ അനിമേഷന്‍ എന്ന മേഖല തന്നെ അജ്ഞാതം. ഒരു ജോലിയായി അതു തെരഞ്ഞെടുക്കുന്നത് അതീവസാഹസവും. എങ്കിലും ചെന്നൈയിലെ പ്രസാദ് കളര്‍ലാബിലും, പിന്നീടു മുംബൈയിലെ അനിമേഷന്‍ സോഫ്റ്റ്വെയര്‍ കമ്പനികളിലും ജീമോന്‍ അനിമേഷനില്‍ പരിശീലനം നേടി. അതിനുശേഷം ചങ്ങനാശേരിയിലെ ഹൈ എന്‍ഡ് അനിമേഷന്‍ ആന്‍ഡ് മീഡിയ ട്രെയ്നിങ് സെന്‍ററായ സിറ്റ്മാറിലും പരിശീലനത്തിനു തുടക്കം കുറിച്ചു. അനിമേഷന്‍ ചിത്രസംവിധാനത്തിലെ ആദ്യചുവടുവയ്പ്പ് ഗ്രാനി മെല്ലി എന്ന നേഴ്സറി റൈമുകളിലൂടെയായിരുന്നു. തുടക്കം മോശമായില്ല, പിന്നീടു മലയാളത്തിലെ ആദ്യ ത്രീഡി അനിമേഷനായ മുല്ലാകഥകള്‍. ഇത് അറബിക്, ഇംഗ്ലിഷ്, ഉര്‍ദു തുടങ്ങിയ ഭാഷകളിലേക്കു ഡബ്ബു ചെയ്തു. അമ്പിളിമാമന്‍ രണ്ടാഭാഗം ഉള്‍പ്പെടെ പത്തോളം ത്രീഡി അനിമേഷന്‍ വര്‍ക്കുകളാണു ഇതുവരെ ജീമോന്‍റെ പേരിലുള്ളത്.

അനിമേഷന്‍റെ അണിയറശില്‍പ്പികള്‍ പലപ്പോഴും അദൃശ്യരായിരിക്കും. അവരുടെ കഴിവിന്‍റെ പരമാവധി പ്രയോജനപ്പെടുത്തുന്ന സൃഷ്ടികള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതിനു പിന്നിലുള്ളവരെക്കുറിച്ചും പ്രയത്നത്തെക്കുറിച്ചും അധികമാരും അറിയാറുമില്ല, രേഖപ്പെടുത്താറുമില്ല. അതുകൊണ്ടു തന്നെയാണ് ഈ രംഗത്തു നിരവധി പരീക്ഷണങ്ങള്‍ നടത്തി വിജയിച്ചിട്ടും ജീമോന്‍ അജ്ഞാതനായിരുന്നത്. പരീക്ഷണങ്ങള്‍ പലതും ജനങ്ങളുടെ പ്രശംസയും നേടിയിട്ടുണ്ട്. തൃശൂര്‍ പൂരത്തോടനുബന്ധിച്ച് 2009ല്‍ ആദ്യത്തെ ഔട്ട്ഡോര്‍ മിനി ത്രീഡി തിയെറ്റര്‍ നിര്‍മിച്ചു പ്രദര്‍ശനമൊരുക്കി. തിയെറ്ററുകളില്‍ ത്രീഡിക്ക് ഉപയോഗിക്കുന്നത് അതേ സംവിധാനം തന്നെയാണ് പൂരം സ്റ്റാളിലും ഒരുക്കിയത്. ജിഎല്‍ഡി ത്രീഡി എന്ന പേരില്‍ തിരുവനന്തപുരത്തു ജീമോന്‍ ആരംഭിച്ച സ്ഥാപനമാണ് കേരളത്തിലെ ആദ്യത്തെ ത്രീഡി കണ്‍വേര്‍ഷന്‍ നിര്‍മാണ സ്റ്റുഡിയോ. അതായതു 2ഡി സിനിമകളെ 3ഡിയിലേക്കു മാറ്റുന്ന വിദ്യ. പഴശിരാജ സിനിമയുടെ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ഭാഗം 2ഡിയില്‍ നിന്നു 3ഡിയിലേക്കു കണ്‍വെര്‍ട്ട് ചെയ്തു 2010ലെ ഗോവ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. നിരവധി ആല്‍ബങ്ങളിലും സിനിമകളിലും 3ഡി കണ്‍വേര്‍ഷനില്‍ ജീമോന്‍റെ കരങ്ങളുണ്ട്.

ഇരിങ്ങാലക്കുട മുരിയാട് സ്വദേശി ജീമോന്‍ പുല്ലേലിയുടെ ജീവിതം ത്രീഡി അനിമേഷന്‍റെ ലോകത്തും 2ഡി റ്റു 3ഡി കണ്‍വേര്‍ഷന്‍ രംഗത്തും നിറഞ്ഞു നില്‍ക്കുന്നു. ഇനിയും കാഴ്ചയുടെ അത്ഭുതങ്ങള്‍ വിരിയുന്ന കാലമായിരിക്കും കാത്തിരിക്കുന്നതെന്നു ജീമോന് ഉറപ്പുണ്ട്. അത്തരം കാഴ്ചയുടെ ആനന്ദം അനുഭവിക്കുമ്പോള്‍ അണിയറ ശില്‍പ്പിയുടെ പേരു കൂടി ശ്രദ്ധിക്കാം. ജീമോന്‍ പുല്ലേലി എന്ന പേരുണ്ടാകുമെന്നുറപ്പിക്കാം.

Rate This News :
Latest News