എലിപ്പനി: ആശങ്കയില്‍ ജില്ല;
ആരോഗ്യമന്ത്രി ഇന്നെത്തും
Published : Thursday,
September 22,
2011
കോഴിക്കോട്
ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നതോടെ ജനങ്ങള്‍ ആശങ്കയില്‍. സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ഇന്ന് കോഴിക്കോട്ടെത്തും.
പകര്‍ച്ചപ്പനി ബാധിച്ച് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 14 രോഗികളാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ മരിച്ചത്. 24പേര്‍ ഇപ്പോഴും എലിപ്പനി ബാധിച്ച് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയില്‍. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരം. പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു.
സമീപ ജില്ലകളായ മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളിലും എലിപ്പനി വ്യാപിക്കുന്നു. ഇവിടെയുള്ള രോഗികളെ എത്തിക്കുന്നതും കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍. ഇതിനിടെ ജില്ലയില്‍ കോളറയും സ്ഥിരീകരിച്ചു. നരിക്കുനി പിഎച്ച്സിയില്‍നിന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ എഴുപത്തിരണ്ടുകാരിക്കാണു കോളറ സ്ഥിരീകരിച്ചത്. മെഡിക്കല്‍ കോളെജില്‍ രോഗികളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുമ്പോഴും ഇവിടെ രോഗികള്‍ക്ക് അടിസ്ഥാന സൗകര്യം പോലും ലഭിക്കുന്നില്ല. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ പോലും വാര്‍ഡുകളിലെ തറയിലും വരാന്തകളിലുമാണ് ചികിത്സയിലുള്ളത്. കൃത്യമായ ചികിത്സയും ലഭിക്കുന്നില്ലെന്ന് രോഗികള്‍ പരാതിപ്പെടുന്നു. രാത്രികാലങ്ങളില്‍ രോഗിയുമായെത്തിയാല്‍ ആശുപത്രിയില്‍ ഹൗസ്സര്‍ജനും പിജി വിദ്യാര്‍ഥികളുമാണുണ്ടാവുക. അതിനാല്‍ തന്നെ പരിശോധന യഥാസമയങ്ങളില്‍ ലഭിക്കുന്നില്ലെന്ന് രോഗികളും ബന്ധുക്കളും പരാതിപ്പെടുന്നു. മെഡിക്കല്‍ കോളെജ് ആശുപത്രി മെഡിസിന്‍ വിഭാഗത്തില്‍ എത്തുന്ന രോഗികളെ അവഗണിക്കുന്നുവെന്നും പരാതിയുണ്ട്.
എന്നാല്‍, രോഗം മൂര്‍ഛിച്ച ശേഷമാണ് രോഗികള്‍ ആശുപത്രിയിലെത്തുന്നതെന്നും അതിനാലാണ് അവസ്ഥ വഷളാവുന്നതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എലിപ്പനി മരണം വ്യാപകമാകുന്നതിനെത്തുടര്‍ന്ന് ആരോഗ്യമന്ത്രി മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിട്ടുണ്ട്. പരിശോധനയ്ക്കായി വിദഗ്ധ സംഘം ഇന്ന് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തും.
എലിപ്പനി പടര്‍ന്നു പിടിക്കുന്നതോടെ ജില്ലയിലെ മലയോരമേഖലകളാണ് കൂടുതല്‍ ഭീതിയില്‍. തുടര്‍ച്ചയായി പെയ്യുന്ന മഴ മലയോരമേഖലയില്‍ നാശം വിതച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ശുചിത്വപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാലാണ് എലിപ്പനി ഉള്‍പ്പെടെയുള്ളവ പടര്‍ന്നു പിടിക്കുന്നത്.
താമരശേരി, മുക്കം, തിരുവമ്പാടി, കൂടരഞ്ഞി, കൂരാച്ചുണ്ട്, പെരുവണ്ണാമൂഴി തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളാണ് പകര്‍ച്ചപ്പനിയില്‍ പ്രയാസപ്പെടുന്നത്.
ശുചിത്വമില്ലായ്മയാണ് പകര്‍ച്ചാവ്യാധികള്‍ പടരുന്നതിനു കാരണമായി ആരോഗ്യമേഖലയിലുള്ളവര്‍ പറയുന്നത്. രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുമെന്ന് ആരോഗ്യ മേഖലയിലുള്ളവര്‍ പറയുന്നുണ്ടെങ്കിലും ഇവ കാര്യക്ഷമമല്ലാത്തതും മലയോരമേഖലയെ സാരമായി ബാധിക്കുന്നു.
ഇന്ന് ആരോഗ്യമന്ത്രി യുടെ സാന്നിധ്യത്തില്‍കലക്റ്ററേറ്റില്‍ യോഗം ചേരുന്നുണ്ട്. യോഗത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണു ജനങ്ങള്‍.
Close...
Maximum Character Allowed -
4000