ജില്ല പകര്‍ച്ചവ്യാധി ഭീഷണിയില്‍
Published : Thursday,
September 22,
2011
കൊച്ചി
ജില്ല വീണ്ടും പകര്‍ച്ചവ്യാധികളുടെ പിടിയിലേക്ക്. കിഴക്കന്‍ മേഖലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചതിനു പുറമെ എലിപ്പനിയും പടരുന്നു.
എലിപ്പനി ബാധിച്ചു പറവൂരില്‍ ഇന്നലെ ഒരാള്‍ മരിച്ചു. സ്ഥിതി ആശങ്കാജനകമല്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും, മറ്റു ജില്ലകളില്‍ എലിപ്പനി മരണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജില്ലയും രോഗ ഭീതിയിലായി.
പനി ബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണവും കൂടി.പറവൂര്‍ കെടാമംഗലം ദേവസ്വംപറമ്പില്‍ വാടാപ്പിള്ളി വി.വി. സതീശന്‍(45) ആണ് എലിപ്പനി ബാധിച്ച് ഇന്നലെ മരിച്ചത്.
കടുത്ത പനിയെത്തുടര്‍ന്നു കഴിഞ്ഞ പത്തിന് ഇദ്ദേഹത്തെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഇതോടെ ഈ വര്‍ഷം എറണാകുളം ജില്ലയില്‍ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം ഏഴായി.
ജില്ലാ മെഡിക്കല്‍ ഓഫിസിലെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം 83 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. ഈ മാസം ഒമ്പതുപേര്‍ക്കും രോഗബാധയുണ്ടായി.
കിഴക്കന്‍ മേഖലയായ പെരുമ്പാവൂര്‍, കോതമംഗലം എന്നിവിടങ്ങളില്‍ പടര്‍ന്നുപിടിച്ച മഞ്ഞപ്പിത്തം മറ്റു ഭാഗങ്ങളിലേക്കും പടരാന്‍ തുടങ്ങിയിട്ടുണ്ട്. 115 പേര്‍ക്കാണ് ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
ഇതില്‍ 89 പേര്‍ക്കും ഈ മാസമാണു രോഗം പിടിപെട്ടത്. ആരോഗ്യവകുപ്പിന്‍റെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഈ മേഖലയില്‍ രോഗം പടരുന്നതു തടയാനായിട്ടുണ്ട്. പക്ഷേ, ജില്ലയുടെ മറ്റു പല ഭാഗങ്ങളില്‍നിന്നും മഞ്ഞപ്പിത്ത രോഗ ലക്ഷണങ്ങളുമായി നിരവധി പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സതേടിയെത്തുന്നു. നിരവധി സാമ്പിളുകളുടെ റിസള്‍ട്ട് കിട്ടാനുണ്ട്.കഴിഞ്ഞ ജൂണ്‍ ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം 55 പേര്‍ക്കു ജില്ലയില്‍ ഡെംഗിപ്പനി സ്ഥിരീകരിച്ചിരുന്നു.
ഈ മാസം 12 പേര്‍ക്കു രോഗം ബാധിച്ചു. ഒരാള്‍ മരിച്ചു.ഇന്നലെ മാത്രം 452 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ പനി ബാധിച്ചെത്തി.
ഇവരില്‍ 52 പേരെ അഡ്മിറ്റ് ചെയ്തു. വയറിളക്ക രോഗങ്ങളുമായെത്തിയ 52 പേരില്‍ മൂന്നു പേരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു.
ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്നായി മൂന്നു പേര്‍ക്കു ചിക്കന്‍പോക്സ് ബാധയും സ്ഥിരീകരിച്ചിട്ടുണ്ട്.
Close...
Maximum Character Allowed -
4000