Wednesday, May 23, 2012   9:57 AM IST
Vaartha BlogRSS
Loading
കോവളത്തിനു പുതിയ മാസ്റ്റര്‍ പ്ലാന്‍
Published : Thursday, September 22, 2011
|
  
Text Size
തിരുവനന്തപുരം

കോവളത്തിന്‍റെ സമഗ്ര വികസനത്തിനു ദിശാബോധം നല്‍കുന്ന മാസ്റ്റര്‍പ്ലാനും രൂപീകരിക്കും. നാലു വര്‍ഷമായി പ്രവര്‍ത്തനക്ഷമമല്ലാത്ത കോവളം വികസന ഉപദേശകസമിതി പുനഃസംഘടിപ്പിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. ടൂറിസംമന്ത്രി എ.പി. അനില്‍കുമാറും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു. സിറ്റിയില്‍ നിന്നു കോവളത്തേക്കുള്ള പ്രമുഖ റോഡായ ചാക്ക മുതല്‍ കോവളം വരെ ബൈപ്പാസിന്‍റെ ഇരുവശവും മാലിന്യം നിക്ഷേപിക്കുന്നതു തടയും .

ഈ ഭാഗത്തുള്ള പെട്ടിക്കടകളും മറ്റും രാജ്യാന്തര ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡിന്‍റെ നിലവാരത്തില്‍ രൂപകല്‍പ്പന ചെയ്ത് ഏകീകൃത മാതൃകയിലാക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യും.

റോഡിന്‍റെ ഇരുവശവും പാതയോരം സൗന്ദര്യവത്കരിക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ടൂറിസംവകുപ്പിനു നിര്‍ദേശം നല്‍കി. കോവളത്തിനു കുടിവെള്ള വിതരണം പദ്ധതിയില്ലാത്തത് വികസനത്തിനു തടസ്സമാകുന്നു.

കോവളം മെയ്ന്‍ റോഡില്‍ നിന്നു ബീച്ചിലേക്കുള്ള സീറോക്ക് റോഡ് നവീകരിക്കുന്നതിനും പാര്‍ക്കിങ് സൗകര്യവും ബീച്ച് വികസനവും സാധ്യമാക്കുന്നതിനും സ്വകാര്യ ഹോട്ടലുടമകളുടെ സഹകരണം ആവശ്യമായ സാഹചര്യത്തില്‍ ഉന്നതതല ചര്‍ച്ചയ്ക്കു വേദിയൊരുക്കാനും മുഖ്യമന്ത്രി ടൂറിസം ഡയറക്റ്റര്‍ക്കു നിര്‍ദേശം നല്‍കി.

കോവളം വികസനവുമായി ബന്ധപ്പെട്ട ഏറ്റവും രൂക്ഷമായ പ്രശ്നം മാലിന്യനിര്‍മാര്‍ജനമാണ്. അത്യാധുനിക പ്ലാന്‍റ് നിര്‍മിക്കാന്‍ ടൂറിസം വകുപ്പ് 50 സെന്‍റ് സ്ഥലം വാങ്ങിയെങ്കിലും പ്രാദേശികമായി ഉയര്‍ന്നുവന്ന എതിര്‍പ്പുമൂലം പ്രാവര്‍ത്തികമായില്ല.

ഈ സാഹചര്യത്തില്‍ മാലിന്യ സംസ്കരണ പ്ലാന്‍റ് സമൂഹത്തിന് പ്രശ്നമുണ്ടാക്കില്ലെന്നു നാട്ടുകാരെ ബോധ്യപ്പെടുത്തി അഭിപ്രായ ഐക്യമുണ്ടാക്കും.

പ്ലാസ്റ്റിക്കിനു പകരം തുണി, പേപ്പര്‍ കവറുകള്‍ ലഭ്യമാക്കാനും ടൂറിസം വകുപ്പ് നേതൃത്വം നല്‍കും.

എടക്കല്ലുപ്രദേശത്തെ ബീച്ചില്‍ കനാലില്‍ നിന്നു മലിനജലം ഒഴുകി നിറയുന്നത് ഒഴിവാക്കാന്‍ മാലിന്യ സ്രോതസ് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കുന്ന മുറയ്ക്കു നടപടി സ്വീകരിക്കുമെന്നു മേയര്‍ കെ. ചന്ദ്രിക.

ബീച്ചിലും നടവഴികളിലും ടൂറിസം വകുപ്പ് സ്ഥാപിച്ചിട്ടുള്ള ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്‍റെ ചുമതല കേരളാ ഹോട്ടല്‍സ് ആന്‍ഡ് റെസ്റ്റോറന്‍റ് അസോസിയേഷന്‍ കോവളം ഘടകം ഏറ്റെടുത്തു.

ടൂറിസം മേഖലയിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനും മന്ത്രി പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

കോവളത്തിനായി ഒരു ഏകോപിത വികസനനയം രൂപപ്പെടുത്താനും അന്താരാഷ്ട്ര ടൂറിസം കേന്ദ്രത്തിന്‍റെ നിലവാരം നിലനിര്‍ത്താനും വികസനത്തിനുമായി കോവളത്തിനായി സമഗ്രമായ ഒരു മാസ്റ്റര്‍പ്ലാന്‍ തയാറാക്കും.

ശശി തരൂര്‍ എംപി, ജമീലാപ്രകാശം എംഎല്‍എ, മേയര്‍ കെ. ചന്ദ്രിക, ടൂറിസം സെക്രട്ടറി ടി.കെ. മനോജ്കുമാര്‍, ഡയറക്റ്റര്‍ കെ.ജി. മോഹന്‍ലാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Rate This News :
Latest News