സസ്നേഹം, ഒഎന്‍വി...
Published : Wednesday,
September 28,
2011
ശാരിക ശങ്കര്‍
കാലം ചാരനിറം പുരട്ടിയ ചിത്രത്തില്‍ നോക്കി നില്‍ക്കുകയായിരുന്നു മലയാളത്തിന്‍റെ പ്രിയപ്പെട്ട കവി, ഒഎന്‍വി കുറുപ്പ്. ചിത്രത്തില്‍ കവിയുടെ ഒക്കത്തിരുന്നു മകന്‍ രാജീവ് കൊഞ്ചുന്നു. ഓര്‍മകളേ നിങ്ങള്‍ വന്നോളൂ, പക്ഷേ, കൈവളകള്‍ അഴിച്ചു വയ്ക്കണം...ഇവിടം വിമൂകമല്ല...മൗനത്തിന് ഒരായിരം വാക്കുകളേക്കാള്‍ വാചാലത. ഒഎന്‍വി ഒരു ചിത്രത്തിനു മുന്നില്‍ നിന്ന് അടുത്ത ചിത്രത്തിനു മുന്നിലേക്ക്. ഓര്‍മകളുടെ സാഗരങ്ങളെ ആരോ പാടി ഉണര്‍ത്തുന്നു. ആ സാഗരത്തിന്‍റെ ഏകാന്തതീരത്ത് കവിയെ ഒറ്റയ്ക്കു വിട്ട് സുഹൃത്തുക്കളും മാധ്യമ പ്രതിനിധികളും അല്‍പ്പം അകന്നു നില്‍ക്കുന്നു. എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളിലെ നിമിഷമേ..നീയെത്ര ധന്യ.
ഒഎന്‍വി കുറുപ്പിന് മാക്ടയുടെ ആദരം. ഓഎന്‍വിക്ക് സ്നേഹപൂര്‍വം. അദ്ദേഹത്തിന്‍റെ ജീവിതത്തിലെ വിവിധ മുഹൂര്‍ത്തങ്ങള്‍ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനമായിരുന്നു ആദ്യം. ചിത്രങ്ങള്‍ കണ്ടു മടങ്ങുക, അതായിരുന്നു ലക്ഷ്യം. എന്നാല്‍ എത്തിയതു കവിയുടെ സവിധത്തില്‍. അദ്ദേഹത്തോടു ചോദിക്കാതെ വയ്യ, ഓര്‍മച്ചിത്രങ്ങള്‍ക്കു മുന്നിലൂടെയുള്ള ഈ യാത്രയുടെ അനുഭവം എന്താണ്? ഉത്തരം മൗനം. പ്രോഗ്രാമിന്‍റെ വിശേഷങ്ങള്‍ കുറിച്ചെടുക്കാന്‍ കൈയില്‍ക്കരുതിയ ഡയറിക്കായി അദ്ദേഹം കൈനീട്ടി. ശൂന്യമായ താളില്‍ പ്രിയപ്പെട്ട കവി എഴുതി....
കാലം അനന്തമാണ്, എന്നാല്‍
നിമിഷങ്ങളുടെ തുടര്‍ച്ച മാത്രമാണ്.
കടല്‍ അന്തമില്ലാതെ പരന്നു കിടക്കുന്നു.
എന്നാല്‍ ചെറുതുള്ളികളുടെ സമന്വയമാണ്,
ശേഖരമാണ്.
എന്‍റെ ജീവിതം എട്ടു ദശവത്സരങ്ങള്‍
കടന്നുപോന്നിരിക്കുന്നു.
എന്നാല്‍ അതിലെ ചില നിമിഷങ്ങളാണീ
ചിത്രങ്ങള്‍ ഒപ്പിവച്ചിരിക്കുന്നത്.
അതിന് സസ്നേഹം പരിശ്രമിച്ചവര്‍ക്കെന്‍റെ നന്ദി.
ജീവിതം എനിക്കു തന്നതിനും തരാത്തതിനും
എല്ലാം നന്ദി! നന്ദി!
സസ്നേഹം
ഒയെന്‍വി
മനസു മന്ത്രിച്ചു, നീയെത്ര ധന്യ...
വിഖ്യാത സംഗീത സംവിധായകന്‍ രവീന്ദ്ര ജെയ്ന്‍ വീണ്ടും മലയാളത്തിലെത്തുമ്പോള്‍ പാട്ടുകള്‍ ഒഎന്‍വിയുടേത്. അവര്‍ ഒന്നിച്ച് ഈ മാസം ഇരുപത്തിനാലിന് ആകാശത്തിന്‍റെ നിറം എന്ന ചിത്രത്തിനു വേണ്ടി പാട്ടൊരുക്കുന്ന ചിത്രത്തില്‍ നിന്നാണു തുടക്കം. പിന്നെ കറുപ്പിലും വെളുപ്പിലും ഓര്‍മകളുടെ നിറക്കൂട്ടുകളിലുമൊക്കെയായി കവിയുടെ ജീവിതം. അച്ഛന്‍ ഒ.എന്‍. കൃഷ്ണക്കുറുപ്പിന്‍റേയും അമ്മ കെ. ലക്ഷ്മിക്കുട്ടിയമ്മയുടേയും അരികിലായി ഒഎന്‍വി. ചവറയിലെ വീടും സ്കൂളും...
കളകളം കായലോളങ്ങളിലൂടെ വഞ്ചി തുഴഞ്ഞു പോകുന്ന കവി. പിന്നീട് സുഹൃത്തുക്കളുടെ കൂട്ടായ്മകള്‍. നാടകകാലത്തിന്‍റെ സ്മരണകള്‍. ഒപ്പം തോപ്പില്‍ ഭാസി, ജി. ദേവരാജന്‍.. കൊല്ലം പോളയത്തോട് ലോഡ്ജില്‍ എ.കെ.ജിക്കൊപ്പം, കാളിദാസകലാകേന്ദ്രത്തില്‍ കണ്ണൂര്‍ രാജനും ഒ. മാധവനും വിജയകുമാരിയും ഉള്‍പ്പെടെ പ്രമുഖരുടെ നീണ്ട നിര കൂട്ടിന്. ആത്മമിത്രങ്ങളായ വേലപ്പന്‍ നായര്‍ക്കും വൈക്കം ചന്ദ്രശേഖരന്‍ നായര്‍ക്കുമൊപ്പം നില്‍ക്കുന്ന സൗഹൃദത്തിന്‍റെ തീവ്രദൃശ്യങ്ങള്‍. മറ്റൊന്ന്, 1967 ഓഗസ്റ്റ് പതിനാറിന് തിരുവനന്തപുരം ആകാശവാണിയിലെ കവിസമ്മേളനം. ഒപ്പം ഇഎംഎസ്, തിരുനെല്ലൂര്‍, ജി ശങ്കരക്കുറുപ്പ്, വെണ്ണിക്കുളം, ഒളപ്പമണ്ണ.
മിക്ക ചിത്രങ്ങളിലും സ്നേഹത്തിന്‍റേയും കരുതലിന്‍റേയും നറുനിലാ സാന്നിധ്യം, ഭാര്യ സരോജിനി. വിവാഹനാളിലും പിന്നീടുമായി എടുത്ത നിരവധി ചിത്രങ്ങള്‍. മകന്‍ രാജീവിന്‍റെ ജനനം. അക്കാലത്തെ ചിത്രങ്ങളില്‍ കവിയുടെ മുഖത്ത് ഒരച്ഛന്‍റെ വാത്സല്യം നിറയുന്നു. വീണ്ടും കവിതകളും സൗഹൃദങ്ങളും കൂട്ടായ്മകളും യാത്രകളും. ഉറൂബ്, മലയാറ്റൂര്‍, എം.എസ് ബാബുരാജ്, പി. ഭാസ്കരന്‍, എം.ടി. വാസുദേവന്‍ നായര്‍...
പ്രിയകവി വയലാര്‍ രാമവര്‍മയുടെ അമ്മ അംബാലികയോടൊപ്പം ഒരു നിമിഷം. അഗ്നിപുഷ്പം എന്ന ചിത്രത്തിനു വേണ്ടി ജെറി അമല്‍ദേവ്, എസ്എല്‍പുരം, എം.കെ. അര്‍ജുനന്‍ തുടങ്ങിയവര്‍ക്കൊപ്പം. ബാലമുരളി എന്ന അപരനാമത്തില്‍ നിന്ന് ഒഎന്‍വിയിലേക്കു മാറ്റം കിട്ടിയ, സ്വപ്നം എന്ന സിനിമയ്ക്കു വേണ്ടി സലില്‍ ചൗധരിക്കൊപ്പം. പ്രശസ്ത ഫിലിം മേക്കര്‍ രാജ് കപൂറും സൗഹൃദക്കൂട്ടായ്മയിലുണ്ട്. യൂണിവേഴ്സിറ്റി കോളെജിലെ അധ്യാപകര്‍, വിരമിക്കല്‍ ചടങ്ങ്...പ്രേം നസീര്‍ ഹാരാര്‍പ്പണം നടത്തുന്നത് അപൂര്‍വ കാഴ്ച. വയലാര്‍ അവാര്‍ഡ്, സോവിയറ്റ്ലാന്‍ഡ് നെഹ്റു പുരസ്കാരം തുടങ്ങി നിരവധി വേദികള്‍. കേരള സര്‍വകലാശാല ഡോക്റ്ററേറ്റ് നല്‍കി ആദരിച്ചതും മറ്റൊരു വേദി.
അരികില്‍ നീയുണ്ടായിരുന്നെങ്കില്‍.... പ്രണയിക്കുന്നവര്‍ ഇപ്പോഴും ആദ്യം മൂളുന്ന ഗാനത്തിന്‍റെ പിറവി. മാഴ്സിഡോണിയന്‍ കവി സമ്മേളനം (1980), മോസ്കോയിലെ പുഷ്കിന്‍ സ്കൂളില്‍, ലിങ്കണ്‍ സ്മാരകം, അടുത്ത സുഹൃത്ത് ഡേവിഡ് ഹി കോഹന്‍റെ ശവകുടീരം, താജ്മഹലിനു മുന്നില്‍, വിഖ്യാത കവി വില്യം വേഡ്സ്വര്‍ത്തിന്‍റെ വീടിനു മുന്നില്‍, കാള്‍ മാര്‍ക്സിന്‍റെ പ്രതിമയ്ക്കരുകില്‍ ഒക്കെ കവി നടന്നുചെന്നു. വേലുത്തമ്പി ദളവയുടെ വാള്‍ തൊഴുന്ന ഒഎന്‍വി. ഗുല്‍മോഹര്‍ എന്ന ചിത്രത്തിന്‍റെ പൂജാവേളയില്‍ കവിയും ഭാര്യ സരോജിനിയും. അല്‍പ്പം മാറി, കടന്നു പോയ സംഗീതം... ജോണ്‍സണ്‍. ഒഎന്‍വിയെ ആദരിക്കുന്ന ചടങ്ങു സംഘടിപ്പിക്കുന്ന ഹാളിനു നല്‍കിയ പേരും ജോണ്‍സണ്‍ നഗര്‍ എന്ന്. അവര്‍ ഒന്നിച്ച് എത്രയോ മനോഹര ഗാനങ്ങള്‍.
ജീവിതത്തിലെ ചില സുന്ദരമുഹൂര്‍ത്തങ്ങള്‍ വേറെയും.. വിടരുന്ന നിശാന്ധിക്കരുകില്‍ ഭാര്യക്കൊപ്പം, ചെറുമകള്‍ അപര്‍ണയ്ക്കു ദക്ഷിണാമൂര്‍ത്തി സ്വാമികളും ഒഎന്‍വിയും ചേര്‍ന്നു പാട്ടു പഠിപ്പിക്കുന്നതു വാതില്‍പ്പഴുതിലൂടെ നോക്കി നില്‍ക്കുന്ന മരുമകള്‍ ദേവിക. മകന്‍ രാജീവിനും മകള്‍ മായയ്ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം ചെലവഴിച്ച ചില നിമിഷങ്ങള്‍...
ഒഎന്‍വിക്കൊപ്പം പല കാലങ്ങളിലായി ഈ യാത്രയില്‍ ഒത്തുചേര്‍ന്ന ചില സുഹൃത്തുക്കളും ഇന്നലെ ഫൈന്‍ ആര്‍ട്സ് ഹാളിലെത്തിയിരുന്നു. മുല്ലനേഴി, നവോദയ അപ്പച്ചന്‍, കെ.ജി. ജോര്‍ജ്, ജോണ്‍പോള്‍, യേശുദാസ്...
ഹാളില്‍ നിന്നിറങ്ങി. കടല്‍ അനന്തമായി പരന്നു കിടക്കുന്നു. കവി കൈയൊപ്പിട്ടു നല്‍കിയ വാക്കുകള്‍ ഒന്നു കൂടി വായിച്ചു...
ജീവിതം എനിക്കു
തന്നതിനും തരാത്തതിനും
എല്ലാം നന്ദി! നന്ദി!
സസ്നേഹം...
Close...
Maximum Character Allowed -
4000