സൂപ്പര്‍ സൗത്ത് വെയ്ല്‍സ്
Published : Thursday,
September 29,
2011
ചെന്നൈ
ചാംപ്യന്‍സ് ലീഗ് ട്വന്‍റി20യില്‍ കരീബിയന്‍ ടീം ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയ്ക്കെതിരേ ന്യു സൗത്ത് വെയ്ല്‍സിനു ജയം. ആവേശകരമായ മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ന്യൂ സൗത്ത് വെയ്ല്‍സ് വിജയം പിടിച്ചെടുത്തു. നിര്‍ണായക സമയത്തു വെടിക്കെട്ടു ബാറ്റിങ് പുറത്തെടുത്ത മോയ്സസ് ഹെന്‍ട്രിക്സ് സൗത്ത് വെയ്ല്‍സിന്‍റെ ഹീറോയും കളിയിലെ കേമനും. ആവോളം തല്ലുവാങ്ങിയ രവി രാംപോള്‍ ട്രിനിഡാഡിന്‍റെ വില്ലനും.
ആദ്യം ബാറ്റ് ചെയ്ത ട്രിനിഡാഡ് ആന്‍ഡ് ടുബഗോ 6 വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുത്തു. മറുപടിക്കിറങ്ങിയ സൗത്ത് വെയ്ല്‍സും 8 വിക്കറ്റിനു 139ലെത്തി. പിന്നെ ഹീറോയും വില്ലനും പിറന്ന സൂപ്പര്‍ ഓവര്‍. രവി രാംപോളിനെ നേരിട്ട ഹെന്‍ട്രിക്സ് നാലു ഫോറുകളടക്കം 18 റണ്‍സെടുത്തു. സ്റ്റീവ് ഒക്കീഫിന്‍റെ ഓവറില്‍ ട്രിനിഡാഡിന്‍റെ മറുപടി 14 റണ്‍സില്‍ ഒതുങ്ങി.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ട്രിനിഡാഡിന്‍റ തുടക്കം മികച്ചതായിരുന്നു. ബാറ്റിങ് ദുഷ്കരമായ പിച്ചില്‍ അവര്‍ അഞ്ചോവറിനുള്ളില്‍ അമ്പതിനടുത്തെത്തി. ലെന്‍ഡല്‍ സിമ്മണ്‍സും (41), അഡ്രിയാന്‍ ഭരത്തും (15) ഭേദപ്പെട്ട രീതിയില്‍ സ്കോര്‍ ചെയ്തു. സിമ്മണ്‍സ് അഞ്ചു ഫോറുകളടിച്ചു. എന്നാല്‍, ഭരത്തും ഡാരെന്‍ ബ്രാവോയും (6) അടുത്തടുത്ത ഓവറുകളില്‍ പുറത്തായത് അവര്‍ക്കു തിരിച്ചടിയായി. പിന്നീടു വന്ന ക്യാപ്റ്റന്‍ ഡാരന്‍ ഗംഗയ്ക്ക് (21) റണ്‍ നിരക്ക് ഉയര്‍ത്താനായില്ല. ദിനേശ് രാംദിന്‍ (19), കെവന്‍ കൂപ്പര്‍ (12), രാംപോള്‍ (15) എന്നിവരുടെ ബാറ്റിങ് അവരെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. ന്യൂ സൗത്ത് വെയ്ല്‍സിനുവേണ്ടി ഹെന്‍ട്രിക്സ് രണ്ടു വിക്കറ്റും വീഴ്ത്തി.
വിജയം തേടി ഇറങ്ങിയ ഓസീസ് ടീമിനു ഡേവിഡ് വാര്‍നറും(38) ഷെയ്ന്‍ വാട്സണും മിന്നും തുടക്കം നല്‍കി. 14 റണ്‍സുമായി വാട്സണ്‍ മടങ്ങുമ്പോള്‍ ടീം സ്കോര്‍ അര്‍ധ ശതകത്തിനരികില്‍. എന്നാല്‍, ആറു ബൗണ്ടറികളോടെ നിന്ന വാര്‍നറേയും ഡാനിയല്‍ സ്മിത്ത് (11), സ്റ്റീവന്‍ സ്മിത്ത് (11) എന്നിവരെയും അതിവേഗം മടക്കി ഷെര്‍വിന്‍ ഗംഗ ന്യൂ സൗത്ത് വെയ്ല്‍സിനെ തടഞ്ഞു. സൈമണ്‍ കാറ്റിച്ചും (23) വീണതോടെ ട്രിനിഡാഡിനു വിജയപ്രതീക്ഷ. 19ാം ഓവറിന്‍റെ അവസാന പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് (1) റണ്ണൗട്ട്. അവസാന ഓവറില്‍ സൗത്ത് വെയ്ല്‍സിനു വേണ്ടത് 16 റണ്‍സ്. രവി രാംപോളിനെ ഹെന്‍ട്രിക്സ് രണ്ടു തവണ അതിര്‍ത്തി കടത്തി. കണിങ്സ് ഒരു തവണയും. സിംഗിളുകളും ഡബിളുകളും ചേര്‍ന്നപ്പോള്‍ മത്സരം ടൈ.
Close...
Maximum Character Allowed -
4000