Wednesday, May 23, 2012   10:06 AM IST
Vaartha BlogRSS
Loading
റസ്റ്ററന്‍റ് നാട്ടുകാര്‍ ഉപരോധിച്ചു
Published : Thursday, September 29, 2011
|
  
Text Size
കോഴിക്കോട്

മാലിന്യം റോഡരുകില്‍ തള്ളിയതിനെതിരേ നഗരത്തില്‍ പുതുതായി തുറന്ന കെഎഫ്സി റസ്റ്ററന്‍റ് നാട്ടുകാര്‍ ഉപരോധിച്ചു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കെഎഫ്സിയില്‍നിന്നു പുറംതള്ളിയ മാലിന്യങ്ങള്‍ ലോറിയില്‍ ശേഖരിച്ചു റസ്റ്ററന്‍റിനു മുന്‍പില്‍ തള്ളിയാണു കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്. സംഭവം വിവാദമായ സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജാനമ്മ കുഞ്ഞുണ്ണി റസ്റ്ററന്‍റ് അധികൃതരില്‍നിന്നു വിശദീകരണം തേടി.

ഹൈസണ്‍ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ തുടങ്ങിയ ഇന്‍റര്‍നാഷണല്‍ ബ്രാന്‍ഡായ കെന്‍റക്കി ഫ്രൈഡ് ചിക്കന്‍റെ റസ്റ്ററന്‍റിനെതിരെയാണു പ്രതിഷേധം.

14നാണു ബാങ്ക് റോഡില്‍ സ്ഥാപനം ആരംഭിച്ചത്. മാലിന്യ സംസ്കരണത്തിന് ഇവര്‍ കരാര്‍ നല്‍കിയ ഗ്രൂപ്പ് മാലിന്യങ്ങള്‍ രാത്രിയില്‍ വെസ്റ്റ്ഹില്‍ മുതല്‍ കക്കോടി വരെയുള്ള റോഡരികില്‍ തള്ളിയതായാണ് ആക്ഷേപം. സംഭവം കൈയോടെ പിടികൂടിയ നാട്ടുകാര്‍ മാലിന്യങ്ങളെല്ലാം ലോറിയില്‍ കയറ്റി പ്രദേശങ്ങളിലെ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയോടെ റസ്റ്ററന്‍റിനു മുന്‍പില്‍ കൊണ്ടുവന്നു തള്ളുകയായിരുന്നു. ഇവര്‍ക്കൊപ്പം ഡിവൈഎഫ്ഐ നോര്‍ത്ത് ബ്ലോക്ക് കമ്മിറ്റിയും രംഗത്തെത്തി. ഇതോടെ റസ്റ്ററന്‍റ് അടച്ചു.

കൗണ്‍സിലര്‍മാരായ സത്യഭാമ, കൃഷ്ണദാസ്, സി.പി. സലീം, പി. സുജന്‍, ഒ.എം.ഭരദ്വാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുടര്‍ന്നു സ്ഥലത്തെത്തിയ കോര്‍പ്പറേഷന്‍ അധികൃതര്‍ കെഎഫ്സിക്കാരുമായി ചര്‍ച്ച നടത്തി.

മാലിന്യ സംസ്കരണത്തിനു കൃത്യമായ സംവിധാനമുണ്ടാക്കുന്നതുവരെ റസ്റ്ററന്‍റ് അടച്ചിടണമെന്നു കോര്‍പ്പറേഷന്‍ അധികൃതര്‍ നിര്‍ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് ഉച്ചയ്ക്ക് രണ്ടരയോടെ പ്രവര്‍ത്തകരെല്ലാം പിരിഞ്ഞു. റസ്റ്ററന്‍റിനു മുന്‍പില്‍ തള്ളിയ മാലിന്യങ്ങള്‍ പിന്നീട് ഉടമകള്‍ നീക്കം ചെയ്തു.

Rate This News :
Latest News