രാഗചന്ദ്രിക ചാലിച്ച...
Published : Tuesday,
October 04,
2011
ബൈജു ഗോവിന്ദ്
ഒരു ചാരുകസേരയിലിരുന്ന് സംവിധായകനോടു സംസാരിക്കുകയാണ് ഷീല. ലൊക്കേഷനിലെ ബഹളങ്ങളൊന്നും അറിയുന്നേയില്ല. സ്റ്റാര്‍ട്ട് പറയുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണെന്നു പിന്നെയാണു മനസിലായത്. ആക്ഷന്‍ എന്ന വാക്കു കേട്ടപ്പോഴേയ്ക്കും ആളാകെ മാറി. കുട്ടികളുടെ കൂടെ സ്റ്റൈലായി ഡാന്‍സ് ചെയ്തു. സീന്‍ ഓകെയായപ്പോള്‍ സ്റ്റുഡിയോയുടെ വാതില്‍ കടന്നു പുറത്തേയ്ക്കു വന്നു. മലയാളികള്‍ ക്യാറ്റ് വോക്ക് പഠിക്കുന്നതിനു മുമ്പ് അന്നനട ശീലിച്ച ഷീലയുടെ ചലനങ്ങള്‍ക്ക് യാതൊരു മാറ്റവും വന്നിട്ടില്ല. നവോദയ സ്റ്റുഡിയോയുടെ നീളന്‍ വരാന്തയും ഹാളും ഷൂട്ടിങ് സെറ്റുമാണു മുന്നില്‍. എന്തായിരിക്കും ഇപ്പോള്‍ ഷീലയുടെ മനസില്‍... ? അല്‍പ്പായുസുള്ള കഥ മെനയണ്ട. നേരിട്ടു ചോദിക്കാം. വാളിന്‍റെ ചിലമ്പലും പരിചയുടെ ശബ്ദവും അങ്കത്തട്ടിന്‍റെ പശ്ചാത്തലവുമില്ലാത്ത പഴയ കളരിയിലൂടെ ഷീലയെ പിന്തുടര്‍ന്ന് വിശ്രമമുറിയിലേക്ക്.
സ്റ്റാര്‍ട്ട്
വ്യക്തിപരമായ ചോദ്യങ്ങളൊന്നും വേണ്ട... കടത്തനാട്ടുമാക്കത്തിന്‍റെ ശബ്ദത്തില്‍ ആദ്യം തന്നെ ഷീല വെട്ടിയൊഴിഞ്ഞു. ഷീലയോട് വ്യക്തിപരമല്ലാതെ മറ്റെന്തു ചോദ്യം...? എന്‍റെ തൊഴിലാണ് അഭിനയം. ഇന്ന് എന്തൊക്കെയായിട്ടുണ്ടോ അതെല്ലാം എനിക്കു കിട്ടിയ നിധിയാണ്... ശ്വാസത്തിന്‍റെ താളത്തിനൊത്തു ശരീരം ചലിപ്പിച്ചുകൊണ്ടുള്ള ആ വാക്കുകളില്‍ ഷീല തുടങ്ങുകയായിരുന്നു. സ്റ്റാര്‍ട്ട് പറയാന്‍ സംവിധായകനില്ല. കടന്നു പോയ ജീവിതത്തിന്‍റെ സ്ക്രീനില്‍ ഒരിക്കല്‍ക്കൂടി പ്രകാശം പരക്കുന്നു. കഥ, തിരക്കഥ, സംഭാഷണം... ഷീല.
പതിമൂന്നാമത്തെ വയസില്‍ സിനിമയില്‍ വന്നതാണു ഞാന്‍. എംജിആര്‍ മുതല്‍ ജയറാം വരെയുള്ള നടന്മാരുടെ സിനിമകളില്‍ അഭിനയിച്ചു. സിനിമയിലേക്ക് അധികമാരും വരാത്ത കാലത്തായിരുന്നു അതെന്ന് ഓര്‍ക്കണം. ആദ്യമായി മേക്കപ്പ് അണിയുമ്പോള്‍ ഒരു ഷൂട്ടിങ്പോലും കണ്ടിട്ടുണ്ടായിരുന്നില്ല. നാടകവേദിയില്‍ നിന്നാണ് ക്യാമറയ്ക്കു മുന്നിലെത്തിയത്. അഭിനയമെന്ന മോഹം മാത്രമായിരുന്നു മനസില്‍. ഇപ്പോഴത്തെ കുട്ടികള്‍ക്ക് ടിവിയുണ്ട്. എല്ലായിടത്തും ഷൂട്ടിങ്. കണ്ടു പഠിക്കാന്‍ മാര്‍ഗങ്ങളേറെ. ഇതൊന്നുമില്ലായിരുന്നു അമ്പതു വര്‍ഷം മുമ്പ്... പഴയകാര്യങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഷീല.
ദേ, ഞാന്‍ വന്നു കെട്ടോ... ഓരോ യാത്ര കഴിഞ്ഞു വീട്ടിലെത്തുമ്പോഴും ദൈവത്തോടു പറയും. പ്രാര്‍ഥനയും ഭജനയുമായി ഒരുപാടു സമയം കളയാറില്ല. പക്ഷേ മനസുകൊണ്ട് ഞാന്‍ എപ്പോഴും പ്രാര്‍ഥിക്കുന്നു. ദൈവം എന്‍റെ കൂടെയുണ്ട്. ജീവിതത്തിന്‍റെ പലഘട്ടങ്ങളിലും ആ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ പോയി. അവിടെമൊക്കെ നടന്നു കണ്ടു. സര്‍വജ്ഞപീഠത്തിനടുത്തെത്തിയപ്പോള്‍ മനസിന് അന്നു വരെ കിട്ടിയിട്ടില്ലാത്ത ശാന്തത തോന്നി. ആ പീഠത്തിലൊന്നു കയറിയിരിക്കാന്‍ കലശലായ മോഹം. ആളുകള്‍ വന്നുംപോയുമിരിക്കുന്നു. കുറച്ചു നേരം അവിടെ പതുങ്ങിക്കൂടി നിന്നു. ചുറ്റും ആരുമില്ലെന്ന് ഉറപ്പായപ്പോള്‍ പീഠത്തിനു മീതേയ്ക്കു ചാടിക്കയറിയിരുന്നു. മിഴിയച്ച് രണ്ടു നിമിഷം പ്രാര്‍ഥിച്ചു. ആരും കണ്ടില്ല, ഭാഗ്യം.
മനസിനക്കരെയില്‍ അഭിനയിച്ചതിനു ശേഷം പുതിയ വേഷങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഏറ്റവുമൊടുവില്‍ റിലീസായത് സ്നേഹവീട്.
കഴിഞ്ഞതെല്ലാം ഓര്‍ത്തെടുത്തു ചികയാനൊന്നും സമയം കിട്ടാറില്ല. ഒഴിവു കിട്ടുമ്പോള്‍ പഴയ സിനിമകള്‍ കാണും, ചിത്രം വരയ്ക്കും. സ്വയം ബിസിയാകാന്‍ ശ്രമിക്കുന്നു. സാഹചര്യങ്ങള്‍ മാറി. പണ്ട് നന്നായി മേക്കപ്പ് ചെയ്യണമെങ്കില്‍ സിംഗപ്പൂരില്‍ പോകണമായിരുന്നു. ഇപ്പോള്‍ അങ്ങനെയാണോ...?
ഒരു നടനൊപ്പം നൂറ്റിയേഴു സിനിമകളില്‍ അഭിനയിച്ച ലോക റെക്കോഡ് ഷീലയുടെ പേരിലാണ്. പ്രേം നസീറാണു നടന്‍. ഈ താര ജോടിയുടെ പേരിലുള്ള ആ റെക്കോഡ് തകര്‍ക്കാന്‍ ലോകത്ത് ഇന്നുവരെ മറ്റൊരു ടീമുണ്ടായിട്ടില്ല.
ആക്ഷന്‍
പ്രണയം നല്ല സിനിമയല്ലേ...?
തേജാഭായിയുടെ തിയെറ്റര്‍ റിപ്പോര്‍ട്ട് എങ്ങനെ...?
സിനിമയെക്കുറിച്ച് എപ്പോഴും അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു ഷീല. പ്രണയം എന്ന വാക്ക് ഷീല ഉച്ചരിക്കുമ്പോള്‍ത്തന്നെ പാടാത്ത വീണയും പാടും...എന്ന പാട്ടാണ് ഓര്‍ത്തത്. പ്രേമത്തിന്‍ ഗന്ധര്‍വ വിരല്‍ തൊട്ടാല്‍ പാടാത്ത വീണയും പാടുമെന്ന് വിശ്വസിക്കാതെവയ്യ, കാരണം റസ്റ്റ്ഹൗസ് എന്ന ചിത്രത്തില്‍ പ്രേം നസീര്‍ പാടുമ്പോള്‍ സ്ക്രീനില്‍ ഷീലയുടെ മുഖത്തിന്‍റെ ക്ലോസപ്പ്.
ചില ഉറപ്പുകള്‍ തെറ്റിക്കാതെ വയ്യ. വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കരുത് എന്നാണ് പറഞ്ഞത്. എന്നാലും ചോദിക്കാതെ വയ്യ...പ്രണയത്തെക്കുറിച്ച് എന്താണ് അഭിപ്രായം...? സിനിമയെക്കുറിച്ചല്ല ചോദ്യമെന്നു മനസിലായതോടെ ഷീലയുടെ ശബ്ദം കനത്തു. വകഞ്ഞു നീങ്ങുന്നതു സ്വന്തം ജീവിതത്തിലേക്കാണെന്നു തിരിച്ചറിഞ്ഞതിന്‍റെ രോഷം കണ്ണുകളില്‍ പ്രകടം.
...അഞ്ചു പതിറ്റാണ്ടായി ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നു. ഇപ്പോഴത്തെ തലമുറയുടെ അമ്മയാകാനുള്ള പ്രായമുണ്ട്. എന്നിട്ടും എല്ലാവര്‍ക്കും ചോദിക്കാനുള്ളത് എന്‍റെ പ്രണയത്തെക്കുറിച്ച്. നിങ്ങള്‍ പ്രേമിച്ചിട്ടുണ്ടോ...? നിങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന പെണ്‍കുട്ടിയോട് ചോദിച്ചാല്‍ കഴിഞ്ഞതെല്ലാം അവള്‍ പറയുമോ...?
എത്ര ഭംഗിയായാണ് ഷീല ദേഷ്യപ്പെടുന്നത്. കോപിക്കുമ്പോഴാണ് കാണാന്‍ കൂടുതല്‍ ചന്തം. മണ്ടിപ്പെണ്ണേ എന്നു വിളിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.... നായകന്‍റെ മുഖത്തു നോക്കി കനപ്പിച്ചു നാലു വാക്കു പറഞ്ഞ് വാതിലിനപ്പുറത്തു പോയി കര്‍ട്ടനില്‍ മുഖമമര്‍ത്തി കരയുന്ന അതേ നായികയാണ് ജീവിതത്തിലും ഷീല. സ്നേഹമുള്ള വാക്കുകളുടെ മുന്നില്‍ ഷീലയുടെ ദേഷ്യം അലിഞ്ഞില്ലാതാകും.
എന്നോട് അങ്ങനെ ചോദിച്ചതുകൊണ്ടല്ലേ ഞാന്‍ ദേഷ്യപ്പെട്ടത്... പ്രണയമില്ലാതെ എന്തു ജീവിതം. ആണും പെണ്ണും ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രേമിക്കണം. സ്വന്തം ഭര്‍ത്താവിനെയാണു പ്രേമിക്കുന്നതെങ്കില്‍ ആ സ്നേഹത്തിനു കൂടുതല്‍ സുഖമുണ്ടാകും. സ്നേഹമില്ലാത്ത ജീവിതമെന്തിന്... എത്രയോ സിനിമകളില്‍ തളര്‍ന്നു നില്‍ക്കുന്ന നായകന്‍റെ ചുമലിലേക്കു പകര്‍ന്ന സാന്ത്വനത്തിന്‍റെ സ്വരം. ഷീലയാണു നടി, യഥാര്‍ഥ നായിക.
വ്യക്തിപരമായി ഒന്നും സംസാരിക്കില്ലെന്നു പറഞ്ഞതെല്ലാം ഷീല മറന്നോ എന്നു സംശയം തോന്നാം. അതാണു ഷീല. വെറുമൊരു വാശി. അതിനപ്പുറത്തേയ്ക്കുള്ള ദേഷ്യമില്ല. ഒന്നും മനസില്‍ കൊണ്ടു നടക്കുന്ന ശീലവുമില്ല. നിര്‍ത്താതെ സംസാരിച്ചികൊണ്ടിരിക്കുകയാണ് അപ്പോഴും. എയ്ഡ്സ് പേഷ്യന്‍റായി ഒരു സിനിമയില്‍ അഭിനയിക്കണമെന്നാണ് എന്‍റെ ആഗ്രഹം... ഷീലയുടെ മനസിന്‍റെ കടലില്‍ അഭിനയ മോഹത്തിന്‍റെ ഓളങ്ങള്‍ നിലയ്ക്കുന്നില്ല. കരളില്‍ സിനിമാ സ്വപ്നങ്ങള്‍ അടങ്ങുന്നുമില്ല...
പിങ്ക് കളറാണ് എനിക്കിഷ്ടം. പിന്നെ യെല്ലോ. പിങ്ക് - യെല്ലോ കളറുകള്ള കുറേ ഡ്രസുകളുണ്ട്. വസ്ത്രങ്ങള്‍ എനിക്കൊരു ക്രെയ്സാണ്. സ്പെയ്നിലും സ്വിറ്റ്സര്‍ലന്‍ഡിലും താമസിക്കാന്‍ പെരുത്തിഷ്ടം. സന്തോഷിക്കാന്‍ ഒരുപാടുണ്ട് ജീവിതത്തില്‍, അതുപോലെ സങ്കടങ്ങളും. ഓരോ മൂഡിനുമനുസരിച്ച് പെരുമാറും. അമ്മയുടെ മരണമാണ് എന്നെ ഏറ്റവും വേദനിപ്പിച്ച സംഭവം.
കട്ട്
എനിക്കു പെട്ടെന്നു ദേഷ്യം വരും. കഴിഞ്ഞ ആഴ്ച ചെന്നൈ എയര്‍പോര്‍ട്ടിലെ ബാത്ത് റൂമില്‍ വച്ച് അവിടത്തെ സെക്യൂരിറ്റിയോടു വഴക്കിട്ടു. ചപ്പും ചവറുമൊക്കെ ചിതറിക്കിടക്കുന്നതു കണ്ടാല്‍ എങ്ങനെ ദേഷ്യപ്പെടാതിരിക്കും. വൃത്തിയില്ലാത്തവരെ എനിക്കിഷ്ടമല്ല. അതുപോലെ, സമയനിഷ്ഠയില്ലാത്തവരും എന്‍റെ ചീത്ത കേള്‍ക്കും. ജീവിതത്തിനൊരു അടുക്കും ചിട്ടയും വേണം.
ചിലപ്പോള്‍ ഞാന്‍ സങ്കടപ്പെടും. അപ്പോള്‍ ശോകഗാനം പാടാന്‍ തോന്നാറില്ല. സിനിമയല്ലല്ലോ ജീവിതം. സ്വപ്നങ്ങള്‍ സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ കുമാരികളല്ലോ എന്ന പാട്ട് ഇടയ്ക്കിടെ മൂളാറുണ്ട്. അര്‍ഥമുള്ള വരികളാണത്... സിനിമയില്‍ ഒരുപാടു കൂട്ടുകാരുണ്ട് എല്ലാവരുമായും എപ്പോഴും സംസാരിക്കാറില്ല. പണ്ടു തൊട്ടേ എന്‍റെ കൂടെ അഭിനയിച്ചിരുന്ന ടി.ആര്‍. ഓമനയാണ് എന്‍റെ അടുത്ത സുഹൃത്ത്. സന്തോഷവും സങ്കടങ്ങളുമെല്ലാം ഞാന്‍ പങ്കുവയ്ക്കാറുള്ളത് ഓമനയോടാണ്. മറ്റുള്ളവരെയൊക്കെ ചില ചടങ്ങുകളില്‍ വച്ച് കാണാറുണ്ട്. പരിചയം പുതുക്കും. പഴയ കഥകള്‍ പറഞ്ഞിരിക്കാനൊന്നും സമയം കിട്ടാറില്ല.
ഏറ്റവും കൂടുതല്‍ സന്തോഷം തോന്നുന്നത് എപ്പോഴാണ്? സ്റ്റാര്‍ട്ട് മുതല്‍ കട്ട് വരെ... ഉത്തരം കേട്ടപ്പോള്‍ മനസില്‍ നമിച്ചു മലയാളത്തിന്‍റെ പ്രിയപ്പെട്ട ഷീലയെ...അപ്പോള്‍ ജീവിതത്തില്‍ മിക്കപ്പോഴും സന്തോഷവതിയായിരുന്നു എന്നര്‍ഥം. ആക്ഷനും കട്ടിനും ഇടയ്ക്കല്ലാതെയുള്ള നിമിഷങ്ങള്‍ കുറവായിരുന്നല്ലോ ഷീലയ്ക്ക്. ഈ രണ്ടു വാക്കുകള്‍ക്കിടയിലല്ലാതെ ഷീലയ്ക്കു മറ്റൊരു ജീവിതം ഉണ്ടായിട്ടില്ലല്ലോ.
മനസിനക്കരെ, അകലെ...ഷീല വീണ്ടും സജ്ജീവമായപ്പോഴും മികച്ച കഥാപാത്രങ്ങളാണ് വന്നത്. ഷീലയെ കഥാപാത്രങ്ങള്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ തിയെറ്ററുകളില്‍ അമ്മുക്കുട്ടിയമ്മയായി നിറയുന്നു. ഇപ്പോഴും സെറ്റില്‍ത്തന്നെയാണ് ഷീല...ആക്ഷനും കട്ടിനുമിടയില്‍...എപ്പോഴും സന്തോഷവതിയായി...ചിന്തകളില്‍ രാഗചന്ദ്രിക ചാലിച്ച മന്ദസ്മിതത്തോടെ...
Close...
Maximum Character Allowed -
4000