Wednesday, May 23, 2012   10:14 AM IST
Vaartha BlogRSS
Loading
മാ കശ്ചിത് ദുഃഖഭാഗ്ഭവേത്...
Published : Friday, October 07, 2011
|
  
Text Size
ബൈജു ഗോവിന്ദ്

അച്ഛാ പൊറോട്ടയും ചിക്കന്‍ കറിയും വേണം. എന്താ വാങ്ങിത്തരാത്തേ...? അച്ഛാ... ഉണ്ണിക്കുട്ടന്‍റെ കരച്ചില്‍ കാണാന്‍ വയ്യാതെ ആ അച്ഛന്‍ മുറിക്കു പുറത്തേയ്ക്കിറങ്ങി. പൊറോട്ട വാങ്ങിത്തരാന്‍ അച്ഛനോടു പറയമ്മേ... ആ അമ്മയുടെ പ്രതികരണം ഒരു തേങ്ങലിലൊതുങ്ങി. ഉണ്ണിക്കുട്ടാ, ഇറച്ചി കഴിക്കാന്‍ പറ്റില്ലെന്ന് ഡോക്റ്ററങ്കിള്‍ പറഞ്ഞത് ഓര്‍മയില്ലേ. മോന്‍റെ വാവു മാറിയിട്ട് പൊറോട്ടയും ഇറച്ചിയുമൊക്കെ വാങ്ങിത്തരാം... മുറ്റത്തു ബ്രേക്കിട്ട കാറിന്‍റെ ശബ്ദത്തില്‍ ആ വീട്ടില്‍ മൗനം നിറഞ്ഞു. ഉണ്ണിക്കുട്ടന്‍റെയരികില്‍ കട്ടിലിന്‍റെ ഒരു വക്കത്ത് ഡോക്റ്റര്‍ ഇരുന്നു. പൊറോട്ട കഴിച്ചാല്‍ മോന്‍റെ അസുഖം കൂടുമെന്ന് അങ്കിള്‍ പറഞ്ഞിട്ടില്ലേ. പിന്നെന്തിനാ പൊറോട്ട വേണമെന്ന് അച്ഛനോടു വാശി പിടിക്കുന്നത്? ഡോക്റ്ററുടെ തലോടലില്‍ ഉണ്ണിക്കുട്ടന്‍ കരച്ചില്‍ നിര്‍ത്തി. എനിക്കു വിശന്നിട്ടല്ല. ഞാന്‍ കഴിച്ചില്ലെങ്കില്‍ അച്ഛനുമമ്മയും ഒന്നും കഴിക്കില്ല. ഞാന്‍ പൊറോട്ട കഴിച്ചാല്‍ അവരും കൂടെ കഴിക്കും. അവര്‍ക്കു വയ്യാതായാല്‍ ആരാ ഉണ്ണിക്കുട്ടനെ നോക്കുക... അങ്കിള്‍ അച്ഛനോടു പൊറോട്ട വാങ്ങാന്‍ പറയണേ...

ഉണ്ണിക്കുട്ടന്‍ കാണാതെ ഡോക്റ്റര്‍ സ്വന്തം കണ്ണുകള്‍ തുടച്ചു. വയറ്റില്‍ അര്‍ബുദം ബാധിച്ച അവനിനി...ഒന്നര വയസുള്ള ഉണ്ണിക്കുട്ടനും അതു മനസിലാക്കിയിരിക്കുമോ.? മനസിലാക്കിയിരിക്കുന്നു. എന്നിട്ടും അവന്‍റെ അച്ഛനുമമ്മയും മനസുകൊണ്ട് അത് അംഗീകരിച്ചിട്ടില്ല. കൂടെയുള്ളത്രയും നേരം ഉണ്ണിക്കുട്ടനെ സന്തോഷത്തോടെ നോക്കണം. അവന്‍റെ മനസിനു ശക്തി പകരണം. വേദനയറിയിക്കാതെ അവനെ മരണത്തിനു വിട്ടുകൊടുക്കണം. അല്ലാതെ മറ്റൊന്നും ചെയ്യാനില്ല... ഇതു കേട്ട് ആ അച്ഛന്‍ ഡോക്റ്ററെ കെട്ടിപ്പിടിച്ചു. അകത്തെ മുറിയില്‍ മരുന്നിന്‍റെ ക്ഷീണത്തില്‍ ഉണ്ണിക്കുട്ടന്‍ മയങ്ങിത്തുടങ്ങിയിരുന്നു.

ഉണ്ണിക്കുട്ടന്‍ ജീവിച്ചിരുന്നു എങ്കില്‍ ഇപ്പോള്‍ ഒമ്പതു വയസാവുമായിരുന്നു. നാളെ ലോകം പാലിയേറ്റിവ് കെയര്‍ ഡെ ആചരിക്കുമ്പോള്‍ ആശുപത്രിക്കിടക്കകളില്‍ എത്രയോ ഉണ്ണിക്കുട്ടന്മാരും അവരുടെ രക്തബന്ധങ്ങളും നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നുണ്ടാകും. അവിടെയെല്ലാം സ്നേഹസാന്ത്വനവുമായി ഒരുകൂട്ടം ഡോക്റ്റര്‍മാരുണ്ട്, നെഴ്സുമാരുണ്ട്,സന്നദ്ധസംഘടനാ പ്രവര്‍ത്തകരുണ്ട്...യാത്ര ഇനി അധികം ദൂരമില്ല എന്നു തിരിച്ചറിയുമ്പോള്‍, ആ പാതയില്‍ സ്നേഹത്തിന്‍റെ പൂക്കള്‍ വിതറുന്നവര്‍...അവരെ ആരും അറിയുന്നില്ല. അറിയാന്‍ അവര്‍ ആഗ്രഹിക്കുന്നുമില്ല. വേദനയുടെ കൊടുമുടിയില്‍ സാന്ത്വനത്തിന്‍റെ മഞ്ഞു പെയ്യുമ്പോള്‍ രോഗിയുടെ മുഖത്തു വിടരുന്ന ചിരി...കൈകള്‍ അമര്‍ത്തിപ്പിടിക്കുമ്പോള്‍ രോഗി അനുഭവിക്കുന്ന കരുതല്‍...ഇതൊക്കെയാണ് അവരുടെ അംഗീകാരം.

ഇടവരാതിരിക്കട്ടെ

ഗ്ലാസ് ഡോറുകളില്‍ ആ വാക്കിന്‍റെ ആവര്‍ത്തനം. കാന്‍സര്‍ എന്ന വാക്കിനോടുള്ള ഭയം കൂടുന്നു. നേരെ കാണുന്ന വരാന്തയിലൂടെ വലത്തോട്ടു തിരിഞ്ഞാല്‍ ടവര്‍ നമ്പര്‍ 3. മരണം കാവല്‍ നില്‍ക്കുന്ന ഇടനാഴി.

ഡോ. രാംകുമാര്‍ പി.

ചുമരിലെ അക്ഷരങ്ങള്‍ക്കു മുന്നില്‍ അല്‍പ്പനേരം കാത്തിരുന്നു. മറിക്കുള്ളിലേക്ക് സ്വാഗതം ചെയ്തത് ഡോക്റ്ററുടെ ചിരി. ഒരു ചിരിക്ക് ഇത്രയും സുഖം പകരാനാവുമെന്ന് ജീവിതത്തില്‍ ആദ്യമായി തിരിച്ചറിഞ്ഞു. ഈ രോഗി നാളെ മരിക്കുമെന്ന് കുറിച്ചുവച്ച മെഡിക്കല്‍ പ്രിസ്ക്രിപ്ഷനു താഴെ സസ്നേഹം എന്ന് എഴുതിച്ചേര്‍ക്കുന്ന ഒരാള്‍. ഡോ. രാം കുമാര്‍. കൂടുതല്‍ പരിചയപ്പെടുത്തിയാല്‍

ക്ലിനിക്കല്‍ പ്രഫസര്‍ ആന്‍ഡ് ഹെഡ് ഒഫ് ദി ഡിപ്പാര്‍ട്ടുമെന്‍റ്

പെയ്ന്‍ ആന്‍ഡ്

പാലിയേറ്റീവ് കെയര്‍

അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ്

മെഡിക്കല്‍ സയന്‍സസ്.

എന്നെക്കുറിച്ചുള്ള വാക്കുകള്‍ ഇത്ര മതി. ഇനി ഞാന്‍ ചിലരെ പരിചയപ്പെടുത്താം. ഞാന്‍ ഒരു നിമിത്തം മാത്രം...ഡോക്റ്റര്‍ പറഞ്ഞു.

മരയ്ക്കാര്‍കുട്ടി

മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളെജിലെ കാന്‍സര്‍ വാര്‍ഡിലാണ് മരയ്ക്കാര്‍കുട്ടിയെ ഡോ. രാംകുമാര്‍ കാണുന്നത്. നെഞ്ചില്‍ റേഡിയേഷന്‍ ചെയ്ത നീറ്റലുമായി കട്ടിലില്‍ കിടക്കുന്നു. കീമോ തെറാപ്പിക്കു ശേഷം തലയില്‍ മുടി കിളിര്‍ത്തിട്ടില്ല. കൈത്തണ്ട ശോഷിച്ചിരുന്നു. ജപിച്ചു കെട്ടിയ ചരട് വല്ലാതെ അയഞ്ഞു കിടക്കുന്നു. ഒരു മലയാളിയെ കണ്ടപ്പോള്‍ മരയ്ക്കാരുടെ മുഖത്ത് സന്തോഷം. ഡോക്റ്റര്‍ അടുത്തിരുന്നപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഗള്‍ഫിലായിരുന്നു ജോലി. അറേബ്യന്‍ പൊലീസില്‍. നെഞ്ചില്‍ ട്യൂമര്‍ സ്ഥിരീകരിച്ചതോടെ സര്‍വീസില്‍ നിന്നു പിരിച്ചു വിട്ടു. നാട്ടിലേക്കു പൊയ്ക്കോളാനായിരുന്നു നിര്‍ദേശം. കടബാധ്യതകള്‍ക്കു നടുവിലാണ് വന്നിറങ്ങിയത്. മൂത്ത മകളുടെ വിവാഹത്തിന് ഏറെ ദിവസങ്ങളില്ല. കാന്‍സര്‍ രോഗിയുടെ മകളെ വിവാഹം കഴിക്കാനാവില്ലെന്നു പറഞ്ഞ് പറഞ്ഞുറപ്പിച്ച വരന്‍ പിന്മാറി... കീമോയും റേഡിയേഷനും തുടര്‍ന്നു. സഹിക്കാന്‍ വയ്യാത്ത വേദന. ഇനി മരുന്നില്ലെന്നു ഡോക്റ്റര്‍മാര്‍ പറഞ്ഞു. ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. മക്കളുടെ മുഖമാണ് മനസില്‍ തെളിഞ്ഞത്. ഇല്ല തനിക്കതിനു കഴിയില്ല.

മരയ്ക്കാരോട് ഡോ. രാംകുമാര്‍ തിരുനാവായയിലെ വിശേഷങ്ങള്‍ ചോദിച്ചു. കുട്ടികളെക്കുറിച്ചു സംസാരിച്ചു. ജപിച്ചു കെട്ടിയ ചരടില്‍ വിശ്വസിക്കാന്‍ പറഞ്ഞു. ഇനി കുറച്ചു ദിവസമേയുള്ളൂ എന്നു പേടിച്ചിരിക്കരുത്. ഉള്ള ദിവസങ്ങള്‍ സന്തോഷത്തോടെയിരിക്കുക. കുട്ടികള്‍ക്കും ഭാര്യക്കും ധൈര്യം പകരുക... പിന്നീടുള്ള എല്ലാ ദിവസവും മരയ്ക്കാരോട് ഡോക്റ്റര്‍ സംസാരിച്ചു. നാലാമത്തെ ദിവസം രാവിലെ ഡോക്റ്ററെ കണ്ടപ്പോള്‍ മരയ്ക്കാര്‍ പറഞ്ഞു, എനിക്കൊരു ചായ കുടിക്കണം... മരണം ഭയന്ന് ആറു ദിവസമായി ഒന്നും കഴിക്കാതെയിരുന്നയാള്‍ക്കു വിശപ്പുണ്ടാക്കിയത് മരുന്നല്ല...

തളരാത്ത വേദന

കേരളത്തില്‍ പാലിയേറ്റിവ് കെയര്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരെ മുഴുവന്‍ ഓര്‍ക്കണം. അരിച്ചിറങ്ങുന്ന തണുപ്പു പോലെ വേദന. പിന്നെ അത് ശരീരത്തില്‍ ആളിപ്പടരും. ആശ്വാസമായി ദൈവദൂതരെപ്പോലെ എത്തുന്നവര്‍. എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് കൂട്ടിന് വേദനമാത്രമുള്ളപ്പോള്‍ സാന്ത്വനമായി എത്തുന്നവര്‍. കേരളത്തില്‍ കെയര്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ്സിലേതു പോലെ പല ആശുപത്രികളിലും ഡിപ്പാര്‍ട്ടുമെന്‍റുകളുണ്ട്. രോഗത്തിന്‍റെ മൂര്‍ധന്യത്തില്‍ കടുത്ത വേദന അനുഭവിക്കുമ്പോള്‍ ആശ്വാസമായി എത്തുന്നവരെക്കൂടി ഓര്‍ക്കണം. മരണമെത്തുന്ന ദിവസവും കാത്ത് ഐസിയുവിലെ കട്ടിലുകള്‍ റിസര്‍വ് ചെയ്യപ്പെടുമ്പോള്‍ ജീവിക്കാനുള്ള സാധ്യതയുമായി എത്തുന്ന പലര്‍ക്കും ആശുപത്രികളില്‍ കിടക്കകള്‍ കിട്ടാതെ വരുന്നു.

വേദനയുടെ തീക്കനലിനെ പുണര്‍ന്നു കഴിയുന്നവര്‍ക്കു സാന്ത്വനവുമായാണ് പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവ് കെയറിലെ ഡോക്റ്റര്‍മാര്‍ രോഗികളുടെ വീട്ടിലെത്തുന്നത്. മനുഷ്യ ജന്മത്തിന്‍റെ അവസാന നിമിഷങ്ങളില്‍ ആനന്ദം പകരുന്ന എത്രയോ പേരില്‍ ഒരാള്‍ മാത്രമാണു താനെന്നു പറയുന്നു, ഡോ. രാംകുമാര്‍. മക്കളെല്ലാമുണ്ടായിട്ടും വിസര്‍ജ്യങ്ങളില്‍ മുങ്ങിക്കിടക്കുന്ന രോഗിയെ കണ്ടിട്ടുണ്ട് ഡോ. രാംകുമാര്‍. നീരുകെട്ടിയ മുഖവും തടിച്ചു വീങ്ങിയ ശരീരവുമായി അനങ്ങാന്‍ വയ്യാതെ കിടന്ന അമ്മച്ചിയെ സ്നേഹപരിലാളനകള്‍കൊണ്ട് മകളുടെ വിവാഹപ്പന്തലിലെത്തിച്ചിട്ടുണ്ട്. മകളെ കെട്ടിച്ചയച്ച് രണ്ടാം നാള്‍ ആ അമ്മ യാത്രയായി...

അനായാസേന മരണം

തൃശൂര്‍ പെരിങ്ങാവ് യു.ആര്‍.കെ വാര്യര്‍ക്ക് എണ്‍പത്തിരണ്ടു വയസുള്ളപ്പോഴാണ് ട്യൂമര്‍ കണ്ടെത്തിയത്. പ്രായത്തിന്‍റെ അവശതയുമുണ്ടായിരുന്നു. സ്കൂള്‍ ഹെഡ് മാസ്റ്ററായിരുന്നതുകൊണ്ടു വാര്യര്‍ക്കും ടീച്ചറായിരുന്ന ഭാര്യ തങ്കത്തിനും രോഗത്തിന്‍റെ കാഠിന്യം മനസിലായി. ചികിത്സകള്‍ ഫലം കാണാന്‍ സാധ്യതയില്ല. എന്‍ജിനിയര്‍ കൃഷ്ണകുമാറും സഹോദരിമാരായ ദേവിയും ആശയും ഇന്ദുവും കരച്ചിലൊതുക്കി. ഡോ. രാം കുമാറും ഭാര്യ ഡോ. ശൈലജയും പ്രാര്‍ഥിക്കുകയായിരുന്നു, അനായാസേന മരണം...

വിനാ ദൈന്യേന ജീവനം...

പലരെക്കുറിച്ചും പറഞ്ഞു ഡോക്റ്റര്‍. ഇപ്പോള്‍ അല്‍പ്പം വികാരാധീനനായോ? ഇത് എന്‍റെ വീട്ടിലെ അനുഭവമാണ്. യു.ആര്‍.കെ വാര്യര്‍ എന്ന പേഷ്യന്‍റ് എന്‍റെ അച്ഛനാണ്, ഡോക്റ്റര്‍ പറഞ്ഞു.

വേദനിക്കുന്ന എത്രയോ അനുഭവങ്ങള്‍. കെയര്‍ ആന്‍ഡ് പാലിയേറ്റീവ് ഡെ ആചരിക്കുമ്പോള്‍ ഇത്തരം എത്രയോ ഓര്‍മകള്‍. ഓരോ ദിവസം പിന്നിടുമ്പോഴും ഈ ഓര്‍മകളെ എങ്ങനെ അതിജീവിക്കും എന്നു ചോദിച്ചപ്പോള്‍ ഡോക്റ്റര്‍ രാം കുമാര്‍ തന്‍റെ കംപ്യൂട്ടര്‍ സ്ക്രീന്‍ കാണിച്ചു തന്നു...അതിലെ സ്ക്രീന്‍ സെര്‍വര്‍ ഒരു പ്രാര്‍ഥനയാണ്...

സര്‍വേ ഭവന്തു സുഖിനാ

സര്‍വേ സന്തു നിരാമയ

സര്‍വേ ഭദ്രാണി പശ്യന്തു

മാ കശ്ചിത് ദുഃഖഭാഗ്ഭവേത്

ഓം ശാന്തി ശാന്തി ശാന്തി

എല്ലാവരും നേരിടേണ്ടുന്ന ദിവസം

 * ചികിത്സകൊണ്ടു മാറാത്ത രോഗങ്ങള്‍ സ്ഥിരീകരിച്ചാല്‍

പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവ് കെയറിന്‍റെ സഹായം തേടുക.

* സ്ഥിരമായ ശരീര വേദനകള്‍ക്കുള്ള മരുന്ന് തുടര്‍ച്ചയായി

കഴിക്കുക. ഡോക്റ്റര്‍ നിര്‍ദേശിച്ചതുപ്രകാരം മരുന്നു തുടരുക.

* ഡോക്റ്റര്‍ നിര്‍ദേശിച്ചതിനേക്കാള്‍ കൂടുതല്‍ മോര്‍ഫിന്‍

ഉപയോഗിക്കരുത്. 

* രോഗം സ്ഥിരീകരിച്ച നിമിഷം മുതല്‍ പെയ്ന്‍ ആന്‍ഡ്

പാലിയേറ്റിവ് കെയറിന്‍റെ പരിചരണം തേടുക.

* ചികിത്സകൊണ്ടു മാറ്റാനാകാത്ത രോഗമാണെന്ന്

അറിയുമ്പോള്‍ രോഗി മാനസികമായി തളരും. ഈ അവസ്ഥയില്‍

രോഗിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുക. 

* ജീവിത സാഹചര്യങ്ങള്‍ പ്രകാരമാണ് പരിചരണം നല്‍കേണ്ടത്.

രോഗിയുടെ മതവിശ്വാസങ്ങളും ചുറ്റുപാടുകളും സാംസ്കാരിക

പശ്ചാത്തലവുമെല്ലാം നോക്കിയാകണം പരിചരണം.

രോഗി പ്രതീക്ഷിക്കുന്ന രീതിയിലാണ് ചികിത്സ നല്‍കേണ്ടത്.

* രോഗിയുടെ കുടുംബാംഗങ്ങള്‍ ശ്രദ്ധ പുലര്‍ത്തണം.

കഴിയുന്നത്രയും സ്നേഹത്തോടെ പെരുമാറുക. 

* പ്രമേഹം, കാന്‍സര്‍, കിഡ്നി, ഹൃദ്രോഗം... രോഗമേതായാലും

വേദനയുടെ അവസ്ഥ ഒന്നു തന്നെയാണ്. രോഗിയുടെ

അവസാന നിമിഷം വരെ പരിചരണത്തിന് ബന്ധുക്കള്‍

മാനസികമായി തയാറെടുക്കുക. പെയ്ന്‍ ആന്‍ഡ്

പാലിയേറ്റിവ് കെയറിന്‍റെ സഹായം തേടുക.
Rate This News :
Latest News