ഒന്നാം ഘട്ടം 20 മാസത്തിനകം
Published : Sunday,
October 09,
2011
കൊച്ചി
സ്വന്തം ലേഖകന്‍
കൊച്ചി സ്മാര്‍ട്ട് സിറ്റി ഒന്നാംഘട്ടം നിര്‍മാണം തുടങ്ങി. പദ്ധതി പ്രദേശത്തു നടന്ന പ്രൗഢഗംഭീര ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. ഇരുപതു മാസങ്ങള്‍ക്കുള്ളില്‍ സ്മാര്‍ട്ട് സിറ്റി ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നിക്ഷേപ സൗഹൃദ സംസ്ഥാനമായ കേരളത്തില്‍ വരാനിരിക്കുന്ന വന്‍ പദ്ധതികളുടെ തുടക്കമാണു സ്മാര്‍ട്ട് സിറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിജ്ഞാന വ്യവസായ രംഗത്തു പ്രവര്‍ത്തിക്കുന്ന രാജ്യാന്തര - പ്രാദേശിക കമ്പനികളുടെ ലക്ഷ്യസ്ഥാനമായി വിഭാവനം ചെയ്തിരിക്കുന്ന സ്മാര്‍ട്ട് സിറ്റി അഞ്ചര വര്‍ഷം കൊണ്ടു പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍പ്പെടുത്തി നിര്‍മിക്കുന്ന പവലിയന്‍റെ നിര്‍മാണത്തിനാണു മുഖ്യമന്ത്രി ഇന്നലെ തുടക്കമിട്ടത്. സ്മാര്‍ട്ട് സിറ്റി എന്ന ആശയത്തിന്‍റെ പ്രതീകവത്കരണമാണു പവലിയന്‍. ആറായിരം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഈ എക്സ്പീരിയന്‍സ് പവലിയനില്‍ ആയിരിക്കും കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ മാനെജ്മെന്‍റ് ഓഫിസ്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ, പദ്ധതിയുടെ ഭരണനിര്‍വഹണ വിഭാഗത്തിന്‍റെ പ്രവര്‍ത്തനകേന്ദ്രം ഇവിടേക്കു മാറും.
കേവലം ഒരു ഐടി പദ്ധതിയെക്കാളുപരി, കേരളത്തിന്‍റെ സാമ്പത്തിക മേഖലയെ അടുത്ത ഘട്ടത്തിലേക്കു നയിക്കുകയും ഗണ്യമായ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന മുന്നേറ്റമാണു സ്മാര്‍ട്ട് സിറ്റിയെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിക്ഷേപ സൗഹൃദ സംസ്ഥാനമായ കേരളത്തില്‍ ഇത്തരം പദ്ധതികള്‍ സാക്ഷാത്കരിക്കപ്പെടുമെന്നുള്ള സുപ്രധാന സന്ദേശമാണു കൊച്ചി സ്മാര്‍ട്ട് സിറ്റി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ സ്മാര്‍ട്ട് സിറ്റിക്കു തുടക്കമിട്ടതു താനാണെന്നു ചടങ്ങില്‍ പങ്കെടുത്ത ഐടി - വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. സ്മാര്‍ട്ട് സിറ്റി അധികൃതര്‍ വിഭാവനം ചെയ്തിരിക്കുന്ന സമയക്രമത്തിനകം പദ്ധതി പൂര്‍ത്തീകരിക്കപ്പെടുമെന്നു തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്മാര്‍ട്ട് സിറ്റി കൊച്ചി പവലിയന്‍റെ നിര്‍മാണോദ്ഘാടനം പദ്ധതിയുടെ നിര്‍ണായക നാഴികക്കല്ലാണെന്നു ടീകോം ഇന്‍വെസ്റ്റ്മെന്‍റ് ഗ്രൂപ്പ് സിഇഒ അബ്ദുള്‍ ലത്തീഫ് അല്‍മുല്ല പറഞ്ഞു. സ്വാശ്രയ ടൗണ്‍ഷിപ്പെന്ന ഈ ആശയം കൊച്ചിയുടെ സാമ്പത്തിക തൂണുകളിലൊന്നാകും. വിവര സാങ്കേതിക വിദ്യയിലും മാധ്യമാധിഷ്ഠിത സേവനങ്ങളിലും ഊന്നല്‍ നല്‍കുന്ന കേന്ദ്രമായി ഇതു മാറുമെന്നും അദ്ദേഹം പറഞ്ഞു.
എക്സൈസ് മന്ത്രി കെ. ബാബു, പൊതുമരാമത്തു മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, എം.എ. യൂസഫലി, സ്മാര്‍ട്ട് സിറ്റി ഇന്ത്യ എംഡി ബാജു ജോര്‍ജ്, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചടങ്ങിനു മുന്‍പു നടന്ന ഡയറക്റ്റര്‍ ബോര്‍ഡ് യോഗത്തില്‍, പദ്ധതി സംബന്ധിച്ചും പദ്ധതി പ്രദേശത്തിന്‍റെ സെസ് പദവി സംബന്ധിച്ചും ചര്‍ച്ച നടന്നു. ആദ്യ കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മാണം, മാസ്റ്റര്‍ പ്ലാന്‍, കോസ്റ്റ് കണ്‍സള്‍ട്ടന്‍റ് എന്നിവരുടെ നിയമനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയായിരുന്നു യോഗത്തിന്‍റെ പ്രധാന അജന്‍ഡ.
Close...
Maximum Character Allowed -
4000